(804) ആനയും രാജാവും
വാരാണസി രാജ്യം ബ്രഹ്മദത്തൻ ഭരിച്ചു വന്നിരുന്ന സമയം. അയൽദേശത്തെ ആശാരിമാർ തടിവെട്ടുകാരുമായി കാടിനുള്ളിൽ പോയി മരം മുറിച്ച് ഉരുപ്പടികൾ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ ചെയ്യും. അതിനു ശേഷം, അവയെല്ലാം കൂട്ടിക്കെട്ടി നദിയിലൂടെ ഒഴുക്കി വാരാണസിയിൽ എത്തിച്ച് വിൽപ്പന നടത്തുന്നത് പതിവായിരുന്നു.
ഒരിക്കൽ, ഒരു ലക്ഷണമൊത്ത ആനയുടെ കാലിൽ മരക്കുറ്റി തറച്ചു കയറി. അതു കാരണം നടക്കാൻ പറ്റാത്ത നിലയിലായി. ആന ആശാരിമാരുടെ അടുത്തു ചെന്നപ്പോൾ അവർ ആ കുറ്റി വലിച്ച് ഊരിയെടുത്തു. അതിന്റെ നന്ദിയായി അവൻ അവരുടെ കൂടെ പണിക്കു നിന്നു.
ഒരു ദിവസം, അവന്റെ ആനപ്പിണ്ടം തടികൾക്കിടയിൽ നദിയിലൂടെ ഒഴുകിപ്പോയി. വാരാണസിയിൽ ചെന്നപ്പോൾ അതിന്റെ വലിപ്പം കണ്ടപ്പോൾ അതൊരു ലക്ഷണമൊത്ത ആനയുടേതാണെന്ന് അവർ രാജാവിനെ അറിയിച്ചു. രാജാവും ഭടന്മാരും കാട്ടിലെത്തി ആശാരിമാരയും ആനയെയും കണ്ടു. ആനയെ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു - "എന്റെ കാലിലെ മുറിവ് മാറ്റിയത് ഈ ആശാരിമാരാണ്. അവർ തരുന്ന ആഹാരം കഴിച്ചാണ് ഞാൻ ജീവിക്കുന്നത്. അതിനാൽ അവർക്ക് ഉചിതമായ സഹായം ചെയ്താൽ ഞാൻ വരാം"
രാജാവ് അവർക്കെല്ലാം സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ചപ്പോൾ ആന കൊട്ടാരത്തിലെത്തി. വൈകാതെ രാജാവ് മരിച്ചു. റാണി അപ്പോൾ ഗർഭിണിയായിരുന്നു. അവർക്ക് ഉണ്ണി പിറന്നത് ബോധിസത്വന്റെ അവതാരമായിരുന്നു.
രാജാവ് മരിച്ചത് അറിഞ്ഞപ്പോൾ കോസലദേശത്തെ രാജാവ് വാരാണസിയെ ആക്രമിക്കാനെത്തി. പക്ഷേ, പട നയിക്കാൻ ആളില്ലാത്തതിനാൽ ബ്രഹ്മദത്തന്റെ മരണ ശേഷം സൈന്യം കുഴങ്ങി.
അവസാനം, റാണി കൊട്ടാരത്തിലെ ആനയുടെ സഹായം തേടി. അപ്പോൾ, അവൻ പറഞ്ഞു - "ഞാൻ മുന്നിൽ നിന്ന് പട നയിച്ച് രാജ്യത്തെ രക്ഷിച്ചുകൊള്ളാം"
ആന അപാരമായ ഗർജ്ജനത്തോടെ മുന്നിൽ പാഞ്ഞു. സൈന്യം പിറകെയും. ശത്രുസൈന്യം ആനയുടെ വരവു കണ്ട് പേടിച്ച് ചിതറിയോടി. പിന്നീട്, ഒരിക്കലും ശത്രുക്കൾ അങ്ങോട്ടു വന്നില്ല. എട്ടു വയസ്സായപ്പോൾ ബോധിസത്വനെ യുവരാജാവായി വാഴിക്കുകയും ചെയ്തു.
Written by Binoy Thomas, Malayalam eBooks-804 - Jataka -69, PDF -https://drive.google.com/file/d/13uh78rwXUS7YfY3lo5Qmyv1Tpp0LR0RX/view?usp=drivesdk
Comments