(741) കടലും കാക്കകളും
ഒരിക്കൽ, രണ്ടു കാക്കകൾ കടപ്പുറത്തു കൂടി തീറ്റി തിന്ന് നടക്കുകയായിരുന്നു. തലേ ദിവസം ധാരാളമായി സഞ്ചാരികൾ കടൽത്തീരത്ത് വന്നതിനാൽ ഒരുപാട് ആഹാരപാനീയങ്ങൾ അവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു.
അങ്ങനെ, ആർത്തിയോടെ കാക്കകൾ തിന്നു കുടിച്ചപ്പോൾ രണ്ടു പക്ഷികൾക്കും തലയ്ക്കു മത്തുപിടിച്ചു. തുടർന്ന്, പെൺകാക്ക കടലിൽ നീന്തി നോക്കണമെന്ന് ആഗ്രഹം പറഞ്ഞു. ആൺകാക്ക അതിന് അനുവാദവും കൊടുത്തു.
കുറച്ചു നീന്തിയ ശേഷം, ആ കാക്ക തിരയ്ക്കടിയിൽ പെട്ടു മരിച്ചു. ഇതു കണ്ട് ആൺകാക്ക കടലിനെ നോക്കി അലറി - "ഇത്രയും വെള്ളമുള്ളതാണ് നിന്റെ അഹങ്കാരത്തിനു കാരണം. ഇതു വറ്റിച്ച ശേഷമേ എനിക്ക് ഇനി വിശ്രമമുള്ളൂ"
അവൻ മറ്റുള്ള എല്ലാ കാക്കകളെയും വിളിച്ചു കൂട്ടി. എല്ലാവരും കടലിലെ വെള്ളം കൊക്കിൽ ശേഖരിച്ച് കരയിൽ കൊണ്ടുപോയി കളയാൻ തുടങ്ങി.
ഇതു കണ്ടു കൊണ്ട്, ജലദേവതയായി ജന്മമെടുത്തിരുന്ന ബോധിസത്വൻ അവരോടായി പറഞ്ഞു - " നിങ്ങൾ എന്തു പാഴ്‌വേലയാണ് ഈ ചെയ്യുന്നത്? കൊക്കിൽ ശേഖരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് വെള്ളമാണ് കടലിലേക്ക് ഓരോ നിമിഷവും വന്നു ചേരുന്നത്?"
അന്നേരം, കാക്കകൾ കാര്യം മനസ്സിലാക്കി. അവർ ശാന്തരായി തിരികെ മടങ്ങി.
Written by Binoy Thomas, Malayalam eBooks-741- Jataka tales - 16, PDF -https://drive.google.com/file/d/1E6pb-rjkYxnrYM_l4BEvsDmC8AQhRGOg/view?usp=drivesdk
Comments