(722) ചെന്നായും കുറുക്കനും
ഒരിക്കൽ, ഒരു കുറുക്കൻ വിശന്നുവലഞ്ഞ് കാടിനോടു ചേർന്നു കിടക്കുന്ന ഒരു വീടിന്റെ പിറകിലെത്തി. അന്നേരം, ആ വീട്ടിലെ സ്ത്രീ കയറിന്റെ രണ്ടറ്റത്തും വലിയ കുടം കെട്ടി കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്നു. ആ സൂത്രം കുറുക്കന് വലിയ ഇഷ്ടമായി.
വീട്ടമ്മ വെള്ളവുമായി പോയിക്കഴിഞ്ഞ് അവൻ കിണറ്റിലേക്കു പോയ കുടം കാണാൻ വെറുതെയൊന്നു താഴേക്കു നോക്കി. അപ്പോൾ കിണറ്റിൽ ഒരു വലിയ പാൽക്കട്ടി കിടക്കുന്നതായി കുറുക്കനു തോന്നി. യഥാർഥത്തിൽ, നിലാവിൽ ഉദിച്ച പൂർണ്ണ ചന്ദ്രനായിരുന്നു അത്!
ഒട്ടും സമയം കളയാതെ കരയിലെ കുടത്തിൽ പിടിച്ച് കുറുക്കൻ താഴേക്കു ചാടി. പക്ഷേ, അത് പാൽക്കട്ടിയല്ലായിരുന്നു എന്ന് കുറുക്കനു മനസ്സിലായി. പക്ഷേ, ഇനി എങ്ങനെ മുകളിലെത്തും?
അവൻ ഉച്ചത്തിൽ ഓരിയിടാൻ തുടങ്ങി. ആ ശബ്ദം കേട്ട് ഒരു ചെന്നായ കിണറിലേക്ക് എത്തി നോക്കി. കുറുക്കൻ വിളിച്ചു കൂവി - "ഹേയ്! ചങ്ങാതി, ഈ കിണറ്റിൽ ഒരു വലിയ പാൽക്കട്ടിയുണ്ട്. ഞാൻ പകുതി തിന്നു വയറു നിറഞ്ഞു. ബാക്കി നീയെടുത്തോളൂ. ആ കുടത്തിൽ പിടിച്ച് താഴേക്കു വന്നോളൂ"
ഉടൻ തന്നെ, ചെന്നായ താഴേക്കു പോന്നപ്പോൾ താഴത്തെ കുടത്തിൽ പിടിച്ചു കിടന്ന കുറുക്കൻ കരയിലെത്തി. കാരണം, കുറുക്കന് ചെന്നായേക്കാൾ ഭാരം കുറവായിരുന്നു. കുറുക്കൻ, അതിവേഗം, കാട്ടിലേക്കു പാഞ്ഞു. അപ്പോഴും ചെന്നായ കിണറ്റിൽ കിടന്നു കരയുന്നുണ്ടായിരുന്നു.
ഗുണപാഠം - അപകടത്തിൽ നിന്നു രക്ഷപ്പെടാനായി മറ്റുള്ളവരെ അതിലേക്കു വലിച്ചിടരുത്.
Written by Binoy Thomas, Malayalam eBooks-722-Aesop Story series-117, PDF -https://drive.google.com/file/d/1ieMolx4575O7oQZGx0Z7uIJh6TDlhyHu/view?usp=drivesdk
Comments