(808) രാജാവും കച്ചവടക്കാരിയും
വാരാണസിയിൽ ബ്രഹ്മദത്തൻ രാജാവായി ഭരിക്കുന്ന കാലം. അദ്ദേഹത്തിന്റെ മന്ത്രിയായി ബോധിസത്വനും കൂടെയുണ്ടായിരുന്നു.
ഒരു ദിവസം, രാജാവ് മട്ടുപ്പാവിലൂടെ ഉലാത്തുമ്പോൾ ഒരു സുന്ദരിയായ പഴക്കച്ചവടക്കാരി കുട്ട നിറയെ അത്തിപ്പഴവുമായി പോകുന്നതു കണ്ടു. രാജാവിന് അവളെ വിവാഹം ചെയ്യണമെന്നു തോന്നി. മന്ത്രിയോടു കൂടി ആലോചിച്ചപ്പോൾ അയാളും എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ, വിവാഹം കേമമായി നടന്നു.
കുറച്ചു കാലം കഴിഞ്ഞപ്പോൾ മുതൽ പഴയ ദാരിദ്ര്യകാലമൊക്കെ പഴക്കച്ചവടക്കാരിയായിരുന്ന റാണി മറന്നു തുടങ്ങി. ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ റാണിക്ക് അഹങ്കാരം കൂടിക്കൂടി വന്നു.
ഒരു ദിനം, രാജാവ് അത്തിപ്പഴം തിന്നുകൊണ്ടിരിക്കുകയായിരുന്നു. അന്നേരം, രാജ്ഞി അങ്ങോട്ടു വന്ന് ചോദിച്ചു - "എന്ത് പഴമാണ് അങ്ങ് കഴിച്ചു കൊണ്ടിരിക്കുന്നത്?"
രാജാവിന് പെട്ടെന്ന് ദേഷ്യം ഇരച്ചു വന്നു - "ധിക്കാരീ... നീ വഴി നീളെ ഈ പഴം നിറച്ച കുട്ടയുമായി അലഞ്ഞുതിരിഞ്ഞത് മറന്നു പോയോ? നിനക്ക് പഴയ കാലം ഓർമ്മ വരാനായി ഇപ്പോൾത്തന്നെ തെരുവിലേക്ക് പോകൂ. മേലിൽ, ഈ കൊട്ടാരത്തിലേക്ക് വന്നു പോകരുത്!"
ഉടൻ, റാണി കരയാൻ തുടങ്ങി. എന്നാൽ, രാജാവ് ഒട്ടുമേ അലിവു കാട്ടിയില്ല. അന്നേരം, മന്ത്രി അങ്ങോട്ടു വന്ന്, രാജാവിനെ ഉപദേശിച്ചു - "രാജാവേ, സമ്പത്തുകാലം വരുമ്പോൾ പഴയ ദരിദ്രമായ കാലം മറക്കുന്നത് പൊതുവേ സ്ത്രീകളിൽ കാണുന്ന കാര്യമാണ്. അങ്ങ്, ദയവായി മാപ്പാക്കിയാലും"
ബോധസത്വൻമന്ത്രിയുടെ വാക്കുകൾ അദ്ദേഹം സ്വീകരിച്ച് റാണിക്കു മാപ്പു കൊടുത്തു.
Written by Binoy Thomas, Malayalam eBooks-808 - Jataka tales-72, PDF-https://drive.google.com/file/d/1aneovF8vjnnw3z9KkQ_9xGhSqQKOu9rg/view?usp=drivesdk
Comments