(658) കാക്കയുടെ അതിമോഹം
ഒരിക്കൽ, വലിയ കഴുകൻ ആകാശത്ത് വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. ആട്ടിൻപറ്റത്തിലെ ഒരു കുഞ്ഞാട് കൂട്ടം തെറ്റി മാറിയ സമയത്ത് കഴുകൻ അതിനെ റാഞ്ചിയെടുത്തു.
ഇതെല്ലാം നോക്കിക്കൊണ്ട് ഒരു കാക്ക മരക്കൊമ്പിൽ ഇരിപ്പുണ്ടായിരുന്നു. തനിക്കും കൂർത്ത നഖങ്ങൾ ഉണ്ടല്ലോ. എന്നും ഇങ്ങനെ അഴുക്കായ ആഹാരങ്ങൾ കൊത്തിപ്പെറുക്കിയാൽ മതിയോ? ഒരു മാറ്റം അനിവാര്യമാണ്. ഈ വിധത്തിൽ ചിന്തിച്ച് ഒരു ആട്ടിൻ കുഞ്ഞിനെ നോട്ടമിട്ടു.
കഴുകൻ കാട്ടിയതുപോലെ വട്ടമിട്ടു പറന്ന് കൂർത്ത നഖങ്ങൾ വച്ച് കൊച്ചു ചെമ്മരിയാടിൻ്റെ പുറത്തേക്കു പറന്നിറങ്ങി. പിന്നെ, കഴുകനെപ്പോലെ ഉയരാൻ ശ്രമിച്ചു. പക്ഷേ, ആടിൻ്റെ രോമത്തിനിടയിൽ കാലിൽ കയർ കെട്ടിയ മാതിരി കാക്ക കുടുങ്ങി.
ആടുകൾ ഇതു കണ്ട് കരഞ്ഞപ്പോൾ ആട്ടിടയൻ കാക്കയെ വടി കൊണ്ട് അടിച്ചു കൊന്നു!
ഗുണപാഠം - കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ.
Written by Binoy Thomas, Malayalam eBooks - 658- Aesop story series - 78 PDF -https://drive.google.com/file/d/19mB4-mrLz10S1sAhQfYv2MP1lChQYlKK/view?usp=drivesdk
Comments