(678) ബീർബലിൻ്റെ മാന്ത്രിക വടി
ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ഒരു മോഷണം നടന്നു. അക്ബർ, ബീർബലിനെ വിളിച്ച് കള്ളന്മാരെ കുടുക്കാനുള്ള ഉപായം തേടി.
കളവു നടന്ന മുറിയിൽ ബീർബൽ കയറി. ഈ മുറിയിൽ കയറുന്ന ഏതെങ്കിലും ഭൃത്യനായിരിക്കും കള്ളനെന്ന് ബീർബലിനു മനസ്സിലായി.
അന്നേരം, സംശയം തോന്നിയ പത്തു ഭൃത്യന്മാരെ കൊട്ടാര മുറ്റത്ത് ബീർബൽ നിരത്തി നിർത്തി. അതിനു ശേഷം, ഒരേ നീളമുള്ള ചൂരൽ വടി ഓരോ ആളിനും ഒന്നു വീതം നൽകി.
അദ്ദേഹം പറഞ്ഞു - "ഇതൊരു മാന്ത്രിക വടിയാണ്. ഈ വടി ആരും കാണാതെ കട്ടിലിൻ്റെ അടിയിൽ സൂക്ഷിക്കണം. നിങ്ങളിൽ മോഷണം നടത്തിയ ആളിൻ്റെ വടി മാത്രം ഒരിഞ്ച് നീളം ഇന്നു പാതിരാത്രിയിൽ കൂടിയിരിക്കും. ഈ വടി നാളെ രാവിലെ ഞാൻ പരിശോധിക്കും"
ഭൃത്യന്മാർ അവരുടെ മുറിയിലേക്കു മടങ്ങി. അടുത്ത ദിവസം രാവിലെ വടി പരിശോധിച്ചപ്പോൾ ബീർബൽ ഒരുവനെ പിടികൂടി അക്ബർ ചക്രവർത്തിയെ ഏൽപ്പിച്ചു.
അക്ബർ ആശ്ചര്യപ്പെട്ടു - "ബീർബൽ, താങ്കൾ എങ്ങനെയാണ് കള്ളനെ മനസ്സിലാക്കിയത് ?"
"മഹാരാജൻ, മാന്ത്രിക വടിക്ക് ഒരിഞ്ച് നീളം കൂടുമെന്നു വിചാരിച്ച് യഥാർഥ കള്ളൻ അവൻ്റെ വടിക്ക് ഒരിഞ്ച് നീളം മുറിച്ചതിനു ശേഷമാണ് ഇപ്പോൾ കൊണ്ടുവന്നത്!"
ബീർബലിൻ്റെ യുക്തിയിൽ അക്ബർ ചക്രവർത്തി സംപ്രീതനായി.
Written by Binoy Thomas, Malayalam eBooks - 678- Birbal stories - 3 PDF -https://drive.google.com/file/d/174CR41nf0ez89vWZaefYdmgv0WDDNCBL/view?usp=drivesdk
Comments