(783) എലിയുടെ പൊൻപണം
ഒരിക്കൽ, വളരെയേറെ സമ്പത്തുണ്ടായിരുന്ന ദമ്പതികൾ പെട്ടെന്ന് പകർച്ചവ്യാധി വന്ന് അവകാശികൾ ഇല്ലാതെ മരണമടഞ്ഞു. പക്ഷേ, കുന്നു കൂടിയ പൊൻപണം വിട്ടു പോകാൻ വല്ലാത്ത മടിയായിരുന്നു ഭാര്യയ്ക്ക്. അതുകൊണ്ടു തന്നെ അടുത്ത ജന്മത്തിൽ ആ വീട്ടിൽത്തന്നെ മൂഷികനായി ആ സ്ത്രീ ജനിച്ചു.
എന്നാൽ, പിന്നെയും വിഷമിക്കുകയാണ് മൂഷികൻ ചെയ്തത്. കാരണം, സ്വർണം കൊണ്ട് ആഹാരം പോലും വാങ്ങാൻ പറ്റാത്ത അവസ്ഥ.
അതേസമയം, ബോധിസത്വൻ ആ ദേശത്തെ രത്നക്കല്ലുകളുടെ പണിക്കാരനായി അവതരിച്ചിരുന്നു. മൂഷികൻ ഒരു സ്വർണ്ണ നാണയവും കടിച്ചു പിടിച്ച് അയാളുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു - "എനിക്ക് ഈ സ്വർണം കൊണ്ട് ഒന്നും ചെയ്യാനാകില്ല. പകരം, അങ്ങ് ഇതു വിറ്റു കിട്ടുന്ന പണം കൊടുത്ത് എനിക്ക് ഇറച്ചി മേടിച്ചു തന്നാൽ മതി"
പണിക്കാരനു സമ്മതമായി. എന്നും ഓരോ നാണയത്തിനു പകരമായി എലിക്കു ഇറച്ചിയും കിട്ടിയിരുന്നു. ഒരിക്കൽ, ഇറച്ചിയുമായി വന്ന എലി പൂച്ചയുടെ മുന്നിൽ അകപ്പെട്ടു. രക്ഷപ്പെടാനായി എലി പറഞ്ഞു - "എല്ലാ ദിവസവും എനിക്കു കിട്ടുന്ന ഇറച്ചിയുടെ പകുതി അങ്ങേയ്ക്കു തരാം"
ആ കരാർ പൂച്ചയ്ക്ക് സമ്മതമായി. കുറെ ദിവസം കഴിഞ്ഞപ്പോൾ പൂച്ചയുടെ കൂട്ടുകാരും ഈ വിവരം അറിഞ്ഞു. അവർക്കു കൂടി ഇറച്ചി കൊടുത്തപ്പോൾ എലി വീണ്ടും പട്ടിണിയായി.
ഒരു ദിവസം, പണിക്കാരൻ എലിയെ ശ്രദ്ധിച്ചു -"നീ എന്താണ് നല്ല ഇറച്ചി എല്ലാ ദിവസവും കിട്ടിയിട്ടും ഇങ്ങനെ ക്ഷീണിച്ചു വരുന്നത് ?"
അപ്പോൾ, എലി അതു വരെ നടന്ന കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞു. അന്നേരം, പണിക്കാരൻ ഒരു വിദ്യ എലിക്കു പറഞ്ഞു കൊടുത്തു - "നീ ഇറച്ചി തരാമെന്നു പറഞ്ഞ് എന്റെ വീട്ടിലേക്ക് അവരെ കൊണ്ടുവരിക"
അതിൻപ്രകാരം, ഇറച്ചി തരാമെന്ന് പറഞ്ഞ് പൂച്ചകളെ പണിക്കാരന്റെ വീട്ടിലേക്ക് എലി കൂട്ടിക്കൊണ്ടു പോയി.
വലിയ കഷണം ഇറച്ചി കണ്ട പാടേ മൂന്നു പൂച്ചകളും ചെറിയ കവാടത്തിലൂടെ അകത്തേക്കു ചാടി. പക്ഷേ, കവാടത്തിന്റെ വശങ്ങളിൽ അതീവ മൂർച്ചയുള്ള രത്നക്കല്ലുകൾ പണിക്കാരൻ വച്ചിട്ടുണ്ടായിരുന്നു. ചാടിയപ്പോൾ പൂച്ചകളുടെ വയറു കീറിപ്പോയി. അതോടെ, അവറ്റകൾ ചത്തുവീണു!
പിന്നീട്, നന്ദിസൂചകമായി എലിയാകട്ടെ, പണിക്കാരന് ദിവസവും രണ്ടു നാണയം വീതം കൊടുക്കാൻ തുടങ്ങി.
Written by Binoy Thomas, Malayalam eBooks-783 - Jataka Story Series - 49, PDF -https://drive.google.com/file/d/1rai2CU_qQ7sZnaRhRqj3ydGZYixrb_Fk/view?usp=drivesdk
Comments