(824) കുരുവിയും വലയും
പണ്ടുപണ്ട്, സിൽബാരിപുരംരാജ്യം, നല്ലയിനം ചണകൃഷിക്കു പ്രസിദ്ധമായിരുന്നു. ഒരിക്കൽ, ഒരു കർഷകൻ തന്റെ പാടത്ത്, ചണവിത്തുകൾ എറിയുന്ന നേരത്ത്, ഒരു പറ്റം കുരുവികൾ പറന്നു വന്നു.
അവരുടെ നേതാവ് പറഞ്ഞു - "നമ്മുടെ ദേശത്ത് ഇത്തരം കൃഷി സ്ഥലങ്ങൾ യാതൊന്നും ഇല്ലല്ലോ. ഇനിയുള്ള കാലം ഇവിടെ ജീവിക്കാം. നോക്കൂ. ആ കൃഷിക്കാരൻ വിശാലമായ പാടത്ത് കൃഷിയിറക്കാൻ പോകുന്നതു കണ്ടില്ലേ? ഏതാനും മാസങ്ങൾ കാത്തിരുന്നാൽ പിന്നീട് നമ്മുടെ സുവർണ്ണ കാലമായിരിക്കും"
അതു മറ്റുള്ള കിളികൾക്കു സ്വീകാര്യമായി. എന്നാൽ, സംഘത്തിലെ ഏറ്റവും മുതിർന്ന പക്ഷി പറഞ്ഞു - "അത് ചണവിത്താണ് എന്നു തോന്നുന്നു. അങ്ങനെയെങ്കിൽ നമുക്കു ദോഷം വരാനും അതു മതി"
എന്നാൽ, തുടർന്നു പറയാൻ ആ പക്ഷിയെ സമ്മതിക്കാതെ അവരെല്ലാം പരിഹസിക്കാൻ തുടങ്ങി. അന്നേരം, നേതാവ് പറഞ്ഞു - "ഇതാണ് കിഴവനെ നമ്മുടെ കൂടെ കൂട്ടിയാലുള്ള കുഴപ്പം. എന്തിനും ഏതിനും പേടിയാണ് മുന്നിൽ നിൽക്കുക. നമ്മുടെ പുരോഗതിക്ക് ഇയാൾ ഒരു തടസ്സമാണ്. ഇപ്പോൾത്തന്നെ താങ്കൾ ഇവിടം വിട്ടു പോകുക"
എല്ലാവരും ഒരുമിച്ചു ചിലച്ച് നേതാവിനു പിന്തുണ കൊടുത്തപ്പോൾ കിഴവൻ പക്ഷി ദൂരെ ദിക്കിലേക്കു പറന്നു പോയി.
കുറെ മാസങ്ങൾ പിന്നിട്ടു. ചണത്തിന്റെ വിളവെടുപ്പ് നടന്നു. അതിനിടയിൽ ഈ കിളികളുടെ കടന്നുകയറ്റം കർഷകനു ശല്യമായി. അയാൾ ചണം കൊണ്ട് വല നെയ്തു. പിന്നീട്, സമർഥമായി പാടത്ത് വിരിച്ച് ആ കിളിക്കൂട്ടത്തെ കുടുക്കി. അങ്ങനെ, അവരെല്ലാം കൂട്ടത്തോടെ നശിച്ചു. ദീർഘവീക്ഷണമുണ്ടായിരുന്ന കിഴവൻപക്ഷി അപ്പോഴും അയൽദേശത്ത് പറന്നു നടക്കുന്നുണ്ടായിരുന്നു.
Written by Binoy Thomas, Malayalam eBooks-824 - കഥാ സരിത് സാഗരം - 5, PDF -https://drive.google.com/file/d/1_dJ64-bO42FlnGoMrElrjXiq-xXZzxJS/view?usp=drivesdk
Comments