(724) നഗരവാസിയും നാട്ടുവാസിയും
നാട്ടിലെ എലി കഠിനാധ്വാനി ആയിരുന്നു. അവൻ കപ്പയും ധാന്യങ്ങളും പയറുമെല്ലാം തന്റെ മാളത്തിൽ സൂക്ഷിച്ചു വച്ചു. കാരണം, മഴക്കാലത്ത് പട്ടിണി വരാതെ നോക്കണമല്ലോ.
ഒരിക്കൽ, നഗരത്തിലെ എലിയെ അവിചാരിതമായി അവൻ കണ്ടുമുട്ടി. നഗരവാസി പറഞ്ഞു - " ഈ നാട്ടിൻ പുറത്തെ ഭക്ഷണമല്ല എന്റെ നഗരത്തിലേത്. അത് അതീവ രുചികരമാണ്. ഞാൻ താമസിക്കുന്ന വലിയ വീട്ടിൽ എന്നും ആഹാരം മിച്ചമാണ് "
അതു കേട്ടപ്പോൾ നാട്ടിലെ എലി അവന്റെ കൂടെ നഗരത്തിലേക്കു പോയി. അവർ രണ്ടു പേരും അടുക്കളയിലേക്ക് ഒളിച്ചു കടന്നു. വേലക്കാരൻ വലിയ തീൻമേശമേൽ പലതരം വിഭവങ്ങൾ നിരത്തി. അപ്പോൾ നാട്ടിലെ എലിക്ക് കൊതി സഹിക്കാൻ വയ്യാതായി.
അവർ രണ്ടും മേശയിലേക്കു കയറിയതും അതിഥികൾ അങ്ങോട്ടു വരുന്നതു കണ്ടതിനാൽ അടുത്തുളള അലമാരയുടെ താഴെ ഒളിച്ചു. കുറച്ചു കഴിഞ്ഞ് അവരെല്ലാം കഴിച്ചു കഴിഞ്ഞ് ഒരുപാട് ആഹാരം മിച്ചമായി.
വീണ്ടും എലികൾ മേശപ്പുറത്ത് കയറി സുഖമായി തീറ്റി തുടങ്ങാൻ ശ്രമിച്ചപ്പോൾ വേലക്കാരൻ അലറിക്കൊണ്ട് പാഞ്ഞെത്തി. അയാൾ വടിയുമായെത്തി ആഞ്ഞടിച്ചെങ്കിലും എലികൾ വീടിനു പുറത്തെത്തി മാളത്തിൽ ഒളിച്ചു. അയാൾ മാളത്തിൽ വടി കൊണ്ടു കുത്തിയെങ്കിലും പരിക്കു പറ്റിയത് വീട്ടിലെ എലിക്കാണ്.
ഉടൻ, നാട്ടിലെ എലി മറുവശത്തുകൂടി ഞെരിഞ്ഞമർന്ന് പുറത്തുകടന്നപ്പോൾ വിളിച്ചു കൂവി - "ഇത്തരം രുചിയുള്ള ആഹാരം നീ കഴിച്ചോളൂ. മനസ്സമാധാനത്തോടെ കഴിക്കുന്ന എന്റെ ഭക്ഷണത്തിനാണ് രുചി കൂടുതൽ!"
അവൻ നാട്ടിലേക്ക് അതിവേഗം പാഞ്ഞു.
ഗുണപാഠം - ലഭ്യമായിരിക്കുന്ന സാഹചര്യത്തിൽ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കണം.
Written by Binoy Thomas, Malayalam eBooks-724- Aesop Series - 119, PDF -https://drive.google.com/file/d/1cokXQ6iB2Io6KWv-r2GHA41KIVk-h5KI/view?usp=drivesdk
Comments