(823) കയ്പുള്ള മാമ്പഴം
കാശിരാജ്യത്ത് മന്ത്രിയായി ബോധിസത്വൻ കഴിയുന്ന കാലം. ഒരിക്കൽ, വേട്ടയ്ക്ക് രാജാവിനൊപ്പം പോയ മന്ത്രിക്ക് ഒരു മാങ്ങാപ്പഴം വീണു കിട്ടി. അതു കഴിച്ചപ്പോൾ, രുചി കൊണ്ട് അദ്ദേഹം മതിമറന്നു. തുടർന്ന്, ആ മാവിന്റെ ഒരു തൈ പറിച്ചെടുത്ത് കൊട്ടാര വളപ്പിൽ നട്ടു.
വെറും മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ ചെറു മാവിൽ മാങ്ങകൾ ഉണ്ടായി. അപൂർവ്വമായ രുചിയിൽ എല്ലാവരും അത്‌ഭുതപ്പെട്ടു. പിന്നീട്, ആ മാവ് വലുതായപ്പോൾ അതിഥികളെ സ്വീകരിക്കാനും മറ്റും മാങ്ങാപ്പഴം ഉപയോഗിച്ചു തുടങ്ങി. മാങ്ങയുടെ പ്രശസ്തി അയൽരാജ്യങ്ങളിലും എത്തി.
ഈ വാർത്ത അറിഞ്ഞ അയൽ ദേശത്തെ രാജാവ് കുറച്ചു മാങ്ങകൾ സമ്മാനമായി തന്നു വിടണമെന്ന് കാശിരാജാവിനോട് ദൂതൻ വഴി അറിയിച്ചു. പക്ഷേ, കാശിരാജാവ് മറ്റൊരു കാര്യം പിറുപിറുത്തു - "ഈ മാങ്ങകൾ കിട്ടിയാൽ രാജാവ് അവിടെ കൊട്ടാരവളപ്പിലും ഇത്തരം മാവ് കിളിർപ്പിക്കും. പിന്നെ, എന്റെ രാജ്യത്തിന്റെ പ്രശസ്തി കുറയുകയും ചെയ്യും"
അതിനാൽ, വളരെ നേർത്ത സൂചി കൊണ്ട് മാങ്ങാണ്ടിയുടെ കിളിർപ്പ് അടർത്തിക്കളഞ്ഞ് മാങ്ങകൾ കൊടുത്തു വിട്ടു. രാജാവ് മാങ്ങാണ്ടികൾ കുഴിച്ചിട്ടെങ്കിലും ഒരെണ്ണം പോലും കിളിർത്തില്ല. വിത്തിനു കേടു വരുത്തിയിട്ടാണ് മാങ്ങകൾ തന്നതെന്ന് ആ രാജാവിനു പിടികിട്ടിയപ്പോൾ ദേഷ്യപ്പെട്ടു - "ഇതിനു ഞാൻ പ്രതികാരം ചെയ്യും!"
ആ രാജ്യത്തെ മിടുക്കനായ ഒരു കൃഷിക്കാരനെ രാജാവ് നല്ല ഇനം വേപ്പിൻ തൈകളുമായി കാശിരാജാവിന്റെ അടുക്കലേക്ക് അയച്ചു. അവന്റെ മിടുക്കു കാരണം, തോട്ടക്കാരനായി കൊട്ടാരവളപ്പിൽ ജോലി കിട്ടി. അവൻ വേപ്പിൻതൈകൾ മാവിനു ചുറ്റും നട്ടു.
അടുത്ത വർഷം മാമ്പഴങ്ങൾ വായിൽ വച്ചപ്പോൾ മധുരത്തിനു പകരം കയ്പ്! എന്താണ് സംഭവിച്ചതെന്ന് രാജാവിനു പിടികിട്ടിയില്ല. അദ്ദേഹം മന്ത്രിയെ വിളിച്ചു. മന്ത്രി രാജാവിനെ കൊട്ടാര ഉദ്യാനത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.
"രാജാവേ, അങ്ങ് ഈ മാവിനു ചുറ്റും നിൽക്കുന്ന വേപ്പിൻതൈകളെ നോക്കുക. അവയുടെ സാമീപ്യം മൂലമാണ് മാവിനും കയ്പു കിട്ടിയത് "
മന്ത്രിയുടെ വാക്കുകൾ കേട്ട് രാജാവ് അത്ഭുതപ്പെട്ടു. മന്ത്രി തുടർന്നു- "ചീത്തയായ കൂട്ടുകെട്ടുകൾക്കു നടുവിൽ നിന്നാൽ ആരായാലും ഇതുപോലെ കയ്പുള്ളതാകും"
Written by Binoy Thomas, Malayalam eBooks - 823 -ജാതക കഥകൾ പരമ്പര - 87 - PDF -https://drive.google.com/file/d/1buixFA88VVhLDQ8wnWLt4VHbzJNzyl5f/view?usp=drivesdk
Comments