(717) കള്ളനായ മകൻ
ഒരു ദേശത്ത്, വിദ്യാലയത്തിൽ നിന്നും മടങ്ങിവന്ന മകന്റെ സഞ്ചിയിൽ സഹപാഠിയുടെ പെൻസിൽ കിടക്കുന്നത് അമ്മ കണ്ടു.
"ഇതാരുടെയാണു മോനേ?"
അമ്മ വഴക്കു പറയുമെന്നു പേടിച്ച് മകൻ പറഞ്ഞു- "അത്...അത്... എന്റെ അടുത്തിരുന്ന കുട്ടിയുടേതാണ്"
അപ്പോൾ അമ്മ പറഞ്ഞു- "ഇത് നീ വീട്ടിൽ ഉപയോഗിച്ചാൽ മതി. അങ്ങോട്ടു കൊണ്ടുപോയാൽ നിന്നെ പിടിക്കും"
അവന് ആശ്വാസമായി. വിദ്യാലയത്തിൽ നിന്നും ഓരോന്ന് മോഷ്ടിക്കാൻ തുടങ്ങി. ഒടുവിൽ, അധ്യാപകർ പിടികൂടിയപ്പോൾ കള്ളനെന്നു വിളിച്ച് വിദ്യാലയത്തിൽ നിന്നും പുറത്താക്കി. പക്ഷേ, ആ അമ്മയ്ക്ക് യാതൊരു കൂസലുമില്ലായിരിരുന്നു. കാരണം, തന്റെ മകൻ എന്തുമാത്രം സാധനങ്ങളാണ് ഈ വീട്ടിലേക്ക് എത്തിച്ചത് എന്നു സമാധാനിച്ചു.
പിന്നീട്, അടുത്ത വീടുകളിൽ നിന്നും ചന്തയിൽ നിന്നും മോഷണം നടത്തി. ഇതിനിടയിൽ വേറെ കള്ളന്മാരുമായി ചേർന്ന് വലിയ മോഷണം തുടങ്ങി. അവന്റെ അമ്മയ്ക്ക് വലിയ സന്തോഷമായി. കാരണം, നല്ല വീടും സുഖ സൗകര്യങ്ങളുമെല്ലാം വന്നു ചേർന്നു.
ഒരിക്കൽ, ഈ കള്ളന്മാർ ഒരു മാളിക കൊള്ള ചെയ്തു. കൊട്ടാര ഭടന്മാർ തൊണ്ടിസഹിതം പിടികൂടി. അവർക്ക് ന്യായാധിപൻ വധശിക്ഷ വിധിച്ചു.
ഈ മകനോട് അവസാന ആഗ്രഹം ന്യായാധിപൻ ചോദിച്ചു - "എനിക്ക് എന്റെ അമ്മയെ കാണണം"
ഉടൻ, അമ്മയെ കാണാൻ അവസരം കൊടുത്തു. അവൻ അമ്മയെ കെട്ടിപ്പിടിച്ച് ചെവിയുടെ അറ്റം കടിച്ചു പറിച്ചു!
എല്ലാവരും ഞെട്ടി! പെട്ടെന്ന്, ഭടന്മാർ പിടിച്ചു മാറ്റി. ന്യായാധിപൻ ഹാജരായി.
"നീ എന്തിനാണ് അമ്മയുടെ ചെവി കടിച്ചു മുറിച്ചത്?"
അവൻ പറഞ്ഞു - "ഞാൻ മൂന്നാം തരത്തിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരന്റെ പെൻസിൽ മോഷ്ടിച്ചു കൊണ്ടു വന്നപ്പോൾ അമ്മ എന്നെ വിലക്കുന്നതിനു പകരം മോഷണം പ്രോൽസാഹിപ്പിക്കുകയാണു ചെയ്തത്. അമ്മയുടെ പിന്തുണ കാരണമാണ് ഞാൻ വലിയ കള്ളനായി വധശിക്ഷയിൽ എത്തിച്ചത്!"
ഗുണപാഠം - പലതരം ദുശ്ശീലങ്ങൾക്കും ഇതുപോലെ തുടക്കമിടുന്നതോ അല്ലെങ്കിൽ പിന്തുണ തരുന്നവരോ ആയ ആളുകളെ ഒഴിവാക്കണം.
Written by Binoy Thomas, Malayalam eBooks-717- Aesop stories - 112 PDF -https://drive.google.com/file/d/1CHNZcA7qvUFnnQcu7ROgjzEeVbud7pNE/view?usp=drivesdk
Comments