(650) വൃദ്ധയുടെ അത്യാർത്തി
പണ്ടുപണ്ട്, ഒരു നാട്ടിലെ വൃദ്ധ ചന്തയിൽ നിന്നും കുറെ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. നല്ലൊരു കോഴിക്കൂടും പണിത് അവറ്റകളെ നന്നായി പരിപാലിച്ചു പോന്നു. കോഴികൾ വലുതായി. അതിൽ, ഒരു പിടക്കോഴി മാത്രം മുട്ടയിടാൻ തുടങ്ങി. എന്നാൽ, മറ്റു പിടക്കോഴികളൊന്നും മുട്ടയിടുന്നില്ല.
അതിനിടയിൽ, ഏതാനും പൂവൻകോഴികൾ നീട്ടി കൂവുന്നതു കണ്ടപ്പോൾ വൃദ്ധ ചിന്തിച്ചു - തനിക്കു മുട്ട തരാൻ ശേഷിയില്ലാത്ത ഇതിനെയൊക്കെ എന്തിനു തീറ്റിപ്പോറ്റണം?
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓരോ പൂവൻകോഴിയെയും കൊന്നു തിന്നുകൊണ്ടിരുന്നു. പിന്നെ, മുട്ടയിടാത്ത പിടക്കോഴികളെ വൃദ്ധ ശപിച്ചു കൊണ്ടിരുന്നു. കുറെ കഴിഞ്ഞ് പിടക്കോഴികളെയും ഓരോന്നായി കറിവച്ചു.
അങ്ങനെ, വൃദ്ധയ്ക്ക് ഇപ്പോൾ ഒരു പിടക്കോഴി മാത്രമായി. എല്ലാ ദിവസവും ഓരോ മുട്ട ആ സ്ത്രീക്കു കിട്ടിക്കൊണ്ടിരുന്നു.
പിന്നെയും വൃദ്ധയുടെ അത്യാർത്തി അടങ്ങാതെ പിറുപിറുത്തു -
"ഈ കോഴിക്ക് തീറ്റി കൂടുതൽ കൊടുത്താൽ ദിവസം രണ്ടു മുട്ട കിട്ടാനിടയുണ്ട്"
ഏതു നേരവും ആ കോഴിക്ക് തീറ്റി കൊടുക്കുന്നതിലായി പിന്നെ ശ്രദ്ധ. ക്രമേണ, കോഴി തടിച്ചു കൊടുത്തു. മുട്ട രണ്ടെണ്ണം കിട്ടുന്നതിനു പകരം, ദിവസവും ഒന്നു പോലും കിട്ടാതായി.
പോഷകസമൃദ്ധമായ കോഴിത്തീറ്റയുടെ കുറവുകൊണ്ടാണെന്നു വിചാരിച്ച് ചന്തയിൽ നിന്നും വാങ്ങി അതും കൊടുത്തു നോക്കി. വണ്ണം കൊണ്ട് കോഴിക്കു നടക്കാൻ പോലും മടിയായി. പിന്നെ മുട്ടയിടുന്നതു നിന്നു. അവസാനം, ആ കോഴിയെയും വൃദ്ധ കൊന്നു തിന്നു.
ഗുണപാഠം - അത്യാർത്തി നഷ്ടത്തിലും ആപത്തിലും കലാശിക്കും
Written by Binoy Thomas, Malayalam eBooks - 650- Aesop - 71 PDF -https://drive.google.com/file/d/1m-m6Z0kgXSA9okmyGiuV6Pao-Xs34T3L/view?usp=drivesdk
Comments