(739) ചെന്നായുടെ വ്രതം
ബോധിസത്വൻ ദേവന്മാരുടെ രാജാവായ ശക്രനായി ജീവിച്ചിരുന്ന കാലം. ഒരിക്കൽ, ഗംഗാ നദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. നദി ഒഴുകിയിരുന്ന പരിസരങ്ങൾ എല്ലാം വെള്ളം കൊണ്ടു മൂടി. അത്തരം, ഒരു നാട്ടിലേക്ക് കാട്ടിൽ നിന്നും വന്ന ചെന്നായ വലിയ പാറയിൽ ഇരിപ്പുറപ്പിച്ചു. അവിടെ വെള്ളം കയറില്ലെന്ന് അവൻ വിചാരിച്ചു.
പക്ഷേ, ഒന്നും തിന്നാൻ കിട്ടാതെ വന്നപ്പോൾ ചെന്നായ പിറുപിറുത്തു - "ഇതു തന്നെയാണ് വ്രതം നോക്കാൻ പറ്റിയ സമയം"
അവൻ പാറപ്പുറത്ത് നീണ്ടുനിവർന്ന് വ്രതം തുടങ്ങി. അന്നേരം, ദേവരാജാവായ ശക്രന് ചെന്നായുടെ വ്രതം ഒന്നു പരീക്ഷിക്കണമെന്നു തോന്നി. ശക്രൻ ഒരു കാട്ടാടിന്റെ രൂപത്തിൽ പാറപ്പുറത്ത് പ്രത്യക്ഷപ്പെട്ടു.
പെട്ടെന്ന്, ചെന്നായ കണ്ണു തുറന്ന് പറഞ്ഞു - "വ്രതം ഇനി ആടിനെ തിന്നു കഴിഞ്ഞു മതി"
ആടിനെ പിടിക്കാൻ ചെന്നായ ഓടിയെങ്കിലും ശക്രൻ ആകാശത്തിലേക്കു മറഞ്ഞു. ചെന്നായ നിരാശനായി വീണ്ടും വന്നിരുന്ന് വ്രതം തുടങ്ങി. അപ്പോൾ ശക്രന്റെ ശബ്ദം അശരീരിയായി മുഴങ്ങി - " മനസ്സിന് ഉറപ്പില്ലാത്ത നിനക്ക് എങ്ങനെ വ്രതം നോക്കാൻ കഴിയും?"
ചെന്നായ തന്റെ മണ്ടത്തരം ഓർത്ത് നാണം കെട്ടു തല താഴ്ത്തി.
Written by Binoy Thomas, Malayalam eBooks-739 - Jataka tales - 14, PDF -https://drive.google.com/file/d/16XBFwdqf-7nsXaeNtmwKE_iyN7IdlUCI/view?usp=drivesdk
Comments