(822) കാട്ടിലെ നിധി
ബോധിസത്വൻ ഒരു ഭൂവുടമയായി അവതരിച്ച കാലം. അദ്ദേഹത്തിന് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ആ ചങ്ങാതിക്കു പ്രായമേറെ ഉണ്ടായിരുന്നെങ്കിലും ഭാര്യയ്ക്ക് പ്രായം കുറവായിരുന്നതിനാൽ ചില ഭയാശങ്കകൾ അയാൾക്കുണ്ടായിരുന്നു. തന്റെ മരണശേഷം, അളവറ്റ സ്വത്തുക്കളുമായി പുനർ വിവാഹം ചെയ്ത് ഏക മകനെ ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും ഭാര്യ പോകുമോ?
അതിനാൽ രഹസ്യമായി പണമെല്ലാം സ്വർണ്ണമാക്കി മാറ്റി കാട്ടിൽ കുഴിച്ചിടണം. അതിനു വേണ്ടി വേലക്കാരനെ കൂട്ടുപിടിച്ച് അടയാളമുള്ള കാട്ടിലെ സ്ഥലത്ത് സ്വർണ്ണക്കുടം കുഴിച്ചിട്ടു.
ഭൂവുടമ പറഞ്ഞു -"മകൻ യുവാവാകുമ്പോൾ അവനെ നീ ഇതു കാണിച്ചു കൊടുക്കണം"
കുറെ കാലം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. മകൻ യുവാവായി. ഒരു ദിവസം, ഭാര്യയും മകനും കൂടി വേലക്കാരനോടു സംശയം ചോദിച്ചു - "അദ്ദേഹത്തിന്റെ സമ്പത്ത് എവിടെയെന്ന് നിനക്ക് അറിയില്ലേ?"
സത്യം പറയാനുള്ള സമയമായെന്നു വേലക്കാരനു തോന്നിയതിനാൽ അവൻ മകനെയും കൂട്ടി കാട്ടിലേക്കു വിനയത്തോടെ നടന്നു. ഒരിടത്തു ചെന്നപ്പോൾ അയാൾ നിന്നു - "ഹൊ! മേലനങ്ങി പണിയെടുക്കാത്ത നിനക്ക് യാതൊന്നും തരില്ല!"
പെട്ടെന്നുള്ള വേലക്കാരന്റെ മനം മാറ്റത്തിൽ മകൻ അന്ധാളിച്ചു. പക്ഷേ, വേലക്കാരനെ പിണക്കിയാൽ സ്ഥലം കാട്ടിത്തരില്ലെന്ന് ഓർത്തു സംയമനം പാലിച്ചു. പിന്നെയും രണ്ടു ദിവസം കൂടി ഈ വിചിത്രമായ കാര്യം ആവർത്തിച്ചു.
വേലക്കാരന്റെ വിഭ്രാന്തിക്കു കാരണം എന്തെന്നു ഭൂവുടമയുടെ മകനു മനസ്സിലായില്ല. ഒടുവിൽ, അച്ഛന്റെ ഉറ്റ ചങ്ങാതിയുടെ അടുക്കൽ ചെന്നു കാര്യങ്ങൾ ബോധിപ്പിച്ചു.
അപ്പോൾ, ബോധിസത്വൻ പറഞ്ഞു - "വെറും വേലക്കാരനായ അവൻ നിധി ഇരിക്കുന്ന സ്ഥലത്ത് നിൽക്കുമ്പോഴാണ് ഈ അഹങ്കാരം കടന്നു വരുന്നത്. അയാളെ തള്ളി മാറ്റി അവിടം കുഴിച്ചാൽ മതി"
മകൻ വേലക്കാരനുമായി കാട്ടിലേക്കു പോയി. പതിവു പോലെ വേലക്കാരൻ ദേഷ്യപ്പെട്ടു. യുവാവ് വേലക്കാരനെ ഉന്തിയിട്ടപ്പോൾ അവന്റെ ശൗര്യമെല്ലാം പോയി. നിധിയും സ്വന്തമാക്കി. പിന്നീടുള്ള കാലം അവർ നന്നായി ജീവിച്ചു.
Written by Binoy Thomas, Malayalam eBooks-822- Jataka tales - 86. PDF -https://drive.google.com/file/d/19QKi1QdB0W8x2gjSAjOoNll4hCvnRVEK/view?usp=drivesdk
Comments