(757) കുയിലുകളുടെ ഒരുമ
ഒരു കാട്ടിലെ കുയിലുകൾ എല്ലാവരും വളരെ സ്നേഹത്തിൽ ഒരുമിച്ചാണു കഴിഞ്ഞിരുന്നത്. അവരുടെ രാജാവായിരുന്നു കുയിലായി ജന്മമെടുത്ത ബോധിസത്വൻ.
ഒരിക്കൽ, ഒരു വേട്ടക്കാരൻ ഈ കുയിൽകൂട്ടത്തെ കണ്ടപ്പോൾ വളരെ രഹസ്യമായി വല വിരിച്ചു. അതിലൂടെ പറന്നു പോകുന്ന ചില കുയിലുകൾ വലയിൽ കുടുങ്ങി. വേട്ടക്കാരൻ എല്ലാ ദിവസവും വല വിരിക്കും.
ക്രമേണ, കുയിലുകളുടെ എണ്ണം കുറഞ്ഞുവരുന്നത് ബോധിസത്വന്റെ ശ്രദ്ധയിൽ പെട്ടു. അവൻ അന്വേഷിച്ചപ്പോൾ വേട്ടക്കാരൻ എല്ലാ ദിവസവും പക്ഷികളുടെ ശ്രദ്ധ തിരിക്കാനായി പല സ്ഥലങ്ങളിലായി വല വിരിക്കുമെന്ന് മനസ്സിലാക്കി.
അവൻ മറ്റുള്ള കുയിലുകളോടു പറഞ്ഞു - "നിങ്ങൾ പറക്കുന്ന വേളയിൽ വലയിൽ കുടുങ്ങിയാൽ എല്ലാവരും ഒന്നിച്ച് വലയും കൊണ്ട് മുകളിലേക്ക് ഉയരാൻ ശ്രമിക്കണം. പലപ്പോഴായി ഒറ്റയ്ക്ക് ശ്രമിച്ചാൽ ആരും രക്ഷപ്പെട്ടില്ലന്നു വരും"
അടുത്ത ദിവസം കുറെ കുയിലുകൾ പറന്നു വന്ന വഴിയിൽ വല വിരിച്ചിട്ടുണ്ടായിരുന്നു. അവർ എല്ലാവരും കുടുങ്ങി. അന്നേരം, കുയിൽരാജാവ് പറഞ്ഞത് അവരുടെ ഓർമ്മയിലെത്തി.
എല്ലാവരും ഒരുമിച്ച് മേലോട്ട് ശക്തിയായി പറന്നപ്പോൾ വല ഇളകി അവർ അതുമായി പറന്ന് രാജാവിന്റെ അടുക്കലെത്തി. അപ്പോൾ, രാജാവ് വലയുടെ കണ്ണികൾ പൊട്ടിച്ച് എല്ലാവരെയും സ്വതന്ത്രരാക്കി പറഞ്ഞു - "ഒരുമയുടെ ശക്തിയാണ് നിങ്ങളെ രക്ഷിച്ചത്!!!"
Written by Binoy Thomas, Malayalam eBooks-757- Jataka tales-31. PDF-https://drive.google.com/file/d/1r6c9DMBJiqaIkiN40A1aWYcNV4fSA2Fs/view?usp=drivesdk
Comments