(652) ചെന്നായും വളർത്തുനായും
കാടിനോടു ചേർന്നു കിടക്കുന്ന പ്രദേശമായിരുന്നു അത്. അതിനാൽ വന്യ മൃഗങ്ങളുടെ ശല്യം കൃഷിയിടങ്ങളിൽ പതിവായിരുന്നു.
അതു കൊണ്ട്, തോട്ടത്തിൻ്റെ ഉടമ ഒരു കാവൽമാടം ഉണ്ടാക്കി അതിനുള്ളിൽ തൻ്റെ വളർത്തുനായയെ അടച്ചിടും. രാത്രിയിൽ മൃഗങ്ങൾ വന്നാൽ അവൻ ശക്തിയായി കുരയ്ക്കും. അതുകേട്ട്, മൃഗങ്ങൾ സാധാരണയായി അവിടം വിടും. അഥവാ, പോയില്ലെങ്കിൽ യജമാനൻ തോക്കുമായി വന്ന് വെടി പൊട്ടിക്കുമ്പോൾ അവറ്റകൾ ഒഴിഞ്ഞു പോകും.
പക്ഷേ, ഒരു രാത്രിയിൽ- നായ മുകളിൽ നിന്നും താഴേക്കു ചാടി പറമ്പിലൂടെ നടന്ന് ക്ഷീണിച്ചപ്പോൾ കാവൽമാടത്തിനു താഴെ കിടന്നുറങ്ങി. അന്നേരം ഒരു ചെന്നായ അവൻ്റെ തൊട്ടു മുന്നിലെത്തി. അത്, അവനെ കടിച്ചു തിന്നാനായി ഒരുങ്ങിയപ്പാൾ വളർത്തുനായ പറഞ്ഞു - "ഞാൻ ഇപ്പോൾ മെലിഞ്ഞ് ക്ഷീണിതനാണ്. അടുത്ത ഒരു മാസം നീണ്ടു നിൽക്കുന്ന കല്യാണം എൻ്റെ യജമാനൻ്റെ വീട്ടിൽ നടക്കുകയാണ്. അന്നേരം, ഞാൻ തടിച്ചുകൊഴുക്കും. നിനക്ക് അതൊരു നല്ല ശാപ്പാടാകും. മാത്രമല്ല, എനിക്ക് കൊതി തീരുവോളം ഇറച്ചി തിന്നിട്ട് ചാകാമല്ലോ ''
നായുടെ നിർദ്ദേശം നല്ലതാണെന്നു ചെന്നായ്ക്കു തോന്നിയതിനാൽ അതു മടങ്ങി. പിന്നെ, ഒരു മാസം കഴിഞ്ഞ് ചെന്നായ വന്നപ്പോൾ അടച്ചിട്ട കാവൽമാടത്തിനുള്ളിലെ കിളിവാതിലിലൂടെ താഴേക്കു നോക്കി നായ പറഞ്ഞു - "എനിക്ക് ഒരു തെറ്റുപറ്റി. ഞാൻ ശ്രദ്ധയില്ലാതെ താഴെയിറങ്ങി കിടന്നതിനാലാണു നിൻ്റെ മുന്നിൽ അകപ്പെട്ടത്. അതു ഞാൻ തിരുത്തി"
ചെന്നായ നാണംകെട്ടു സ്ഥലം വിട്ടു.
ഗുണപാഠം - ഒരു തെറ്റ് പറ്റിയാൽ അത് സമ്മതിക്കുകയും അതുതന്നെ പിന്നീട് ആവർത്തിക്കാതെയും ശ്രദ്ധിക്കണം.
Written by Binoy Thomas, Malayalam eBooks - 652-Aesop-72-PDF-https://drive.google.com/file/d/1fbK2PIKv_U6HBDLZUBq1KsmOFO_qfJYt/view?usp=drivesdk
Comments