(684) കഴുതയും പരാതികളും
ഒരിക്കൽ, സാധനങ്ങൾ വാങ്ങാനായി പരമസാധുവായ ഒരു വീട്ടുകാരനും മകനും കൂടി ചന്തയിലേക്കു പോകുകയായിരുന്നു. തിരികെ വരുമ്പോൾ ചുമട് ചുമക്കാനായി അവരുടെ കഴുതയും കൂടെയുണ്ടായിരുന്നു.
അങ്ങനെ, നടന്നു പോകുമ്പോൾ ഒരു വഴിപോക്കൻ പറഞ്ഞു - ''കുട്ടിയെ കഴുതപ്പുറത്ത് ഇരുത്തിയാൽ ഈ വഴിയിലെ കല്ലും മുള്ളും അവൻ്റെ കാലിൽ കൊള്ളില്ല"
വീട്ടുകാരൻ അങ്ങനെ ചെയ്തു. കഴുതപ്പുറത്തു കുട്ടി വരുന്നതു കണ്ട്, പാതയോരത്ത് ഇരുന്നയാൾ പറഞ്ഞു - "ഹ! അപ്പനെ നടത്തിയിട്ട് മകൻ ബഹുമാനമില്ലാതെ കഴുത സവാരി നടത്തുന്നു"
ഉടൻ, മകനെ താഴെയിറക്കി അപ്പൻ കഴുതപ്പുറത്ത് യാത്ര തുടങ്ങി. കുറെ ദൂരം ചെന്നപ്പോൾ എതിരെ വന്ന ഒരു സ്ത്രീ പറഞ്ഞു - "താൻ എന്തൊരു ക്രൂരനാണ്? പാവം കുട്ടി"
അന്നേരം, കുട്ടിയെ വീണ്ടും കയറ്റി അവർ രണ്ടു പേരും കൂടി കഴുതപ്പുറത്തു യാത്ര തുടർന്നു. കുറച്ചു ദൂരം മാറിയപ്പോൾ ഒരു വൃദ്ധൻ പരിഹസിച്ചു - "പാവം കഴുത! നിങ്ങൾ രണ്ടു പേരെ ചുമക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നിങ്ങൾ രണ്ടു പേരും കൂടി ഈ കഴുതയെ ചുമക്കുന്നത്?"
ആ സാധു മനുഷ്യന് ഇതു പരിഹാസമാണെന്നു മനസ്സിലായില്ല. അയാളും മകനും കൂടി ബലമുള്ള വിറകു കഷണം വാങ്ങി കഴുതയുടെ കാലുകൾ കൂട്ടിക്കെട്ടി തലകീഴായി ചുമക്കാൻ നോക്കി. പക്ഷേ, കഴുതയുടെ ഭാരം കൂടുതലാകയാൽ രണ്ടു പേരും ആറ്റുതീരത്തു കുഴഞ്ഞു വീണു.
കഴുതയാകട്ടെ, പിടച്ചു വീണത് ആഴമുള്ള നദിയിലേക്ക്. കഴുത ഒഴുകി എങ്ങോട്ടോ പോയി.
ഗുണപാഠം - മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ജീവിക്കാൻ ശ്രമിച്ചാൽ പരാജയമാകും ഫലം.
Written by Binoy Thomas, Malayalam eBooks-684-Aesop fables-94 PDF-https://drive.google.com/file/d/1HQRUoV_Ce-EkFz8y0Cx9ZNj3WbY28qXe/view?usp=drivesdk
Comments