(698) തവളയും സിംഹവും
ഒരിക്കൽ, കാട്ടിൽ കൊടും വരൾച്ച അനുഭവപ്പെട്ടതിനാൽ മൃഗങ്ങൾ ഒരിറ്റു വെള്ളത്തിനായി പരക്കം പാഞ്ഞു. കാടിൻ്റെ കിഴക്കുവശത്തിലൂടെ ഒഴുകുന്ന നദി മാത്രമായിരുന്നു എല്ലാവരുടെയും ഏക ആശ്രയം.
നദിയിലും വെള്ളം കുറവായിരുന്നു. മദ്ധ്യഭാഗത്ത്, ഒരു ചാലു കീറിയ പോലെ വെള്ളം മെല്ലെ ഒഴുകിയപ്പോൾ അവിടെ മൃഗങ്ങൾ ക്ഷമയോടെ കാത്തു നിന്നു. കാരണം, വലിയ മൃഗങ്ങൾ കുടിച്ചതിനു ശേഷമാകും ചെറിയവ അങ്ങോട്ടു വരിക.
എന്നാൽ, വരൾച്ചയൊന്നും ഒട്ടും ബാധിക്കാത്ത മട്ടിൽ ഒരു തവള പുഴ വെള്ളത്തിൽ ആഘോഷത്തിലായിരുന്നു. എല്ലാ മൃഗങ്ങളും വെള്ളത്തിനായി തൻ്റെ മുന്നിൽ വരുന്നതു കണ്ടപ്പോൾ അവൻ്റെ ശബ്ദം ഇരട്ടിച്ചു - "പോക്രോം...പോക്രോം...''
ഈ ശബ്ദം വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങൾക്ക് അരോചകമായി. പലരും അവനോടു ഇതേപ്പറ്റി പറഞ്ഞെങ്കിലും മറുപടി ഇപ്രകാരമായിരുന്നു - "ഞാൻ നിങ്ങളെ ശല്യം ചെയ്യാൻ അങ്ങോട്ടു വന്നതല്ല. നിങ്ങളെല്ലാം എന്നെ ശല്യം ചെയ്യാൻ വേണ്ടി ഇങ്ങോട്ടു വന്നിരിക്കുന്നു. മര്യാദയ്ക്ക് വെള്ളം കുടിച്ചിട്ടു സ്ഥലം വിട്ടോളൂ"
എന്നിട്ട്, തവള കൂടുതൽ ശബ്ദത്തിൽ അമറിക്കൊണ്ടിരുന്നു. കുറെ സമയം കഴിഞ്ഞപ്പോൾ സിംഹം വെള്ളം കുടിക്കാനായി അങ്ങോട്ടു വന്നു. അന്നേരം, തവളയ്ക്ക് അതൊരു അംഗീകാരമായി തോന്നിയതിനാൽ സിംഹത്തിൻ്റെ അടുത്തേക്കു നീങ്ങി പോക്രോം എന്നു നീട്ടി വിളിച്ചു.
സിംഹം ഒന്നും മിണ്ടാതെ വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ പെട്ടെന്ന് കൈ നീട്ടി ഒറ്റയടി! തവള ചത്തുമലച്ചു!
ഗുണപാഠം - ശക്തർ മൗനം പാലിക്കുന്നത് അവരുടെ ദൗർബല്യമായി കാണരുത്.
Written by Binoy Thomas, Malayalam eBooks - 698- ഈസോപ് കഥ പരമ്പര - 100, PDF -https://drive.google.com/file/d/1lbsLp_vNUDT6-NLaBrE6zSdxyF6CPYyS/view?usp=drivesdk
Comments