(780) സർപ്പവും മിന്നാമിനുങ്ങും
പണ്ടുപണ്ട്, സിൽബാരിപുരംരാജ്യമാകെ കാടുപിടിച്ചു കിടക്കുകയായിരുന്നു. ഒരിക്കൽ, ഇരുട്ടു വീണ വഴിയിലൂടെ ഒരു പാമ്പ് ഇഴഞ്ഞു വരുന്ന വഴിയിൽ, ഇലയിൽ ഇരിക്കുന്ന മിന്നാമിനുങ്ങിനെ കണ്ടു. ഉടൻ, പാമ്പ് അതിനെ വിഴുങ്ങാനായി നാവു നീട്ടി.
ഞെട്ടി വിറച്ചു കൊണ്ട് മിന്നാമിനുങ്ങ് പാമ്പിനോടു ചോദിച്ചു - "എന്നെ വിഴുങ്ങുന്നതിനു മുൻപ് അങ്ങ് ദയവായി എന്റെ ചില സംശയങ്ങൾക്കുള്ള ഉത്തരം തരുമോ?"
പാമ്പ് : "ഉം.. നിന്റെ അന്ത്യാഭിലാഷമല്ലേ? സാധിച്ചു തന്നേക്കാം"
മിന്നാമിനുങ്ങ് ചോദിച്ചു - "ഒരു മിന്നാമിനുങ്ങ് പാമ്പിന്റെ ഭക്ഷണ ശൃംഖലയിൽ ഉൾപ്പെടുന്നവനാണോ?"
പാമ്പ് : "അല്ലാ"
മിന്നാമിനുങ്ങ്: "ഞാൻ അങ്ങയെ ഉപദ്രവിച്ചോ? എന്തെങ്കിലും തടസ്സമോ പ്രശ്നമോ വരുത്തിയോ?"
പാമ്പ് : "ഏയ്, ഒന്നുമില്ലാ"
മിന്നാമിനുങ്ങ്: "എന്നെ തിന്നാൽ അങ്ങയുടെ വിശപ്പു മാറുമോ?"
പാമ്പ് : "ഇല്ലാ, എനിക്കു വിശക്കുന്നില്ല"
മിന്നാമിനുങ്ങ്: "എങ്കിൽ പിന്നെ എന്തിനാണ് എന്നെ വിഴുങ്ങുന്നത്?"
പാമ്പ് തന്റെ ലക്ഷ്യം വെളിപ്പെടുത്തി - "നീ തിളങ്ങുന്നത് എനിക്കു സഹിക്കുന്നില്ല. ഇത്രയും വലിയ എനിക്ക് ഇല്ലാത്ത കഴിവ് നിനക്കെന്തിന്?"
ഉടൻ, പാമ്പ് മിന്നാമിനുങ്ങിനെ വിഴുങ്ങി.
ചിന്തിക്കുക... പല പ്രശ്നങ്ങളുടെയും തുടക്കം ഏതെങ്കിലും നേട്ടമോ കഴിവോ നന്മയോ തിളക്കമോ ഒരാളിൽ ഉള്ളതു മറ്റുള്ളവർക്കു സഹിക്കാൻ വയ്യാതെ ഉണ്ടാകുന്നതാകാം. നിറയെ മാങ്ങയുള്ള മാവു മാത്രമേ ഏറു വാങ്ങിയ ചരിത്രമുള്ളൂ....
Written by Binoy Thomas, Malayalam eBooks-780- Thinmakal-38, PDF -https://drive.google.com/file/d/16DtrXYwsns-aTLuMw2OI-ZmHDfx_SHH5/view?usp=drivesdk
Comments