(700) കാട്ടാടും മുന്തിരിവള്ളികളും

 വിശ്വസാഹിത്യത്തിലെ പ്രശസ്തമായ കഥകളാണ് ഈസോപ് കഥകൾ. ആ പരമ്പരയിലെ കഥ-102 വായിക്കൂ.

കാട്ടിലൂടെ പുല്ലു തിന്നു നടക്കുകയായിരുന്നു കാട്ടാട്. എന്തോ ശബ്ദം കേട്ട് ആട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു വേട്ടക്കാരൻ അമ്പു തൊടുക്കാനായി ഉന്നം പിടിക്കുന്നതു കണ്ടു!

ആട്, ആ നിമിഷം തന്നെ പരമാവധി വേഗത്തിൽ മുന്നോട്ടു കുതിച്ചു. വേട്ടക്കാരൻ പിറകെയും. കുറെ ദൂരം ഓടിയപ്പോൾ ആടിൻ്റെ കാലുകൾ കുഴഞ്ഞു. പ്രാണൻ രക്ഷിക്കാനായി മുന്തിരിവള്ളികൾ തിങ്ങിനിറഞ്ഞ പള്ളയിലേക്ക് ആട് ഓടിക്കയറി അനങ്ങാതെ നിന്നു.

വേട്ടക്കാരൻ അവിടമാകെ നോക്കിയിട്ടും ആടിനെ കിട്ടാത്ത നിരാശയിൽ പിറുപിറുത്തു കൊണ്ട് പതിയെ തിരികെ നടന്നു.

അപ്പോൾ, ആടിന് ആശ്വാസമായി. അവൻ അപ്പോഴാണ് ചുറ്റുപാടും ഒന്നു നിരീക്ഷിച്ചത്. താൻ നിൽക്കുന്നത് മുന്തിരിവള്ളികൾക്കിടയിലാണെന്ന് വളരെ സന്തോഷത്തോടെ കാട്ടാട് തിരിച്ചറിഞ്ഞു.

ഒട്ടും സമയം പാഴാക്കാതെ ആട് മുന്തിരിയിലകൾ തിന്നാൻ തുടങ്ങി. അതേ സമയം, കുറച്ചകലെ എത്തിയ വേട്ടക്കാരൻ അലക്ഷ്യമായി ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ - അതാ, കാട്ടുപള്ളയ്‌ക്കിടയിൽ എന്തോ അനങ്ങുന്നു!

അയാൾ വേഗം ഓടിയെത്തി ഇലയനക്കമുള്ള ഭാഗത്തേക്ക് അമ്പെയ്തു! അത് തറച്ചത് ആടിൻ്റെ വയറ്റിലായിരുന്നു. ആട് അമറിയതു കേട്ട് വേട്ടക്കാരൻ കാട്ടാടിനെ കുടുക്കിലാക്കി.

ഗുണപാഠം - ആപത്തിൽ തണലായി നിന്നവരെ ചതിക്കാനോ, ചതിക്കു കൂട്ടുനിൽക്കാനോ ഒരിക്കലും പോകരുത്! അങ്ങനെ ചെയ്താൽ കാലം ചിലപ്പോൾ നിങ്ങളെ തിരിഞ്ഞു കൊത്തിയേക്കാം!

Written by Binoy Thomas, Malayalam eBooks- 700-ഈസോപ്പ് കഥകൾ -102, PDF -https://drive.google.com/file/d/1xZpOHxnhHYoc3EpA1pw_i9H13pavmKLk/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍