(818) മണം മോഷ്ടിച്ച കഥ!
വാരാണസിയിൽ, ഒരു ബ്രാഹ്മണനായി ബോധിസത്വൻ അവതാരമെടുത്തു. അയാൾ തക്ഷശിലയിൽ പഠിക്കാനായി പോയി. തിരികെ സ്വദേശത്ത് എത്തിയപ്പോൾ ഏറെ അറിവു സമ്പാദിച്ചിരുന്നു. അതനുസരിച്ചുള്ള ധർമ്മവും നീതിയും പ്രവർത്തിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
അയാൾ, നിത്യവും നടക്കുന്ന പാതയോരത്ത്, ജന്മിയുടെ വകയായി ഒരു കുളമുണ്ട്. അതിൽ നിറയെ താമരപ്പൂക്കളും സാധാരണയാണ്. ഈ ബ്രാഹ്മണൻ എല്ലാ ദിവസവും കുളത്തിന്റെ അരികിൽ ചെന്നിരുന്ന് അതിന്റെ മണം ആസ്വദിച്ചിട്ടു മാത്രമേ മുന്നോട്ടു പോകാറുള്ളൂ.
ഒരു ദിവസം, അയാൾ കുളക്കരയിൽ ഇരിക്കുമ്പോൾ വൃത്തിഹീനനായ ഒരു മനുഷ്യൻ അങ്ങോട്ട് ഓടി വന്ന് കുളത്തിലേക്കു ചാടി. എന്നിട്ട്, താമര വേരോടെ വലിച്ചു പറിച്ച് അതിന്റെ കിഴങ്ങ് മോഷ്ടിച്ചു. അവൻ അതെല്ലാം ഉടുതുണിയിൽ കെട്ടി സ്ഥലം വിടുകയും ചെയ്തു.
ബ്രാഹ്മണൻ ഒന്നും മിണ്ടിയില്ല. കുറെ നേരം കഴിഞ്ഞപ്പോൾ അടുത്തുള്ള മരത്തിൽ നിന്നും ഒരു അശരീരി മുഴങ്ങി - "ഹേയ്, ബ്രാഹ്മണാ, ആ പൂക്കളുടെ മണം നീ മോഷ്ടിക്കരുത്!"
അന്നേരം, അയാൾക്ക് അതിശയമായി. ബ്രാഹ്മണൻ വനദേവതയോടു ചോദിച്ചു - "ഒരാൾ താമരയും നശിപ്പിച്ച് കിഴങ്ങുമായി പോയത് മോഷണമല്ലേ? മണത്തിന്റെ മോഷണം ഒരു കാര്യമാണോ?"
അപ്പോൾ വനദേവത വെളിപ്പെടുത്തി - "അയാൾ അങ്ങനെ ചെയ്യുന്നവനും ആരും പറഞ്ഞാൽ കേൾക്കാത്ത അപരിഷ്കൃതനാണ്. എന്നാൽ, വേദങ്ങൾ പഠിച്ച ധർമ്മിഷ്ഠനായ താങ്കളേപ്പോലുള്ള ബ്രാഹ്മണൻ മറ്റൊരാളുടെ കുളത്തിലെ താമരയുടെ മണം പോലും മോഷ്ടിക്കാൻ അധികാരമില്ല"
ഉടൻ, തെറ്റിനു മാപ്പു ചോദിച്ചു കൊണ്ട് അയാൾ മടങ്ങി. പിന്നീട്, ഒരിക്കലും കുളക്കരയിലേക്കു വന്നതുമില്ല.
Written by Binoy Thomas, Malayalam eBooks-818 - Jataka tales - 82, PDF -https://drive.google.com/file/d/1hBqxjRCzoYzM8IqQe_ZVyrLpgRfxAhvv/view?usp=drivesdk
Comments