(729) കുരങ്ങനും ഭൂതവും
കാട്ടിലെ കുരങ്ങന്മാരുടെ രാജാവായി ബോധിസത്വൻ കഴിയുന്ന കാലം. ഒരിക്കൽ ആ വാനര സംഘത്തിന് മറ്റൊരു കാട്ടിലേക്ക് പോകണമായിരുന്നു. അവർ യാത്ര തുടങ്ങുന്നതിനു മുൻപ്, കുരങ്ങൻരാജാവ് എല്ലാവരോടുമായി പറഞ്ഞു - "നിങ്ങൾ വെള്ളം കുടിക്കുന്നതിനു മുൻപും പുതിയ പഴങ്ങൾ തിന്നുന്നതിനു മുൻപും എന്നോട് ചോദിച്ചിരിക്കണം"
അവർ യാത്ര തുടങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ കുരങ്ങന്മാർക്കു ദാഹിച്ചു. അടുത്തു കണ്ട കായലിലെ വെള്ളം കുടിക്കാൻ തീരുമാനിച്ച് രാജാവിനോടു ചോദിച്ചു. കുരങ്ങു രാജാവ് ആ കായലിനു ചുറ്റും നടന്നു. അന്നേരം വലിയ കാൽപാദങ്ങൾ മണ്ണിൽ പതിഞ്ഞിരിക്കുന്നത് കണ്ടു!
"ഈ കായലിലേക്ക് ഭൂതം ഇറങ്ങിയ കാൽപാടുണ്ട്. വെള്ളം കുടിക്കുമ്പോൾ അതീവ ജാഗ്രത വേണം"
എന്നാൽ, പെട്ടെന്ന് - ഭൂതം അവിടെ വെള്ളത്തിനു മീതെ പൊങ്ങി വന്നു - "ഞാൻ വസിക്കുന്ന ഈ കായലിൽ ഇറങ്ങി വെള്ളം കുടിക്കാൻ ആർക്കും സാധ്യമല്ല. ഇറങ്ങുന്നവരെ ഞാൻ വിഴുങ്ങും"
ഉടൻ ബോധിസത്വൻ പറഞ്ഞു - "ഞങ്ങൾ വെള്ളത്തിൽ ഇറങ്ങാതെ കുടിച്ചു കൊള്ളാം"
ഉടൻ, രാജാവ് പോയി ഈറ്റക്കാട്ടിലെ കുഴലുകൾ കൊണ്ടു വന്ന് മറ്റുള്ളവർക്കു കൊടുത്തു. അവർ കരയിൽ ഇരുന്ന് കുഴലിലൂടെ കായൽ വെള്ളം വലിച്ചു കുടിച്ചു! അതു കണ്ട് നിരാശനായി ഭൂതം വെള്ളത്തിൽ മുങ്ങി.
Written by Binoy Thomas, Malayalam eBooks-729 - Jataka tales - 5, PDF -https://drive.google.com/file/d/1dZRQ-Fawt9TRNAY-5cFdbSlRhlh0oe4h/view?usp=drivesdk
Comments