(681) ശിഷ്യൻ്റെ യുദ്ധം
ഒരു കാലത്ത്, സിൽബാരിപുരം ദേശത്തെ പ്രധാന ഗുരുവിനെ തേടി ദൂരെ ദിക്കിൽ നിന്നു പോലും ശിഷ്യന്മാർ എത്തിയിരുന്നു. കാരണം, അദ്ദേഹത്തിന് പലതരം ആയോധനകലകൾ അറിയാമായിരുന്നു.
അക്കൂട്ടത്തിൽ, ഏതാനും വർഷങ്ങൾ വളരെ എളിമയോടെ ഗുരുവിൻ്റെ ആശ്രമത്തിൽ താമസിച്ച് വിവിധ അഭ്യാസങ്ങൾ പഠിച്ച സാമർഥ്യമുള്ള ഒരു ശിഷ്യനുണ്ടായിരുന്നു. അവൻ പരിശീലനങ്ങൾ പൂർത്തിയാക്കിയ ശേഷം, പല നാടുകളിലും പോയി മൽസരങ്ങളിൽ ഏർപെട്ടു.
ക്രമേണ, പണവും പ്രശസ്തിയും അവനെ തേടിയെത്തിയപ്പോൾ അതിനൊപ്പം അഹങ്കാരവും പൊങ്ങച്ചവും കൂടെയുണ്ടായി.
കുറെ വർഷങ്ങൾക്കു ശേഷം, സിൽബാരിപുരത്തും അവൻ വന്നെത്തി. എന്നാൽ, ഈ ദേശത്തെ പൂർണ വിജയം നേടണമെങ്കിൽ സ്വന്തം ഗുരുവിനെ തോൽപ്പിച്ചേ മതിയാകൂ.
അവൻ പഴയതൊക്കെ മറന്ന് ഗുരുവിനെതിരെ പോർവിളി മുഴക്കി. എന്നാൽ, ശിഷ്യൻ്റെ അഹങ്കാരം നശിപ്പിക്കണമെന്ന് അദ്ദേഹവും തീരുമാനിച്ചു. അതിനായി ഒരാഴ്ച കഴിഞ്ഞുള്ള ദിവസവും തീരുമാനമായി.
ഗുരു എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിക്കുന്നതെന്ന് അറിയാനായി ശിഷ്യൻ രഹസ്യമായി അദ്ദേഹത്തെ പിൻതുടർന്നു. വലിയ വലിപ്പമുള്ള അമ്പുകൾ കൊള്ളുന്ന ആവനാഴി പണിയാൻ അദ്ദേഹം കൊല്ലനെ സമീപിച്ചു.
വലിയ അമ്പു തൊടുത്ത് തന്നെ വധിക്കാനുള്ള ഗുരുവിൻ്റെ പദ്ധതിയാണ് ഇതെന്ന് ശിഷ്യനു തോന്നി. അതുപോലൊന്ന് ശിഷ്യനും വേറെ സ്ഥലത്ത് പണിയിച്ചു. അങ്ങനെ, ആ ദിനം വന്നെത്തി.
ഗുരുവും ശിഷ്യനും നേർക്കുനേർ നിലകൊണ്ടു. ആക്രമണത്തിനുള്ള പെരുമ്പറ മുഴങ്ങി.
രണ്ടു പേരും ആവനാഴിയിൽ നിന്ന് അമ്പെടുത്ത് തൊടുത്തു. പക്ഷേ, ഗുരുവിനായിരുന്നു വേഗം! കാരണം, അദ്ദേഹത്തിൻ്റെ വലിയ ആവനാഴിയിൽ നിറയെ ചെറിയ ശരങ്ങളായിരുന്നു. അതേസമയം, ശിഷ്യൻ്റെ ആവനാഴിയും അസ്ത്രവും ഒരു പോലെ വലുതാകയാൽ അതു തൊടുക്കാൻ നേരിയ താമസം നേരിട്ടു.
അങ്ങനെ, ശിഷ്യൻ ശരമേറ്റ് നിലംപതിച്ചു!
ഗുണപാഠം - പിന്നിട്ട പാദമുദ്രകൾ വിസ്മരിക്കരുത്. എല്ലാ നേട്ടങ്ങൾക്കു പിന്നിലും ആരുടെയെങ്കിലും പിന്തുണ പണ്ടു കിട്ടിയിട്ടുണ്ടെന്ന് വിചാരിക്കണം.
Written by Binoy Thomas, Malayalam eBooks - 681-folk tales - 39, PDF-https://drive.google.com/file/d/1kobz05aMjwUu8BGnF8Q7hXQaZFZ5bWE7/view?usp=drivesdk
Comments