(782) കുട്ടിക്കുരങ്ങൻ
കാടിനോടു ചേർന്നുള്ള ഗ്രാമമായിരുന്നു അത്. ഗ്രാമവാസികൾ നട്ടുവളർത്തിയ അത്തിമരം വളരെ വലുതായി. സ്വാദേറിയ അത്തിപ്പഴങ്ങൾ മരം നിറയെ കിടക്കുന്ന കാലം.
കാട്ടിലെ കുരങ്ങന്മാർ കൂട്ടമായി വന്ന് അത്തിപ്പഴങ്ങൾ തിന്നിട്ടു മടങ്ങുന്നതിൽ നാട്ടുകാർക്കു വലിയ ശല്യമായി. അവർ പല രീതിയിലും ശ്രമിച്ചിട്ടും കുരങ്ങന്മാരുടെ ശല്യം നിർത്താൻ പറ്റിയില്ല. പിന്നീട്, ഗ്രാമത്തലവൻ പറഞ്ഞ പ്രകാരം, അത്തിമരത്തിനു ചുറ്റും വേലി കെട്ടി ആളുകൾ കാവൽ നിന്നു.
കുരങ്ങന്മാരുടെ സംഘത്തിൽ ഒരു കുട്ടിക്കുരങ്ങനായി ബോധിസത്വൻ ജന്മമെടുത്തു. ആളുകൾ കാവൽ നിൽക്കുന്ന കാര്യം അവൻ മനസ്സിലാക്കി മറ്റുള്ളവരോടു പറഞ്ഞു - "നമ്മൾ ആ മരം ഉപേക്ഷിക്കുന്നതാണു നല്ലത്. കാരണം, മനുഷ്യർ നമ്മളുമായി കാഴ്ചയ്ക്ക് സാമ്യം ഉണ്ടെങ്കിലും അവർക്കു ബുദ്ധിശക്തി കൂടുതലാണ്. നമ്മെ കെണിയിൽ വീഴ്ത്തും"
പക്ഷേ, ഈ മുന്നറിയിപ്പ് എല്ലാവരും അവഗണിച്ചു. അന്ന്, പാതിരാത്രിയാകാൻ വാനര സംഘം കാത്തിരുന്നു. അന്നേരം, കാവൽക്കാർ വീട്ടിൽ പോയി കിടന്നുറങ്ങി. ഉടൻ, കുരങ്ങന്മാർ അത്തിമരത്തിൽ കയറി പഴങ്ങൾ മൂക്കറ്റം തിന്നു. പിന്നീട്, സുരക്ഷാ കാര്യങ്ങളൊക്കെ കുരങ്ങന്മാർ മറന്ന് അവരുടെ ജന്മവാസനയായ ബഹളം തുടങ്ങി.
അതു കേട്ട്, നാട്ടുകാർ വടിയും കല്ലുമായി അത്തിമരം വളഞ്ഞു. വെളിച്ചം വന്നിട്ട്, എല്ലാത്തിനെയും അടിച്ചു കൊല്ലാമെന്ന് അവർ ആസൂത്രണം ചെയ്തു. പക്ഷേ, ഇതെല്ലാം കുട്ടിക്കുരങ്ങൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അവൻ പാത്തും പതുങ്ങിയും നാട്ടിലിറങ്ങിയപ്പോൾ ഒരു വീടിന്റെ തിണ്ണയിൽ മണ്ണെണ്ണ വിളക്ക് കത്തിനിൽക്കുന്നത് അവൻ കണ്ടു. ആ കുട്ടിക്കുരങ്ങൻ അതു റാഞ്ചി അടുത്തു കണ്ട വൈക്കോൽ തുറുവിന് തീ വച്ചു. തീ മേലോട്ട് ആളിയ നേരത്ത്, അത്തിമരച്ചുവട്ടിലുണ്ടായിരുന്ന ആളുകൾ അങ്ങോട്ട് ഓടി.
അത്രയും നേരം അത്തിമരത്തിൽ പേടിച്ചു മറഞ്ഞിരുന്ന കുരങ്ങന്മാർ കാട്ടിലേക്കു പാഞ്ഞു. അവിടെ ചെന്നപ്പോൾ കുട്ടിക്കുരങ്ങൻ ഒന്നും അറിയാത്ത ഭാവത്തിൽ അവിടെയുണ്ടായിരുന്നു.
Written by Binoy Thomas, Malayalam eBooks-782 - Jataka tales- 48, PDF -https://drive.google.com/file/d/1ZRytnqG1Ud2WaTIKI5KhIKC3ZZ8RXa36/view?usp=drivesdk
Comments