(661) കുതിരയുടെ മുടന്ത്
സിൽബാരിപുരംരാജ്യം വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന സമയം. അതൊരു വലിയ രാജ്യമായിരുന്നു. അവിടെയുള്ള പ്രഭുക്കന്മാരുടെയും കച്ചവടക്കാരുടെയും കത്തുകളും ദൂതുകളും കുറിമാനങ്ങളും മറ്റും ദൂരെ ദിക്കിലേക്ക് എത്തിച്ചിരുന്നത് കുതിരപ്പുറത്തായിരുന്നു.
സമയ ലാഭത്തിനായി കാടിനുള്ളിലൂടെയുള്ള പാതകളും കുതിരക്കാരെല്ലാം സ്വീകരിക്കുന്നതു പതിവാണ്. അക്കൂട്ടത്തിൽ ഏറ്റവും അധികമായി ജോലി ചെയ്തിരുന്നത് രാമുവിൻ്റെ കുതിരയായിരുന്നു.
ഒരിക്കൽ, രാമുവും കുതിരയും കാട്ടുവഴിയിലെ കുഴിയിൽ വീണു. കുതിരയുടെ കാലൊടിഞ്ഞു. അവനും പരിക്കുപറ്റി. പിന്നെ, രാമുവിൻ്റെ ജീവിതം ദുരിതമായി. മുടന്തുള്ള കുതിരയെ ആരും വിളിക്കാതെയായി. വരുമാനം നിലച്ചു പട്ടിണിയായി.
പിന്നെയും പല കുതിരകൾ കുഴിയിൽ വീണപ്പോഴാണ് അത് ആളുകളെ അപായപ്പെടുത്താൻ ഏതോ കൊള്ളസംഘം ഉണ്ടാക്കുന്ന കിടങ്ങാണെന്ന് രാജാവിനു മനസ്സിലായത്.
രാജാവ് തൻ്റെ സേനയിലെ മികച്ച കുതിരപ്പടയാളികളെ ഒളിസങ്കേതം കണ്ടു പിടിക്കാൻ വിട്ടെങ്കിലും അവയെല്ലാം കുഴിയിൽ വീണു.
ഇതറിഞ്ഞ് രാമു തൻ്റെ മുടന്തൻ കുതിരയുമായി കാട്ടിലേക്കു പോയി. അവൻ തിരികെ കൊട്ടാരത്തിലെത്തിയത് കൊള്ളക്കാരുടെ കൊടും കാട്ടിലെ ഒളിസങ്കേതം കണ്ടുപിടിച്ചിട്ടായിരുന്നു. അതിൻ പ്രകാരം രാജാവ് വേറെ വഴിയിലൂടെ നൂറു ഭടന്മാരെ അയച്ച് അവരെയെല്ലാം കൊന്നൊടുക്കി.
അതിനുശേഷം, രാജാവ് രാമുവിനെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു.
"എൻ്റെ സൈന്യത്തിലെ മിടുക്കുള്ള കുതിരകൾ വീണിടത്ത്, നീ എങ്ങനെയാണ് മുടന്തൻ കുതിരയുമായി കുഴിയിൽ വീഴാതെ കാട്ടിലൂടെ അത്രയും ദൂരം സഞ്ചരിച്ചത്?"
"അല്ലയോ, രാജാവേ, ഞാനും എൻ്റെ കുതിരയും ഒരു തവണ കൊള്ളക്കാരുടെ കുഴിയിൽ വീണതാണ്. അന്ന്, കുതിരയുടെ കാലും ഒടിഞ്ഞു. അതുകൊണ്ടുതന്നെ എൻ്റെ കുതിര വളരെ ശ്രദ്ധിച്ചു മാത്രമേ ഓരോ ചുവടും വയ്ക്കൂ. അങ്ങനെ, എല്ലാ കിടങ്ങുകളും അതിന് ഒഴിവാക്കാൻ പറ്റി"
രാജാവ് പറഞ്ഞു - "എനിക്ക് ആ കുതിരയെ ഓർത്ത് വളരെ അഭിമാനം തോന്നുന്നു. അതിനാൽ, നിങ്ങൾക്ക് സുഖമായി ഇനിയുള്ള കാലം കഴിയാൻ ആയിരം സ്വർണ്ണനാണയം ഖജനാവിൽ നിന്നും അനുവദിച്ചിരിക്കുന്നു''
ഗുണപാഠം - ജീവിതത്തിലെ പലതരം കുഴികളിൽ വീണത് നമ്മുടെ കുഴപ്പമല്ല പക്ഷേ, രണ്ടാമതും അതേ തരത്തിലുള്ള വീഴ്ച നമ്മുടെ കുറ്റം കൊണ്ടാണ്.
Written by Binoy Thomas, Malayalam eBooks -661- Nanmakal -33 PDF -https://drive.google.com/file/d/1S_h2L1VLHIgdBJL-ktwsPqKjIAYAfN7y/view?usp=drivesdk
Comments