(787) കണ്ടറിയാത്തവൻ!
ഒരു ജന്മത്തിൽ ബോധിസത്വൻ കച്ചവടക്കാരനായി ദേശങ്ങൾ തോറും സഞ്ചരിക്കുന്ന മനുഷ്യനായിരുന്നു. ഒരിക്കൽ, ഒരു നാട്ടിലെ ആൽമരച്ചുവട്ടിൽ അദ്ദേഹം വിശ്രമിക്കുന്ന സമയം.
അന്നേരം, ഒരു വലിയ മുട്ടനാട് അതിലെ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. ആ നേരത്ത്, ഒരു ബ്രാഹ്മണഭിക്ഷു തന്റെ സഞ്ചിയും ഭാണ്ഡക്കെട്ടുമായി അവിടെ വന്നിരുന്നു. എന്നാൽ, ബോധിസത്വൻ യാതൊരു ഭാവഭേദവുമില്ലാതെ ഇരിക്കുന്നതു കണ്ടിട്ട് ഭിക്ഷുവിന് ദഹിച്ചില്ല.
അപ്പോൾ, ആട് അങ്ങോട്ടു വന്ന് ഭിക്ഷുവിന്റെ മുന്നിൽ പതുങ്ങി നിന്ന് തല കുനിച്ചു. ഉടൻ, അയാൾ പറഞ്ഞു - "കേവലം, ഒരു മൃഗത്തിനു പോലും ബഹുമാനിക്കേണ്ടവരെ തിരിച്ചറിയാം!"
ബോധിസത്വൻ പുഞ്ചിരിയോടെ പറഞ്ഞു -"അതൊരു മുട്ടനാടാണ്. അതു തല കുനിക്കുന്നത് ആക്രമിക്കുന്നതിനു മുൻപുള്ള പതിവുരീതിയാണ് "
പക്ഷേ, ഭിക്ഷു അത് പുച്ഛിച്ചു തള്ളി. അനന്തരം, അയാൾ കണ്ണടച്ച് കയ്യ് ഉയർത്തി ആടിനെ അനുഗ്രഹിച്ചു.
അതേസമയം, ആട് സർവ്വ ശക്തിയും എടുത്ത് കുതിച്ചുചാടി ഭിക്ഷുവിനെ ഇടിച്ചു തെറിപ്പിച്ചു. വീണു കിടന്ന അയാളെ വീണ്ടും വീണ്ടും കുത്തി. അയാൾ വേദനയോടെ ഞരങ്ങി.
അന്നേരം, ബോധിസത്വൻ പറഞ്ഞു- "കണ്ടറിയാത്തവൻ കൊണ്ടറിയും"
Written by Binoy Thomas, Malayalam eBooks-787 - Jataka Stories - 53, PDF -https://drive.google.com/file/d/1iXWuucwdGGdnE0YoBdZNm4o9F3Cq3vhp/view?usp=drivesdk
Comments