(803) കുരങ്ങനും മാമ്പഴവും
ബോധിസത്വൻ കുരങ്ങന്മാരുടെ രാജാവായി കാടിനോടു ചേർന്ന ഒരു പുഴക്കരയിൽ താമസിക്കുകയായിരുന്നു. അവിടെ പുഴയോരത്ത് വലിയൊരു മാവ് നിൽക്കുന്നുണ്ട്. അതിൽ നിറയെ മാങ്ങകൾ ഉണ്ടെങ്കിലും ഒരു മാങ്ങ പോലും പഴുത്ത് പുഴയിൽ വീഴാൻ ബോധിസത്വൻ അനുവദിക്കാറില്ല.
കാരണം, മനുഷ്യരുടെ കയ്യിൽ ഈ അപൂർവ്വയിനം മാങ്ങാ കിട്ടി അതു തിന്നാൽ ഈ മാവിനെ തേടി ഇവിടെയെത്തി കുരങ്ങന്മാരുടെ താവളം നശിപ്പിക്കുമെന്ന് ബോധിസത്വൻ വിചാരിച്ചു.
എന്നാൽ, ഒരു ദിവസം, ബോധിസത്വൻ കാണാതെ ഇലകൾക്കിടയിൽ മറഞ്ഞു കിടന്ന പഴം വെള്ളത്തിൽ വീണു. അത് ഒഴുകിപ്പോയി ബ്രഹ്മദത്തൻ രാജാവ് കുളിക്കുന്നതിനിടയിൽ അദ്ദേഹത്തിനു കിട്ടി. അതിന്റെ വിശേഷ ആകൃതി കാരണം തിന്നാവുന്ന പഴമാണോ എന്നറിയില്ല. കാട്ടുജാതിക്കാരെ വിളിച്ചു കാട്ടിയപ്പോൾ കുറെ ദൂരെ സ്ഥിതി ചെയ്യുന്ന മാവിന്റെ മാങ്ങായെന്ന് അവർ പറഞ്ഞു.
രാജാവ് തിന്നു നോക്കിയപ്പോൾ അത്ഭുതപ്പെട്ടു! അപാരമായ രുചി! പിന്നീട്, അവർ ആ മാവ് തിരക്കി അവിടെയെത്തി. പക്ഷേ, മാവിൽ നിറയെ കുരങ്ങന്മാരെന്ന് കണ്ടപ്പോൾ രാജാവിനു ദേഷ്യമായി - "എല്ലാറ്റിനെയും കൊന്നു കളഞ്ഞേക്ക്. എല്ലാ മാങ്ങയും നമുക്കു വേണം"
അപകടം മനസ്സിലാക്കിയ ബോധിസത്വൻ മാവിൽ നിന്നും നദിക്കു കുറുകെ ചാടി. ഒരു നീളം കൂടിയ മുളയെടുത്ത് അതിൽ കയറു കെട്ടി തിരികെ മാവിലേക്കു ചാടി. പക്ഷേ, മുളയ്ക്ക് നീളം അല്പം കുറവായിരുന്നു. എങ്കിലും, അവൻ മാവിന്റെ കൊമ്പിൽ തൂങ്ങിക്കിടന്ന് ഓരോ കുരങ്ങനെയും അക്കരയിലേക്ക് എത്തിച്ചു.
അതേസമയം, ബോധിസത്വന്റെ ശത്രുവായ ദേവദത്തൻ ഒടുവിൽ അക്കരയ്ക്ക് പോകാനായി മന:പൂർവ്വം ബോധിസത്വന്റെ മുകളിലേക്ക് ചാടുകയാണു ചെയ്തത്. ഭയങ്കര വേദന എടുത്തിട്ടും കുരങ്ങൻരാജാവ് പിടി വിട്ടില്ല.
ഇതെല്ലാം നോക്കിയിരുന്ന രാജാവ് ബോധിസത്വനെ പിടിച്ചു. അദ്ദേഹം ചോദിച്ചു - "നീ ആപത്തിൽ പെട്ടിട്ടും എന്തിനാണ് സ്വയം ത്യാഗം ചെയ്ത് അവരെയെല്ലാം രക്ഷിച്ചത്?"
കുരങ്ങൻരാജാവ് പറഞ്ഞു - "ഞാൻ അവരുടെ രാജാവാണ്. എന്റെ പ്രജകളെ രക്ഷിക്കേണ്ടത് എന്റെ കടമയാണ്"
അതു കഴിഞ്ഞ് ആ കുരങ്ങൻ മരിച്ചു. രാജാവ് ബഹുമതികളോടെ ബോധിസത്വനെ സംസ്കരിച്ചു.
Written by Binoy Thomas, Malayalam eBooks-803- Jataka tales - 68, PDF -https://drive.google.com/file/d/1LUjUf4w_K-mq_PdPOWhWqLYbkT1Rlyx9/view?usp=drivesdk
Comments