(810) ബുദ്ധിജീവികളുടെ മൽസരം
വാരാണസിയിലെ കച്ചവടക്കാരന്റെ മകനായി ബോധിസത്വൻ ജനിച്ചു. മകന്റെ പേര് ബുദ്ധിമാൻ എന്നായിരുന്നു. ആ നാട്ടിൽത്തന്നെയുള്ള കൂട്ടുകാരന്റെ പേര് അതിബുദ്ധിമാൻ എന്നായിരുന്നു. ബുദ്ധിമാനും അതിബുദ്ധിമാനും ചേർന്ന് ഒരു കൂട്ടുകച്ചവടം തുടങ്ങി.
രണ്ടു പേരും സമർഥരായതിനാൽ, കച്ചവടം വളരെ ലാഭകരമായി മുന്നോട്ടു പോയി. ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ തങ്ങളുടെ ലാഭം പങ്കിടാമെന്ന് അവർ തീരുമാനിച്ചു.
തുല്യമായി വീതം വയ്ക്കാൻ ബുദ്ധിമാൻ പണം എടുത്തപ്പോൾ അതിബുദ്ധിമാൻ അതിനു സമ്മതിച്ചില്ല. ഉടൻ, ബുദ്ധിമാൻ ചോദിച്ചു - "എന്താണ് തടസ്സം? നമ്മൾ രണ്ടുപേരും ഒരുപോലെ അധ്വാനിച്ചതാണ്"
അതിബുദ്ധിമാൻ ദേഷ്യപ്പെട്ടു - "എനിക്ക് നിന്നേക്കാൾ ബുദ്ധിയുള്ളതിനാൽ കച്ചവടലാഭത്തിന്റെ മുക്കാൽ പങ്കും എനിക്ക് അവകാശപ്പെട്ടതാണ്. നിനക്ക് കാൽ ഭാഗവും"
പക്ഷേ, ഇരുവരും തർക്കമായതിനാൽ പിന്നീട് തീരുമാനിക്കാമെന്നു പറഞ്ഞ് പണം നിലവറയിൽ പൂട്ടിവച്ചു.
എന്നാൽ, അതിബുദ്ധിമാൻ വീട്ടിൽ പോയി പിതാവിന് കുറച്ചു നിർദ്ദേശങ്ങൾ കൊടുത്തു. അതിനു ശേഷം, അവൻ ബുദ്ധിമാനെ കണ്ടു - "ഈ പണം കൃത്യമായി പങ്കു വയ്ക്കാൻ കഴിയുന്നത് വൃക്ഷത്തിൽ കുടികൊള്ളുന്ന ദേവനാണ്"
അത് ബുദ്ധിമാനും സമ്മതമായി. ആ വലിയ മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ അതിബുദ്ധിമാൻ വൃക്ഷത്തോട് ഉച്ചത്തിൽ ചോദിച്ചു - "ഞങ്ങളുടെ ലാഭം എങ്ങനെയാണ് വീതം വയ്ക്കേണ്ടതെന്ന് ദേവൻ പറഞ്ഞു തന്നാലും"
ഉടൻ, മരപ്പോടിൽ നിന്നും ശബ്ദം മുഴങ്ങി - "ലാഭത്തിന്റെ നാലിൽ മൂന്നു ഭാഗം അതിബുദ്ധിമാനു കൊടുക്കുക. ഒരു ഭാഗം ബുദ്ധിമാനും കൊടുക്കണം"
അതിബുദ്ധിമാൻ അതുകേട്ട്, തുള്ളിച്ചാടി. എന്നാൽ ബുദ്ധിമാന് എന്തോ ഒരു സംശയം മണത്തു. അയാൾ മരപ്പോടിനു ചുറ്റും കരിയിലകളും പുളിയിലയും കൂട്ടി കത്തിച്ചു. പുക മരപ്പോടിനുള്ളിലേക്കു കയറിയപ്പോൾ അതിൽ നിന്നും ചുമച്ചു കൊണ്ട് അതിബുദ്ധിമാന്റെ പിതാവ് ഇറങ്ങിയോടി. അന്നേരം, അയാൾ വിളിച്ചു കൂവി - "നിനക്ക് അതിബുദ്ധിമാൻ എന്നുള്ള പേരു ചേരില്ല. സാമാന്യ ബുദ്ധിപോലും ഇല്ലാത്തവൻ!"
അതിബുദ്ധിമാൻ നാണം കെട്ട് തല കുനിച്ചു. പിന്നീട്, തുല്യമായി പണം ഭാഗം വച്ചു.
Written by Binoy Thomas, Malayalam eBooks-810- Jataka - 74, PDF -https://drive.google.com/file/d/1NrN5cbdnJLB0TJ-9Vtc7DpCmz6gf_fYs/view?usp=drivesdk
Comments