(758) കടുവയുടെ തർക്കം
കാടിനുള്ളിലെ രണ്ടു ഗുഹകൾ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്നു. ആദ്യത്തെ ഗുഹയിൽ സിംഹവും രണ്ടാമതിൽ കടുവയും താമസിച്ചു. ക്രമേണ, അവർ ചങ്ങാതിമാരായി. കിട്ടുന്ന മാംസം വരെ പങ്കിട്ടു തിന്നാൻ തുടങ്ങി.
ഒരിക്കൽ, കാട്ടിലെങ്ങും വലിയ ശൈത്യം അനുഭവപ്പെട്ടു. ഒരു ദിനം, കടുവ സിംഹത്തോടു പറഞ്ഞു - "ഇതു ചന്ദ്രന്റെ വെളുത്ത പക്ഷമായതു കാരണമാണ് ഇത്രയും തണുപ്പ്."
പക്ഷേ, സിംഹം വിരുദ്ധമായി സംസാരിച്ചു - "എയ്, കറുത്ത പക്ഷത്തിന്റെ തണുപ്പാണിത്"
ആദ്യമായി ആ കൂട്ടുകാർ പരസ്പരം തർക്കിക്കാൻ തുടങ്ങി. എന്നാൽ, ശരിയായ കാര്യം പിടികിട്ടാത്തതിനാൽ രണ്ടു പേരും പിണക്കമായി. കുറെ ദിവസങ്ങൾ രണ്ടു പേരും മിണ്ടാതിരുന്നു. പിന്നീട്, അവർ ഒരു യോജിച്ച തീരുമാനത്തിലെത്തി - കാട്ടിലെ ആശ്രമത്തിലുള്ള സന്യാസിയായ ബോധിസത്വനോടു ചോദിക്കാമെന്ന് തീരുമാനത്തിലായി.
അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു - " നിങ്ങൾ രണ്ടു പേരും പറഞ്ഞത് ശരിയാണ്. വെളുത്തപക്ഷത്തിലും കറുത്ത പക്ഷത്തിലും തണുപ്പ് വരാറുണ്ട്. ഇത്രയും ചെറിയ കാര്യങ്ങൾക്ക് തർക്കിച്ച് സമയം കളയരുത്"
സൗഹൃദം കളയാൻ ഇതു പോലുള്ള നിസ്സാരമായ കാരണങ്ങൾ വന്നേക്കാമെന്ന് അവർ പാഠം പഠിച്ചു.
Written by Binoy Thomas, Malayalam eBooks-758- Jataka Stories - 32. PDF -https://drive.google.com/file/d/1ddwgwCTNwMV65CvxqqlXFSkVDVcbKpgz/view?usp=drivesdk
Comments