(736) പരുന്തും കാട്ടുതീയും
കാട്ടിലെ ഒരു മരത്തിൽ പരുന്തായി ബോധിസത്വൻ കഴിഞ്ഞിരുന്ന സമയം. അതിനടുത്തായി വലിയൊരു അരണിമരം നിൽപ്പുണ്ട്. അരണിമരത്തിലെ പക്ഷികളുടെ നേതാവ് ദേവദത്തൻ എന്ന പക്ഷിയായിരുന്നു. ബോധിസത്വന്റെ ശത്രുവായിരുന്നു ദേവദത്തൻ.
ഒരു ദിവസം, അരണി മരത്തിന്റെ ശിഖരങ്ങൾ ശക്തിയായി കൂട്ടിയുരഞ്ഞ് തീപ്പൊരി ചിതറുന്നത് പരുന്ത് കണ്ടു. ഉടൻ, ആ മരത്തിലെ പക്ഷികളെ നോക്കി പരുന്ത് വിളിച്ചു കൂവി - "നിങ്ങളുടെ മരത്തിൽ കാറ്റടിച്ച് ശിഖരങ്ങൾ ഉരഞ്ഞ് തീപ്പൊരി ഉണ്ടാകുന്നുണ്ട്. എപ്പോൾ വേണമെങ്കിലും കാട്ടുതീ പടരാനുള്ള സാധ്യതയുണ്ട്. വേഗം നമുക്ക് രക്ഷപ്പെടാം"
ഇതു കേട്ട് ദേവദത്തൻപക്ഷി പരിഹസിച്ചു - "ഇതൊക്കെ കാട്ടിൽ പതിവാണ്. അവൻ പറയുന്നതു കേട്ട് നിങ്ങൾ പേടിക്കേണ്ടാ"
പക്ഷേ, ബോധിസത്വൻപരുന്ത് പറഞ്ഞതു കേട്ട് കുറെ പക്ഷികൾ പരുന്തിനൊപ്പം ദൂരെ ദിക്കിലേക്കു പറന്നു.
അന്നു രാത്രിയിൽ തീപ്പൊരി താഴെ കരിയിലയിൽ വന്നു വീണ് കനത്ത പുകയും തീയും ഉണ്ടായി. പക്ഷികൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. കറുത്ത പുകയും ഇരുട്ടും കാരണം പക്ഷികൾക്ക് പറക്കാൻ പറ്റിയില്ല. എല്ലാവരെയും തീ വിഴുങ്ങി.
Written by Binoy Thomas, Malayalam eBooks-736 - Jataka tales - 11, PDF -https://drive.google.com/file/d/1Hl3hYA51Vee-uCg-kNL6Zxl-3q_WBZkh/view?usp=drivesdk
Comments