(677) ചുണ്ടെലിയുടെ സാഹസങ്ങൾ
ഒരു സന്യാസി ഗുഹയ്ക്കുള്ളിൽ ഇരുന്ന് ധ്യാനിക്കുകയായിരുന്നു. അന്നേരം ഒരു ചുണ്ടെലി അതിവേഗത്തിൽ ഗുഹയിലേയ്ക്ക് ഓടിക്കയറി. അത്, പിടിവിട്ട് സന്യാസിയുടെ മടിയിലേക്കു വീണു.
സന്യാസി കണ്ണു തുറന്നപ്പോൾ എലി പറഞ്ഞു - "എന്നോടു ദയവുണ്ടാകണം, ഒരു പൂച്ച കാരണം, എനിക്കു ജീവിക്കാൻ വയ്യാതായിരിക്കുന്നു. എന്നെ അങ്ങയുടെ സിദ്ധി കൊണ്ട് ഒരു പൂച്ചയാക്കിയാലും!"
സന്യാസിക്ക് അലിവു തോന്നി എലിയെ പൂച്ചയാക്കി മാറ്റി. കുറച്ചു കഴിഞ്ഞ് എലിപ്പൂച്ച പിന്നെയും ഗുഹയിലേക്ക് ഓടിക്കയറി.
"എന്നെ ഇപ്പോൾ ഒരു ചെന്നായ ഓടിച്ചു. ദയവായി ചെന്നായ ആക്കി മാറ്റാൻ കനിവുണ്ടാകണം''
ആ ആഗ്രഹവും സന്യാസി സാധിച്ചു കൊടുത്തു. ചെന്നായ കാട്ടിലേക്ക് ഇറങ്ങിയപ്പോൾ ഒരു പുലി ആക്രമിക്കാനായി ഓടിച്ചു. അവൻ പുലിയായി മാറാനുള്ള അനുഗ്രഹവും നേടി.
പുലിയായി വിലസുമ്പോൾ നാട്ടുകാർ വിളിച്ചു കൂവുന്നതു കേട്ടു - "ഈ പുലി വെറും എലിയാണ്. സന്യാസിയുടെ വിദ്യകൊണ്ട് പുലിയായി നമുക്കു തോന്നുന്നുവെന്നേ ഉള്ളൂ"
ഉടൻ, എലിപ്പുലിക്ക് ദേഷ്യം ഇരച്ചു കയറി. തൻ്റെ ശക്തി നാട്ടുകാരെ കാട്ടിക്കൊടുക്കണം. ശക്തിമാനായ സന്യാസിയെ കൊന്നു തിന്നണം. അകലെ നിന്നും പുലിയുടെ ശൗര്യമുള്ള വരവു കണ്ടപ്പോൾ സന്യാസിക്ക് കാര്യം മനസ്സിലായി.
അദ്ദേഹം കയ്യുയർത്തി പുലിയെ ശപിച്ചപ്പോൾ പുലി എലിയായി മാറി!എലി പേടിച്ചു വിറച്ച് കാട്ടിലൊളിച്ചു.
ഗുണപാഠം - സഹായിച്ചവരെ ഉപദ്രവിക്കാൻ ഒരിക്കലും ശ്രമിക്കരുതേ!
Written by Binoy Thomas, Malayalam eBooks - 677- Aesop - 93 PDF -https://drive.google.com/file/d/1P16hbtOflV85jTM9kFAsWU9soMkO3gSM/view?usp=drivesdk
Comments