(662) കറുത്ത നിറം

 വിക്രമൻ രാജാവ് സിൽബാരിപുരംദേശം വാണിരുന്ന കാലം. രാജാവിന് ഒരു ഉണ്ണി പിറന്നു. ഏകദേശം പത്തു വയസ്സായപ്പോൾ കൊച്ചു രാജകുമാരന് കണ്ണിന് ഒരു ദീനം പിടിപെട്ടു. പ്രകാശം കാണുമ്പോൾ കണ്ണിന് വല്ലാത്ത ബുദ്ധിമുട്ടും തലവേദനയും തുടങ്ങി അവൻ കരയാൻ തുടങ്ങും.

ആ രാജ്യത്തെ പല വൈദ്യന്മാർ ചികിത്സിച്ചിട്ടും ഫലം കണ്ടില്ല. പിന്നീട്, വിദൂര ദേശമായ കോസലപുരം രാജ്യത്തു നിന്നും ഒരു വൈദ്യനെ വിളിച്ചു വരുത്തി.

അദ്ദേഹം രാജകുമാരനെ പരിശോധിച്ച ശേഷം ചില മരുന്നുകൾ കൊടുത്തു. അതിനു ശേഷം പറഞ്ഞു - "കുമാരൻ ഇരുണ്ട നിറമോ കറുപ്പു നിറമോ ആയിരിക്കണം കണ്ണിൽ കാണേണ്ടത്. സൂര്യപ്രകാശം നേരിട്ടു കാണാതെ നോക്കണം. ഞാൻ ഒരു വർഷത്തിനു ശേഷം വീണ്ടും വന്നു കൊള്ളാം. മരുന്നും മുടക്കാൻ പാടില്ല"

വൈദ്യൻ മടങ്ങിപ്പോയി. അന്നു തന്നെ കൊട്ടാരത്തിലെ തിരശ്ശീലകളും തുണികളും കറുപ്പു നിറമാക്കി. കൊട്ടാരത്തിലെ ആളുകൾ കറുത്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളൂ. ഭിത്തികളിൽ കറുത്ത ചായമടിച്ചു. ഉപകരണങ്ങളും പാത്രങ്ങളുമെല്ലാം കറുത്തതാക്കി.

ചുരുക്കത്തിൽ, കൊട്ടാരമാകെ പേടിപ്പിക്കുന്ന ഒന്നായി മാറി. കൊട്ടാര വാസികൾക്ക് വല്ലാത്ത വിമ്മിട്ടം അനുഭവപ്പെട്ടു. ഒരു വർഷം കഴിഞ്ഞ് വൈദ്യൻ അവിടെയെത്തിയപ്പോൾ എവിടെയും കറുപ്പു നിറം കണ്ട് ഞെട്ടി.

അദ്ദേഹം രാജാവിനോടു പറഞ്ഞു - "ഒരു കറുത്ത കണ്ണട, കുമാരൻ വച്ചാൽ തീരാവുന്ന കാര്യത്തിനാണ് രാജാവ് എല്ലാവരെയും കറുപ്പു കാണിച്ചത്!"

ഗുണപാഠം - വ്യക്തിപരമായ ആവശ്യങ്ങളെ സമൂഹത്തിൻ്റെ മുഴുവൻ പ്രശ്നമാക്കി മാറ്റരുത്. സ്വന്തം സുഖദുഃഖങ്ങൾ മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടാൻ പാടില്ല.

Written by Binoy Thomas, Malayalam eBooks - 662- Thinmakal - 35 PDF -https://drive.google.com/file/d/16NhD45_Mx-NtTtFPp8VdhX1Drl0Rf_UM/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍