(756) ആമയുടെ പതനം
ആമ താമസിച്ചിരുന്നത് ഹിമാലയത്തിന്റെ അടിവാരത്തിലുള്ള ഒരു കുളത്തിലായിരുന്നു. ഒരിക്കൽ, രണ്ട് അരയന്നങ്ങൾ അവിടെ കുറെ ദിവസം ചെലവഴിച്ചു. അതിനിടയിൽ, ആമ അവരുടെ ഉറ്റ ചങ്ങാതിയായി മാറിയിരുന്നു.
പക്ഷികൾ ആമയോടു പറഞ്ഞു - "ഞങ്ങൾ കഴിയുന്നത് സ്വർഗ്ഗതുല്യമായ മാനസസരസ്സിലാണ്. നീയും അങ്ങോട്ടു പോരുന്നോ?"
ആമ നിരാശയോടെ പറഞ്ഞു- "നിങ്ങൾക്കു പറന്നു പോകാം. പക്ഷേ, ഞാൻ എങ്ങനെ നടന്നുവരും? അതിനു മുൻപേ, എന്റെ ആയുസ്സ് തീരും"
അന്നേരം, അരയന്നങ്ങൾ ഒരു മരക്കമ്പ് രണ്ടറ്റം കടിച്ചു പിടിച്ചു. എന്നിട്ട്, കമ്പിന്റെ നടുക്ക് ആമയോടു കടിച്ചു പിടിച്ച് കിടക്കുവാൻ പറഞ്ഞു. ആമ അപ്രകാരം ചെയ്തു. അവർ പറന്നുയർന്ന് യാത്ര ചെയ്യവേ, കുറച്ചു വികൃതിക്കുട്ടികൾ താഴെ ഗ്രാമത്തിൽ കളിക്കുന്നുണ്ടായിരുന്നു. അവർ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു കാഴ്ച കണ്ടത്!
അവരെല്ലാം കൂടി വലിയ ബഹളത്തോടെ ആർത്തു വിളിച്ചു. ഉടൻ, താഴേയ്ക്കു നോക്കിയ ആമയ്ക്ക് ദേഷ്യം ഇരച്ചുകയറി.
"ഞാൻ പറന്നു പോകുന്നതിന് ആർക്കാണ് ഇത്ര വിഷമം? നിങ്ങൾ പോയി നിങ്ങളുടെ പണി നോക്ക്"
അതു മുഴുവൻ പറഞ്ഞു തീരും മുൻപ് കമ്പിലെ പിടിവിട്ട് താഴെയുള്ള കൊട്ടാരത്തിന്റെ കൽക്കെട്ടിൽ ആമ ശക്തിയായി പതിച്ച് പൊട്ടിച്ചിതറി.
കൊട്ടാരത്തിലെ രാജാവായ ബ്രഹ്മദത്തനും മന്ത്രിയായ ബോധിസത്വനും ഈ കാഴ്ച കണ്ടു. അന്നേരം ബോധിസത്വൻ പറഞ്ഞു - "ആവശ്യമില്ലാത്തിടത്ത് വായ തുറക്കുന്നവർക്ക് ഇതായിരിക്കും അനുഭവം!"
Written by Binoy Thomas, Malayalam eBooks-756- Jataka tales - 30-PDF -https://drive.google.com/file/d/1u-2QYX-Qdalo_gA-zRi_NBdR4GqaX0fO/view?usp=drivesdk
Comments