(745) മുതലയും കുരങ്ങനും
ഒരു ജന്മത്തിൽ കുരങ്ങന്മാരുടെ രാജാവായി ബോധിസത്വൻ ജനിച്ചു. അവൻ താമസിച്ചിരുന്ന മരം ഒരു പുഴയോരത്തായിരുന്നു. ആ പുഴയിലാണ് മുതലയുടെ കുടുംബം കഴിഞ്ഞിരുന്നത്.
ഒരിക്കൽ, മരത്തിലൂടെ ചാടി നടക്കുന്ന കുരങ്ങനെ കണ്ടപ്പോൾ മുതലയുടെ ഭാര്യ പറഞ്ഞു - "നോക്കൂ. കൊഴുത്തു തടിച്ച ആ കുരങ്ങന്റെ കരൾ എനിക്കു തിന്നണം. അതിന് അതീവ സ്വാദായിരിക്കും"
ആൺമുതല നിരാശയോടെ പറഞ്ഞു - "നീ എന്തു മണ്ടത്തരമാണു പറയുന്നത്? കുരങ്ങൻ വെള്ളത്തിൽ ഇറങ്ങാറില്ല"
അവൾ തുടർന്നു - "നമ്മുടെ ശക്തിയും ബലവുമല്ല ഇവിടെ വേണ്ടത്. എന്തെങ്കിലും സൂത്രം പ്രയോഗിക്കണം"
പക്ഷേ, അവൾ തുടരെ ഈ കാര്യം പറഞ്ഞ് ശല്യം ചെയ്തപ്പോൾ അവൻ മരത്തിലെ കുരങ്ങനുമായി സൗമ്യമായി കുശലം ചോദിച്ചു തുടങ്ങി. കുറെ നാളുകൾ കഴിഞ്ഞപ്പോൾ അവർ നല്ല ചങ്ങാതിമാരായി.
ഒരു ദിവസം, മുതല കുരങ്ങനോടു പറഞ്ഞു - "ഈ പുഴയുടെ അക്കരയിൽ അതീവ രുചിയുള്ള അത്തിപ്പഴങ്ങൾ നിറഞ്ഞ അത്തിമരമുണ്ട്. നീ അതു കഴിച്ചിട്ടുണ്ടോ?"
കുരങ്ങൻ: "എനിക്ക് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, ആഴമേറിയ ഈ നദിക്കു കുറുകെ നീന്താൻ എനിക്കു കഴിയില്ല"
മുതല സഹായ മനസ്സുമായി വന്നു - "അതിനെന്താ? എന്റെ കൂട്ടുകാരനെ സഹായിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. എന്റെ പുറത്തിരുന്നോ. അക്കരെ വിടാം"
കുരങ്ങനു സന്തോഷമായി. അവർ നദിയുടെ ആഴമേറിയ നടുഭാഗത്ത് എത്തിയ നേരത്ത് മുതല പറഞ്ഞു - "ഹാ! നീയുമായി ചങ്ങാത്തം കൂടിയത് അത്തിപ്പഴം തീറ്റിക്കാനല്ല. എന്റെ മുതലപ്പെണ്ണിന് നിന്റെ കരൾ തിന്നണമെന്ന് ഒരു കൊതി. ഹ...ഹ..."
മുതലയുടെ ചതിയിൽ കുരങ്ങൻ ഞെട്ടിയെങ്കിലും പുറമേ അറിയിക്കാതെ പറഞ്ഞു- "ഛെ.. നീ ഈ കാര്യം നേരത്തേ പറയേണ്ടതായിരുന്നു. ഞാൻ എന്റെ കരൾ സൂക്ഷിക്കുന്നത് മരപ്പൊത്തിലാണ്. തിരികെ പോയി ഞാൻ അത് എടുത്തു തരാം"
മുതല അതു വിശ്വസിച്ച് തിരികെ നീന്തി. കരയിൽ അടുത്തപ്പോൾ കുരങ്ങൻ മരത്തിലേക്കു പറന്നു ചാടി. അവിടെ തൂങ്ങിയാടി അട്ടഹസിച്ചപ്പോൾ മുതല നാണംകെട്ട് വെള്ളത്തിൽ മുങ്ങി.
Written by Binoy Thomas, Malayalam eBooks-745- Jataka tales - 20. PDF -https://drive.google.com/file/d/1jxnSxn2LqGnVIZtXMGBRCXgaXiv9e2YT/view?usp=drivesdk
Comments