(755) അത്തിമരത്തിലെ തത്ത
കാട്ടിൽ, ബോധിസത്വൻ ഒരു തത്തയായി ജന്മമെടുത്തു. അവൻ ജനിച്ചപ്പോൾ മുതൽ ഗംഗാ നദിയുടെ തീരത്തുള്ള അത്തിമരത്തിലായിരുന്നു കഴിഞ്ഞു വന്നത്.
ഈ തത്ത വളരെ നീതിമാനായ ജീവിത രീതികൾ പുലർത്തിയിരുന്നു. ഒരിക്കൽ, അത്തിമരത്തിൽ പഴങ്ങൾ ഒട്ടും ഇല്ലാതെ വന്നപ്പോൾ മറ്റു കിളികൾ എല്ലാവരും വേറെ ദിക്കിലേക്കു പറന്നു പോയി. തത്തയാകട്ടെ, മരത്തിന്റെ തളിരിലയും പ്രാണികളുമൊക്കെ തിന്ന് ഗംഗാ ജലവും കുടിച്ച് കഴിഞ്ഞു.
ദേവന്മാരുടെ രാജാവായ ശക്രൻ ഇതു ശ്രദ്ധിച്ചു. ഈ പക്ഷിയുടെ മന:ശക്തി പരീക്ഷിക്കാനായി അത്തിമരത്തിലെ ഇലകൾ എല്ലാം അദ്ദേഹം കരിച്ചു കളഞ്ഞു. പക്ഷേ, തത്ത മരത്തടിയിലെ പൊടി തിന്നു നദീജലം കുടിച്ചു.
ഉടൻ, ശക്രൻ നേരിട്ട് ഒരു പക്ഷിയുടെ രൂപത്തിൽ തത്തയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
"നീ എന്തിനാണ് നശിച്ചു കൊണ്ടിരിക്കുന്ന ഈ മരത്തിൽ തുടരുന്നത്? വേറെ അനേകം അത്തിമരങ്ങൾ ഈ കാട്ടിലുണ്ട്"
തത്ത പറഞ്ഞു - "എന്റെ വളർച്ചയിൽ കൂടെ നിന്ന മരമാണ്. അതിന്റെ തളർച്ച വന്ന സമയത്ത് കൈവിടാൻ തോന്നുന്നില്ല"
ഉടൻ, പക്ഷി ശക്രനായി തത്തയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു - "നിന്റെ നീതിബോധവും ആത്മാർഥതയും എനിക്കു വളരെ ഇഷ്ടമായി. നിനക്ക് ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളുക"
"പ്രഭോ, എനിക്ക് സ്വന്തമായി ഒരു വരം ആവശ്യമില്ല. അങ്ങേയ്ക്ക് കഴിയുമെങ്കിൽ ഈ അത്തിമരത്തെ പഴയതുപോലെ ആക്കാമോ?"
ശക്രൻ അത്തിമരത്തെ അനുഗ്രഹിച്ച നിമിഷത്തിൽ, അതിൽ ഇലകൾ കിളിർത്തു. പൂവും കായും ഉണ്ടായി. അതിൽ, അതീവ രുചിയുള്ള അത്തിപ്പഴവും ഉണ്ടായി.
Written by Binoy Thomas, Malayalam eBooks-755- Jataka tales - 29, PDF -https://drive.google.com/file/d/1pru_wQsBNXoPrxy3q9WyaOQ03_QPq8Jm/view?usp=drivesdk
Comments