(793) പനമ്പഴം
കാട്ടിലെ മാനുകളുടെ നേതാവായി ബോധിസത്വൻ ജന്മമെടുത്തു. അവരെല്ലാം കൂടി തുള്ളിച്ചാടി ഒരു പനമരത്തിന്റെ സമീപത്തു ചെന്നു. അവിടെ ധാരാളം പനമ്പഴങ്ങൾ കിടപ്പുണ്ടായിരുന്നു. അവർക്കു വലിയ സന്തോഷമായി.
അതേസമയം, ഒരു വേടൻ അതുവഴി പോയപ്പോൾ അതു ശ്രദ്ധിച്ചു. അയാളുടെ കയ്യിലെ കുന്തം കൊണ്ട് നാലു മാനുകളെ ശക്തിയായി കുത്തി വീഴ്ത്തി. മനോഹരമായ മാൻതോലിന് ചന്തയിൽ പൊന്നുംവിലയായിരുന്നു.
പനമ്പഴത്തിന്റെ അതീവ രുചി കാരണം, അടുത്ത ദിവസവും മാനുകൾ ഇവിടെ വരുമെന്ന് വേടൻ കണക്കുകൂട്ടി. അടുത്ത ദിനം- അപകടം ഉണ്ടെങ്കിലും പനമ്പഴം തിന്നാൻ കൊതിച്ച് ബോധിസത്വൻ ചുറ്റുപാടും ശ്രദ്ധിച്ച് അവിടെയെത്തി.
അന്നേരം, പനയുടെ അടുത്തായി നിന്ന അത്തിമരത്തിലെ ഇലകൾക്കിടയിൽ മറഞ്ഞിരുന്ന വേടനെ മാൻ ശ്രദ്ധിച്ചു. എങ്കിലും കണ്ടതായി ഭാവിച്ചില്ല. ഉടൻ, വേടൻ തന്റെ കയ്യിലുണ്ടായിരുന്ന ഏതാനും പനമ്പഴം താഴേയ്ക്കിട്ടു. അശ്രദ്ധമായി തിന്നുമ്പോൾ കുന്തം കൊണ്ടു കുത്തി വീഴ്ത്താനായിരുന്നു പദ്ധതി.
പക്ഷേ, മാൻ പറഞ്ഞു - "ഹൊ! അത്തിമരത്തിൽ നിന്നും പനമ്പഴം വീഴുകയോ? ഇതു വിശ്വസിക്കാൻ പ്രയാസമാണ് "
അതു കേട്ടയുടൻ, വേടൻ മരത്തിലെ അത്തിപ്പഴം പറിച്ചു താഴെയിട്ടു. അന്നേരം, മാൻ പിന്നെയും പറഞ്ഞു - "ഹേയ്, അത്തിമരമേ, നിന്നെ വിശ്വസിക്കാൻ കൊള്ളില്ല. നീ മനുഷ്യരെപ്പോലെ പെരുമാറരുത്!"
എന്നിട്ട്, മാൻ ദൂരെ ദിക്കിലേക്ക് കൂട്ടുകാരുമൊത്ത് കുതിച്ചു പാഞ്ഞു.
Written by Binoy Thomas, Malayalam eBooks-793 - Jataka tales - 59 PDF -https://drive.google.com/file/d/17aJeiqUOWXVdlHrl-APp2C0totUs8cvU/view?usp=drivesdk
Comments