(673) പൊന്മുട്ടയിടുന്ന താറാവ്
ഒരു കർഷകൻ വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഒരു ദിവസം അയാൾ വീടിൻ്റെ വരാന്തയിൽ വിഷമിച്ച് ഇരുന്ന സമയത്ത് അപരിചിതനായ ആൾ വന്ന് ഒരു താറാവിനെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു -
"ഈ താറാവിനെ സംരക്ഷിച്ചാൽ അത് നിങ്ങളെയും സംരക്ഷിക്കും"
അയാൾ ഗോതമ്പ് കഞ്ഞി ഉണ്ടാക്കി കുടിക്കാൻ വച്ചിരുന്ന ഗോതമ്പുമണികൾ താറാവിനു കൊടുത്തു. അന്നേരം, അയാൾ അത്താഴപ്പട്ടിണി കിടന്നു. അടുത്ത ദിനം, രാവിലെ നോക്കുമ്പോൾ താറാവിൻ്റെ കീഴിലായി സ്വർണ നിറമുള്ള മുട്ട കണ്ടു. അതൊരു സ്വർണമുട്ടയായിരുന്നു!
എല്ലാ ദിവസവും അയാൾക്ക് ഓരോ സ്വർണ്ണ മുട്ട ലഭിച്ചുകൊണ്ടിരുന്നു. അതെല്ലാം ആഭരണ വ്യാപാരിക്ക് കൊടുത്ത് കർഷകൻ സമ്പന്നനായി. ദരിദ്രനായതിനാൽ അതുവരെ വിവാഹം ചെയ്തിരുന്നില്ല. എന്നാൽ, സമ്പത്തുവന്നതോടെ കല്യാണവും കഴിഞ്ഞു.
ഒരു ദിവസം, ദുരാഗ്രഹിയായ ഭാര്യ പറഞ്ഞു - "നമ്മൾ ഓരോ ദിവസവും ഓരോ മുട്ട നോക്കി ഇരിക്കാതെ ഈ താറാവിൻ്റെ വയറു കീറി എല്ലാം കൂടി ഒരുമിച്ച് എടുക്കാം''
അയാൾ അങ്ങനെ ചെയ്തപ്പോൾ വയറ്റിൽ നിന്നും ഒരു മുട്ട പോലും കിട്ടിയില്ല! മാത്രമല്ല, താറാവ് ചത്തു പോകുകയും ചെയ്തു!
അയാൾ കരയാൻ തുടങ്ങി. ഉടൻ, താറാവിനെ ഏൽപ്പിച്ച അപരിചിതൻ അവിടെത്തി. താറാവിൻ്റെ മുറിവിൽ മരുന്നു കെട്ടി അതിനെ ജീവിപ്പിച്ചു. ഉടൻ, കർഷകൻ വീണ്ടും താറാവിനായി കൈകൾ നീട്ടി.
അപ്പോൾ, അപരിചിതൻ പറഞ്ഞു - "ദുരാഗ്രഹിയായ മനുഷ്യാ, ഇതിനെ സംരക്ഷിക്കാൻ കഴിയാത്ത നിനക്ക് താറാവിനെയും ഇതുമൂലം ഉണ്ടായ സമ്പത്തും ഇപ്പോൾ മുതൽ നഷ്ടമാകും!"
ഗുണപാഠം - അത്യാഗ്രഹം ആപത്തിലേ കലാശിക്കൂ.
Written by Binoy Thomas, Malayalam eBooks - 673- Aesop - 89 PDF -https://drive.google.com/file/d/1dTJQKsfGCUYzULQ5EN15x7xUi1neCljP/view?usp=drivesdk
Comments