(726) ബോധിസത്വനും മുയലും

 ശ്രീബുദ്ധന്റെ പൂർവജന്മത്തിൽ മുയലായി കഴിഞ്ഞിരുന്ന സമയം. മുയലിന് മൂന്നു കൂട്ടുകാരുണ്ടായിരുന്നു - നീർനായ, കുരങ്ങൻ, കുറുക്കൻ.

മുയൽ നല്ലൊരു ദൈവഭക്തനായിരുന്നു. അതിനാൽ കൂട്ടുകാരോടു പറഞ്ഞു - "ഇന്ന് നമുക്ക് ഉപവസിക്കണം, നാം ശേഖരിക്കുന്ന ഭക്ഷണം ആർക്കെങ്കിലും ദാനം ചെയ്യുകയും വേണം"

എല്ലാവർക്കും അത് സമ്മതമായി. നീർനായ ഒരു നദിക്കരയിലെത്തിയപ്പോൾ ഏതോ മുക്കുവൻ മണ്ണിൽ കുഴിച്ചിട്ട മീനുകൾ മണം പിടിച്ച് മാന്തിയെടുത്ത് അവന്റെ കൂട്ടിലേക്കു പോയി.

കുരങ്ങൻ കാട്ടിലെ ഏറ്റവും നല്ല മാമ്പഴങ്ങൾ ശേഖരിച്ചു മരപ്പൊത്തിൽ വച്ചു. കുറുക്കൻ ഒരു വീടിന്റെ അടുക്കളയിൽ കയറിയപ്പോൾ ആ വീട്ടിൽ ആരുമില്ലായിരുന്നു. അവൻ ചെറിയ തൈരു കലം എടുത്തു നടന്നു.

അതേസമയം, മുയലിന് യാതൊന്നും കിട്ടിയില്ല. അവൻ ദൈവത്തോടു പ്രാർഥിച്ചു - "ആരെങ്കിലും ഭിക്ഷ ചോദിച്ചാൽ ഞാൻ എന്റെ ശരീരമാംസം തന്നെ കൊടുക്കാൻ സന്നദ്ധനാണ്!"

ഈ പ്രാർഥന ദേവന്മാരുടെ രാജാവായ ശക്രൻ അറിഞ്ഞു. അദ്ദേഹം, ഒരു മുയൽ ഇത്രയും ധർമ്മം പാലിക്കുമെന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ആദ്യം കുറുക്കനു സമീപമെത്തിയപ്പോൾ അവൻ സന്തോഷത്തോടെ തൈരു കലം കൊടുത്തു. ശക്രൻ നിരസിച്ചു - "ഞാൻ നാളെ വന്നു കുടിച്ചു കൊള്ളാം"

കുരങ്ങന്റെ അടുക്കലെത്തിയപ്പോൾ അവൻ മാമ്പഴങ്ങൾ സമ്മാനിച്ചു. പക്ഷേ, അപ്പോൾ നാളെയാവാം എന്നു ശക്രൻ പറഞ്ഞു. പിന്നെ, നീർനായയെ കണ്ടപ്പോൾ മീൻ നൽകാൻ ശ്രമിച്ചെങ്കിലും ഇതേ മറുപടി ശക്രൻ പറഞ്ഞു.

പിന്നീട്, മുയലിനു സമീപമെത്തി. മുയൽ പറഞ്ഞു - "എന്നെ ഭക്ഷിച്ചു കൊള്ളുക. കാരണം, എനിക്ക് ആഹാരം ശേഖരിക്കാൻ കഴിഞ്ഞില്ല"

ഉടൻ, മുയലിനെ വിറക് കത്തിയെരിയുന്ന തീയിൽ ഇറങ്ങാൻ ശക്രൻ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ മുയൽ തീക്കനലിൽ ചവിട്ടിയെങ്കിലും ചൂടിനു പകരം തണുപ്പാണ് അവന് അനുഭവപ്പെട്ടത്!

ശക്രൻ പറഞ്ഞു - " ഹേയ്! മുയലായി കഴിയുന്ന ബോധിസത്വാ, നിന്റെ ധർമ്മ ബോധത്തിൽ ഞാൻ അഭിമാനിക്കുന്നു. നിന്റെ സത്യവും നീതിന്യായവും എന്നെന്നും ലോകമെങ്ങും അറിയപ്പെടും"

അന്നേരം, മരത്തിന്റെ ഇലച്ചാറു പിഴിഞ്ഞ് ചന്ദ്രന്റെ നേരേ നോക്കി ശക്രൻ ഒരു മുയലിന്റെ ചിത്രം വരച്ചു. അങ്ങനെ, അന്നുമുതൽ ചന്ദ്രനെ നോക്കുമ്പോൾ മുയൽ ചിത്രം അവിടെ കണ്ടു തുടങ്ങി.

Written by Binoy Thomas, Malayalam eBooks-726 - Jataka tales - 2, PDF -https://drive.google.com/file/d/1UDnd3wqniT9-Mq7bwejYogNn-QyNu97U/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍