(777) വിഢികളുടെ ഉപകാരം
ഒരു മുതലാളിക്ക് തന്റെ പൂന്തോട്ടം എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയായിരുന്നു. ഏതു നേരവും അതിലെ ചെടികളും പൂക്കളും പരിപാലിക്കാൻ ഒരു തോട്ടക്കാരനെയും നിയമിച്ചിരുന്നു.
ഒരിക്കൽ, എവിടെ നിന്നോ ഒരു പറ്റം വാനരന്മാർ പൂന്തോട്ടത്തിനു ചുറ്റുമെത്തി. അവറ്റകൾ പലതരം കുസൃതികളും വികൃതികളും കാണിച്ച് തോട്ടക്കാരനുമായി ചങ്ങാത്തം കൂടി.
ഒരു ദിവസം - തോട്ടക്കാരൻ വിഷമിച്ച് ഇരിക്കുന്നതു കണ്ട കുരങ്ങന്മാർ ചോദിച്ചു - "അങ്ങ്, എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്?"
തോട്ടക്കാരൻ: "എനിക്ക് ഒരു ബന്ധുവിന്റെ കല്യാണത്തിനു പോകണം. മുതലാളി ദൂരെ യാത്രയ്ക്കു പോയതിനാൽ അനുവാദം ചോദിക്കാനും പറ്റില്ല. മാത്രമല്ല, ചെടികൾക്കു വെള്ളം ഒഴിക്കാനുണ്ട്. കിണറ്റിൽ വെള്ളം തീരെ കുറവാണ്"
കുരങ്ങൻനേതാവ് : "അങ്ങ് ധൈര്യമായി പോയി വരിക. ഞങ്ങൾ എല്ലാം കൃത്യമായി ചെയ്തു കൊള്ളാം"
തോട്ടക്കാരൻ കല്യാണത്തിനു പോയി. നേതാവ് പറഞ്ഞു - "പൂന്തോട്ടം നനയ്ക്കാൻ വെള്ളം കുറവാണ്. അതുകൊണ്ട് വേര് കൂടുതലുള്ള ചെടികൾക്ക് കൂടുതൽ വെള്ളം ഒഴിക്കണം. കുറവ് വേരുള്ളതിനു കുറവും"
ഉടൻ, ഒരു കുട്ടിക്കുരങ്ങൻ ചോദിച്ചു - "അത് എങ്ങനെയാണ് തിരിച്ചറിയുന്നത്?"
നേതാവ് പരിഹസിച്ചു - "എടാ, മരമണ്ടാ, വേരു മുറിയാതെ പതുക്കെ ചെടി ഉയർത്തി നോക്കണം"
അവരെല്ലാം അപ്രകാരം ചെയ്തു. വൈകുന്നേരം, തോട്ടക്കാരൻ വന്നപ്പോൾ ചെടികളെല്ലാം വാടി വെറുതെ കുത്തി നിർത്തിയിരിക്കുന്നു!
അവൻ നിലവിളിച്ചു കൊണ്ട് കുരങ്ങന്മാരെയെല്ലാം അടിച്ചോടിച്ചു -
"ഹും. ഇതെന്റെ ദുർവിധിയാണ്. വിഢികളെ ചങ്ങാതിമാരാക്കിയാൽ ഇതാണു ഫലം"
Written by Binoy Thomas, Malayalam eBooks-777- Jataka series - 47, PDF -https://drive.google.com/file/d/1X8LCSkN00oeCx8Mo9R6aZbRXpRze5H03/view?usp=drivesdk
Comments