(746) ഓരിയിട്ട സിംഹം!
സിംഹമില്ലാത്ത കാട്ടിലേക്ക് ആദ്യമായി ഒരു സിംഹം വന്നു ചേർന്നു. കൂട്ടുകാരിയായി അവനു കിട്ടിയത് ഒരു കുറുക്കച്ചിയെ ആയിരുന്നു.
അവർക്കൊരു ആൺസിംഹം പിറന്നു. കണ്ടാൽ, സിംഹക്കുട്ടിയായിരുന്നെങ്കിലും ഗർജനമോ ശബ്ദമോ ധൈര്യമോ ഒന്നുമില്ലാത്ത കുറുക്കന്റെ രീതിയാണ് അവന്റേത്. വൈകാതെ, കുറുക്കച്ചി മരിച്ചു പോയി. പിന്നീട്, അവിടെ എത്തിയ സിംഹിയെ സിംഹരാജൻ ഭാര്യയാക്കി. അവർക്ക് മൂന്ന് സിംഹക്കുട്ടികൾ ജനിച്ചു.
അവർ മൂവരും കളിച്ചു രസിച്ച് ഗർജിക്കുമ്പോൾ മൂത്ത മകൻ ഗർജനമില്ലാത്തതിൽ ദുഃഖിച്ചു. ഒരു ദിവസം ദൂരെ ഒരു കുറുക്കൻ ഓരിയിടുന്നതു കേട്ടപ്പോൾ അവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ശബ്ദമായി കുത്തിയിരുന്ന് മുകളിലേക്കു നോക്കി അവനും ഓരിയിട്ടു.
മൂന്ന് അനുജന്മാരും ഇതു കേട്ട് ഞെട്ടി. അവർ അച്ഛൻസിംഹത്തിന്റെ അടുത്തെത്തി പരാതിപ്പെട്ടു - "ചേട്ടന്റെ രീതികൾ ഞങ്ങൾക്കു നാണക്കേടാണ്. കുറുക്കന്റെ ശബ്ദമാണ്. ഇര പിടിക്കാനും അറിയില്ലാ"
ഉടൻ, സിംഹത്താൻ മൂത്ത മകനെ സമീപിച്ചു - "നിന്റെ അമ്മ കുറുക്കച്ചിയാണ്. അതിനാൽ കുറുക്കരുടെ വംശത്തിന്റെ രീതികൾ നീ കാണിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, നീ സിംഹമായി പിറന്നതിനാൽ അനുജന്മാരുടെ രീതികൾ പരമാവധി കണ്ടു പഠിക്കുക. ഇനി മേലിൽ ഓരിയിടരുത്. കൂവിയാൽ അവർ നിന്നെ കൂട്ടത്തിൽ കൂട്ടില്ല."
അവൻ അതു സമ്മതിച്ചു.
Written by Binoy Thomas, Malayalam eBooks-746- Jataka - 21, PDF -https://drive.google.com/file/d/1Zn3j583uFSZ7eGCo-y3yd6S6M-v_lGAL/view?usp=drivesdk
Comments