(695) കുട്ടികളും തവളകളും
ഒരു ദേശത്ത്, എന്നും വൈകുന്നേരമാകുമ്പോൾ മൈതാനത്ത് കുട്ടികളെല്ലാം ഒത്തുകൂടും. എന്നിട്ട്, പലതരം കളികളുടെ ബഹളമാണ്.
അതേ സമയം, അവരുടെ കളിക്കളത്തിനപ്പുറത്ത്, കുറെ സ്ഥലം കാടുപിടിച്ചു കിടപ്പുണ്ട്. അതിനുള്ളിൽ സാമാന്യം വലിയ കുളമുണ്ടായിരുന്നു.
കുളത്തിൽ നിറയെ തവളകളും കുഞ്ഞുങ്ങളും ഉണ്ടെങ്കിലും അവറ്റകളെ ശല്യം ചെയ്യാൻ ആരും അങ്ങോട്ടു ചെല്ലാറില്ല.
ഒരിക്കൽ, കുളത്തിനു ചുറ്റുമുള്ള പുല്ലുകൾക്കിടയിൽ കൊതുകുകളും പുൽച്ചാടികളും തിമിർത്തു നടക്കുന്ന സമയം. അന്നേരം, തവളകൾ കൂട്ടത്തോടെ കുളത്തിൽ നിന്നും പുറത്തേക്കു ചാടി മൽസരിച്ച് ഇവറ്റകളെ തിന്നുകൊണ്ടിരുന്നു.
അന്നേരം, കുട്ടികളുടെ പന്ത് പറന്നു വന്ന് പുൽക്കൂട്ടത്തിലേക്കു വീണു. പെട്ടെന്ന്, ഒരു കുട്ടി പന്തെടുക്കാൻ വന്നപ്പോൾ തവളക്കൂട്ടങ്ങളെ കണ്ടു കൂട്ടുകാരെ വിളിച്ചു - "എല്ലാവരും ഓടി വായോ. ഇത്രേം തവളകളെ ഞാൻ ആദ്യമായിട്ടാണു കാണുന്നത്!"
അവരെല്ലാം ഓടി വന്നയുടൻ, ഒരുവൻ അലറി - "എല്ലാറ്റിനെയും എറിഞ്ഞു മലർത്താം!''
അവർ തവളകളെ എറിയാനായി കല്ലെടുത്ത നിമിഷം, തവളകളുടെ നേതാവ് പറഞ്ഞു - "ഞങ്ങളെ ദയവായി ഉപദ്രവിക്കരുതേ. എന്തു ദോഷമാണ് നിങ്ങൾക്ക് ഞങ്ങൾ ചെയ്തത്? ഈ കുളത്തിലെ കൊതുകുകൂത്താടികളും വിരകളും കൃമികളും എല്ലാം ഞങ്ങൾ വിഴുങ്ങുമ്പോൾ കുളം ശുദ്ധമാകുന്നു. കരയിലെ കൊതുകുകളെ ഞങ്ങൾ നാക്കു നീട്ടി പിടിക്കുന്നു. അതിനാൽ, കൊതുകു പരത്തുന്ന രോഗങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കുന്നുണ്ടല്ലോ. ഈ വിധത്തിൽ ഗുണം ചെയ്യുന്ന ഞങ്ങളെ എറിയരുത്!"
കുട്ടികൾ അതു കേട്ടപ്പോൾ മനസ്സലിവു തോന്നി കല്ലുകൾ താഴെയിട്ടു.
ഗുണപാഠം - മനുഷ്യർ ചിലപ്പോൾ തമാശയായിട്ടോ നേരമ്പോക്കിനു വേണ്ടിയോ യാതൊരു വീണ്ടുവിചാരവുമില്ലാതെ ദുഷ്ചെയ്തികൾ പ്രകടിപ്പിക്കുന്നത് ഒഴിവാക്കണം.
Written by Binoy Thomas, Malayalam eBooks-695-Aesop fables-97 PDF-https://drive.google.com/file/d/1jsIdlsF3jjkAI_rsNaK6IKRnSddpLcNg/view?usp=drivesdk
Comments