(800) നന്ദിയും നന്ദികേടും
ബ്രഹ്മദത്തൻരാജാവ് വാരാണസി ഭരിച്ചു വന്ന കാലം. അദ്ദേഹത്തിന്റെ മകൻ ദുഷ്ടനായിരുന്നു. ആ രാജകുമാരൻ എല്ലാ ദിവസവും പുഴയിൽ കുളിക്കാൻ പോകുന്നതു പതിവാണ്. ഒരു ദിവസം, കുളിക്കുമ്പോൾ മിന്നൽപ്രളയം വന്ന് രാജകുമാരൻ ഒഴുകിപ്പോയി. കുറെ ദൂരം വെള്ളത്തിലൂടെ ഒഴുകി അവശനായി ഒരു മരത്തിൽ പിടിച്ചു കിടന്നു. മാത്രമല്ല, ആ മരത്തിൽ, തണുത്തു വിറച്ച് ഒരു പാമ്പും തത്തയും എലിയും അഭയം കണ്ടെത്തി.
ഈ രംഗം കണ്ടുകൊണ്ട് സന്യാസിയായ ബോധിസത്വൻ അവിടെ ഇറങ്ങി വെള്ളത്തിലെ തടി പിടിച്ചു വലിച്ച് കരയ്ക്കു കയറ്റി. അപ്പോൾ, ജീവൻ രക്ഷിച്ചതിനു നന്ദിയായി ആ മൃഗങ്ങൾ പറഞ്ഞു - "ഞങ്ങൾ അങ്ങേയ്ക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ സഹായിച്ചു കൊള്ളാം"
ഇതു കേട്ടപ്പോൾ, ദുഷ്ടനായ രാജകുമാരനും പറഞ്ഞു - "അങ്ങ്, കൊട്ടാരത്തിലേക്കു വരിക. ഞാൻ സഹായിച്ചു കൊള്ളാം"
കുറെ മാസങ്ങൾ കഴിഞ്ഞു. സഹായം വാഗ്ദാനം ചെയ്ത മൃഗങ്ങളെയും മനുഷ്യനെയും ഒന്നു കാണാമെന്ന് വിചാരിച്ച് സന്യാസി യാത്രയായി. എലിയും സർപ്പവും പറഞ്ഞു - "ഞങ്ങളുടെ മാളത്തിനടുത്തായി ഭൂഗർഭ നിലവറയിൽ, പണ്ടത്തെ ഏതോ രാജാക്കന്മാർ ഉപേക്ഷിച്ചു പോയ വലിയ സ്വർണ്ണ ശേഖരം കിടപ്പുണ്ട്. എപ്പോൾ വേണമെങ്കിലും അങ്ങ് അത് എടുത്തു കൊള്ളുക"
ഇപ്പോൾ വേണ്ടെന്നു പറഞ്ഞ് യാത്രയായി. തത്ത പറഞ്ഞത് നെൽ കൂമ്പാരം എടുക്കാനാണ്. അദ്ദേഹം അതും സ്നേഹത്തോടെ നിരസിച്ചു. പിന്നീട് കൊട്ടാരത്തിലേക്കുള്ള വഴിയിലൂടെ നടന്നു. അന്നേരം, പിതാവിന്റെ മരണ ശേഷം, രാജകുമാരൻ രാജാവായി രാജവീഥിയിലൂടെ എഴുന്നെള്ളുന്ന സമയമായിരുന്നു.
ആനപ്പുറത്തിരിക്കുന്ന അയാൾക്ക് സന്യാസിയെ പിടികിട്ടി. തന്നെ രക്ഷിച്ചത് ആ സന്യാസിയാണെന്ന് അറിയുന്നതിൽ രാജാവിനു ലജ്ജ തോന്നി. ഉടൻ, അയാൾ കല്പിച്ചു - "വഴിയിലൂടെ നടന്നു വരുന്ന കള്ള സന്യാസിയെ മരത്തടി കൊണ്ട് അടിച്ച ശേഷം വധിച്ചു കളഞ്ഞേക്കൂ"
തുടർന്ന്, ഓരോ അടിയും ഏൽക്കുമ്പോൾ സന്യാസി നിലവിളിച്ചു - "ഒരു മരക്കഷണത്തിന് ഇതിലും നന്ദി കാണും"
അതു കേട്ട് ജനം സന്യാസിയോടു യഥാർഥ കാര്യം ചോദിച്ചറിഞ്ഞു. ഉടൻ, ആളുകൾ രാജാവിന് എതിരായി വിപ്ലവം തുടങ്ങി. ഭടന്മാരെയും രാജാവിനെയും വധിച്ചു. തുടർന്ന്, സന്യാസിയെ രാജാവാക്കി വാഴിച്ചു. അദ്ദേഹം, എലിയുടെയും പാമ്പിന്റെയും സ്വർണങ്ങൾ ശേഖരിച്ച് ഖജനാവിലാക്കി പ്രജകൾക്കായി കാരുണ്യ പ്രവൃത്തികൾ ചെയ്തു. അതിനു ശേഷം, എലി, പാമ്പ്, തത്ത എന്നിവരെ കൊട്ടാര ഉദ്യാനത്തിൽ താമസിപ്പിക്കുകയും ചെയ്തു.
Written by Binoy Thomas, Malayalam eBooks-800- Jataka story Series - 65, PDF -https://drive.google.com/file/d/1wevOT1SLk2JO6xmbVT6TgscMlxpWa1oN/view?usp=drivesdk
Comments