(796) ബ്രാഹ്മണന്റെ തത്ത
ഒരു ജന്മത്തിൽ ബോധിസത്വൻ തത്തയായി ജനിച്ചു. അനുജനുമൊത്ത് സുഖമായി കഴിഞ്ഞു കൂടുമ്പോൾ പക്ഷിപിടിത്തക്കാരൻ ഇവരെ വലയിലാക്കി. പിന്നീട്, കിളിക്കൂട്ടിലാക്കി ഒരു ബ്രാഹ്മണനു വിറ്റു.
ബ്രാഹ്മണൻ നല്ലൊരു വ്യക്തിയായിരുന്നു. പക്ഷേ, അയാളുടെ ഭാര്യയാകട്ടെ ദുഷിച്ച സ്ത്രീയായിരുന്നു. ഒരിക്കൽ, ബ്രാഹ്മണൻ ദൂരെ ദിക്കിലേക്ക് യാത്രയായപ്പോൾ തത്തകളോടായി പറഞ്ഞു - "നിങ്ങൾ, ഈ വീടും പരിസരവും മാത്രമല്ല, യജമാനത്തിയെയും ശ്രദ്ധിക്കണം. എന്തുണ്ടെങ്കിലും തിരികെ വരുമ്പോൾ പറയണം"
അയാൾ യാത്രയായി. ആ വീട്ടിലേക്ക് വീട്ടുകാരിയുടെ ചില ദുഷിച്ച കൂട്ടുകാർ വരാൻ തുടങ്ങി. അന്നേരം, അനുജൻതത്ത ചേട്ടനോടു പറഞ്ഞു - "ഈ കാര്യം തെറ്റാണെന്ന് യജമാനത്തിയോടു പറഞ്ഞു കൊടുക്കണം"
ഉടൻ, ചേട്ടൻതത്ത അവനെ തിരുത്തി -"അതു വേണ്ട, നമ്മൾ പറന്നു നടക്കുകയായിരുന്നെങ്കിൽ എന്തും വിളിച്ചു പറയാമായിരുന്നു. കൂട്ടിലുള്ള നമ്മളെ ആർക്കും എന്തും ചെയ്യാം"
പക്ഷേ, അനുജൻ അതു ന്യായമല്ലെന്നു വാദിച്ചു. അവൻ ആ സ്ത്രീയെ ഉപദേശിച്ചു. അപ്പോൾ യജമാനത്തി പറഞ്ഞു - "വളരെ നല്ല കാര്യമാണു നീ പറഞ്ഞു തന്നത്"
അപ്പോൾത്തന്നെ കൂടു തുറന്ന് അനുജനെ വാൽസല്യത്തോടെ പിടിച്ചു കൊണ്ടുപോയി കഴുത്തു ഞെരിച്ച് തീക്കനൽ നിറഞ്ഞ അടുപ്പിലേക്ക് എറിഞ്ഞു!
ബ്രാഹ്മണൻ യാത്ര കഴിഞ്ഞ് തിരികെയെത്തി അയാൾ തത്തക്കൂടിന്റെ അരികിലെത്തി. കൂടു തുറന്ന് തത്തയെ വെളിയിൽ ഇറക്കി. അദ്ദേഹം ചോദിച്ചു - "നിന്റെ അനുജൻ എവിടെ?"
തത്ത പറന്ന് ഉയർന്ന ശേഷം പറഞ്ഞു - "സത്യം പറഞ്ഞ അവനെ അടുപ്പിലിട്ടു ചുട്ടു കളഞ്ഞു! സത്യവും നീതിയും ജയിക്കാത്ത സ്ഥലത്ത് ഇനി ഞാൻ നിൽക്കുന്നതു ശരിയല്ല"
തത്ത ദൂരെയുള്ള കാട്ടിലേക്കു പറന്നു പോയി.
Written by Binoy Thomas, Malayalam eBooks-796 - Jataka stories - 61, PDF -https://drive.google.com/file/d/1v_vHqdj3v3G_WhVcGkvDQsGhPKBI3no7/view?usp=drivesdk
Comments