(812) ഇരുമ്പ് തിന്നുന്ന എലി

 വാരാണസിയിലെ ചന്തയിൽ കച്ചവടക്കാരായി പട്ടണവാസിയും നാട്ടുവാസിയും ഉണ്ടായിരുന്നു. നാട്ടുകാരന്റെ മനസ്സിൽ കളങ്കമുണ്ടായിരുന്നില്ല. പട്ടണവാസിക്ക് എങ്ങനെയും പണമുണ്ടാക്കുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ക്രമേണ, അവർ ഉറ്റ മിത്രങ്ങളായി മാറി. ഒരിക്കൽ, നാട്ടിൻപുറത്തുകാരൻ ഇരുമ്പിന്റെ അഞ്ഞൂറ് കലപ്പക്കൊഴു ചങ്ങാതിയെ സൂക്ഷിക്കാനായി ഏൽപ്പിച്ചിട്ട് ഏറെ ദൂരമുള്ള സ്വന്തം നാട്ടിലേക്കു പോയി. ആ തക്കം നോക്കി പട്ടണവാസി മുഴുവൻ കലപ്പക്കൊഴുവും അയൽദേശത്തുള്ള ഒരാൾക്കു വിറ്റു. എന്നിട്ട്, സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലിക്കാഷ്ഠം കുറെ അവിടെ കൂട്ടിയിട്ടു.

നാട്ടിൽ പോയ ആൾ തിരികെ വന്നപ്പോൾ എലിക്കാഷ്ഠം കാണിച്ചിട്ട് പട്ടണവാസി പറഞ്ഞു - "നിന്റെ കലപ്പക്കൊഴു എല്ലാം എലി തിന്നു തീർത്തു"

അയാൾ യാതൊരു ഭാവഭേദവും കാട്ടിയില്ല. അടുത്ത ദിവസം, പട്ടണവാസിയുടെ കൊച്ചു കുട്ടിയെയും കൊണ്ട് നാട്ടുവാസി കുളിക്കാൻ പുഴക്കരയിലേക്കു പോയി. പെട്ടെന്ന്, കുട്ടിയെ ആളൊഴിഞ്ഞ ഒരു പഴയ വീട്ടിലെ നിലവറയിൽ പൂട്ടിയിട്ടു.

കുട്ടിയെ കാണാതെ വന്നപ്പോൾ പട്ടണവാസി ചങ്ങാതിയോട് ദേഷ്യപ്പെട്ടു. അന്നേരം അയാൾ പറഞ്ഞു - "നിന്റെ കുട്ടിയെ ഒരു പ്രാപ്പിടിയൻ തട്ടിയെടുത്ത് പറന്നു പോയി"

ഉടൻ, അയാൾ അവനുമായി കൊട്ടാരത്തിലെത്തി. പ്രശ്നം ന്യായാധിപനെ പട്ടണവാസി ധരിപ്പിച്ചു.

ന്യായാധിപൻ ചോദിച്ചു - "ഇയാളുടെ കുട്ടിയുമായി പുഴക്കടവിൽ പോയിട്ട് ആ കുട്ടി എവിടെ?"

നാട്ടുകാരൻ പറഞ്ഞു - "കുഞ്ഞിനെ ഒരു പ്രാപ്പിടിയൻ തട്ടിയെടുത്തു പറന്നു പോയി"

ന്യായാധിപനു ദേഷ്യമായി - "നീ ഏതു ലോകത്താണു ജീവിക്കുന്നത്? പ്രാപ്പിടിയന് ഒരു കുട്ടിയെ പറത്തിക്കൊണ്ടു പോകാനാവില്ല"

നാട്ടുകാരൻ: "യജമാനനേ, ഈ വിചിത്ര ലോകത്ത് അതിലപ്പുറവും സംഭവിക്കും. ഞാൻ സൂക്ഷിക്കാൻ എല്പിച്ച അഞ്ഞൂറ് കലപ്പക്കൊഴു എലി തിന്നു തീർത്തെന്ന് ഈ സുഹൃത്ത് പറഞ്ഞത് ഞാൻ വിശ്വസിച്ചു. അന്നേരം, പ്രാപ്പിടിയൻ കൊച്ചിനെ പറത്തിയതും വിശ്വസിക്കാം"

ന്യായാധിപന് ആദ്യത്തെ ചതി മനസ്സിലായി. ഉടൻ, അദ്ദേഹം വിധിച്ചു - "ചതി നടത്തി അഞ്ഞൂറ് കൃഷി സാമഗ്രികൾ വിറ്റ ആൾ ആയിരം എണ്ണത്തിന്റെ പണം നാട്ടുവാസിക്കു കൊടുക്കണം. അന്നേരം, കുട്ടിയെ അയാൾ തിരികെ തരും"

അതിനു ശേഷം, ദുഷ്പേര് സമ്പാദിച്ച പട്ടണവാസിയുടെ കടയിൽ ആരും കയറാതായി. കച്ചവടം പൊളിഞ്ഞ് അയാൾ നാടുവിട്ടു.

Written by Binoy Thomas, Malayalam eBooks-812-Jataka stories -76, PDF -https://drive.google.com/file/d/1yn2pC8caTVOH6IipSTa8CocJ4YmhdSGE/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍