(720) കലമാനും കൊമ്പും
ഒരിക്കൽ, ഒരു കലമാൻ വെള്ളം കുടിക്കാനായി കുളത്തിനരികെ എത്തി. നിശ്ചലമായ വെള്ളത്തിൽ തന്റെ രൂപം കണ്ട് മാൻ അതിശയിച്ചു. കാരണം, തന്റെ കൊമ്പുകൾ എത്ര മനോഹരമാണ്?
എന്നാൽ, കാലുകൾ നോക്കിയപ്പോൾ അവനു ദേഷ്യം വന്നു - "എത്ര വിരൂപമായിരിക്കുന്നു ഇത്? വല്ലാതെ ശോഷിച്ച കാലുകൾ"
അവൻ വെള്ളം കുടിച്ച് മടങ്ങി പോകവേ, ഒരു സിംഹം പിറകേ പതുങ്ങി വരുന്നത് മാൻ ഞെട്ടലോടെ കണ്ടു! ഉടൻ, ശരം കണക്കെ അതിവേഗം പാഞ്ഞു. തൊട്ടുപിറകെ, സിംഹവും. പക്ഷേ, മാനിന്റെ കാലുകൾക്ക് അപാരമായ വേഗമായിരുന്നതിനാൽ സിംഹം ഏറെ പിറകിലായിരുന്നു. എങ്കിലും സിംഹം പിന്തുടർന്നു.
കുറെ ദൂരം ഓടിയപ്പോൾ മാൻ കിതച്ചു. അന്നേരം, അടുത്തു കണ്ട കാട്ടുപള്ളയ്ക്കിടയിലേക്ക് മാൻ കയറിയെങ്കിലും മരത്തിന്റെ ശിഖരങ്ങൾ പോലെ തലയ്ക്കു മുകളിലുണ്ടായിരുന്ന മാൻകൊമ്പ് വള്ളിപ്പടർപ്പിൽ കുരുങ്ങി. കുതറിയോടാനായി ശ്രമിച്ചപ്പോൾ കുരുക്കു മുറുകി.
പിന്നെ, സിംഹത്തിന് കാര്യങ്ങൾ വളരെ എളുപ്പമായി. അത്, മാനിന്റെ മേൽ ചാടി വീണു!
ഗുണപാഠം - സൗന്ദര്യമുള്ളതെല്ലാം നല്ലതാവണമെന്നില്ല. വിരൂപമായതെല്ലാം ദോഷമാകണമെന്നുമില്ല.
Written by Binoy Thomas, Malayalam eBooks -720-Aesop -115, PDF -https://drive.google.com/file/d/1iR4HRGXaNJfAlu-waVUgxDHRc6GUctYy/view?usp=drivesdk
Comments