(766) കാക്കയും കുറുക്കനും
ഹിമാലയത്തിന്റെ താഴെയുള്ള പ്രദേശത്ത്, ഒരു വൃക്ഷ ദേവതയായി ബോധിസത്വൻ ജന്മമെടുത്തിരിക്കുകയാണ്. നിറയെ അത്തിപ്പഴമുള്ള അത്തിമരത്തിലാണു താമസം.
ഒരു ദിവസം, എങ്ങു നിന്നോ പറന്നു വന്ന കാക്ക ഈ പഴങ്ങൾ കണ്ട് അവിടെ കൂടി. പഴങ്ങൾ തിന്ന് തുള്ളിച്ചാടി നടന്ന നേരത്ത്, ഒരു കുറുക്കൻ മരച്ചുവട്ടിൽ വന്നിട്ട് മുകളിലേക്ക് നോക്കി.
"ഒരു അത്തിപ്പഴമെങ്കിലും എനിക്കു കിട്ടിയിരുന്നെങ്കിൽ!"
അങ്ങനെ പിറുപിറുത്തു കൊണ്ട് നിൽക്കവേ, മരത്തിലെ കാക്കയെ കണ്ടു. കാക്കയെ മുഖസ്തുതി വഴി പ്രീതിപ്പെടുത്തിയാൽ ഒരു പഴമെങ്കിലും കിട്ടുമെന്ന് കുറുക്കൻ വിചാരിച്ചു.
"ഹേയ്, നീ കാക്ക വംശത്തിലെ വലിയ പാട്ടുകാരിയാണെന്ന് കാട്ടിൽ എല്ലാവരും പറയുന്നുണ്ട് "
ആ പ്രശംസയിൽ കാക്കയുടെ മനസ്സ് കോരിത്തരിച്ചു. കാക്ക പറഞ്ഞു - "നിനക്ക് എന്താണു വേണ്ടത്? കുറച്ച് അത്തിപ്പഴം തരട്ടെ?"
കാക്ക അത്തിപ്പഴങ്ങൾ കൊത്തി താഴേക്ക് ഇട്ടു. അതിനു ശേഷം പറഞ്ഞു - "ചങ്ങാതീ, സജ്ജനങ്ങൾക്കു മാത്രമേ നിന്നേപ്പോലെ ചിന്തിക്കാൻ പറ്റൂ"
ഈ വിധത്തിൽ രണ്ടു പേരും പിന്നീടും പരസ്പരം പുകഴ്ത്താൻ തുടങ്ങി. അത്തിമരത്തിലെ ബോധിസത്വന് ഇതു കേട്ട് ദേഷ്യം വന്നു - "ശവം തിന്നുന്ന കുറുക്കനും എച്ചിലു തിന്നുന്ന കാക്കയും നടത്തുന്ന മുഖസ്തുതി കൊണ്ട് കള്ള ബഹുമാനം നടിക്കുന്നത് ഒന്നു നിർത്താമോ?"
ഇതു കേട്ട്, ഇരുവരും ലജ്ജിച്ച് തലതാഴ്ത്തി രണ്ടുവഴിക്കു പോയി.
Written by Binoy Thomas, Malayalam eBooks-766- Jataka story Series - 38, PDF -https://drive.google.com/file/d/14wjIz1A3IJQCoNcs19sBHQPKC1FmbBuK/view?usp=drivesdk
Comments