(826) ദമ്പതികളുടെ സന്യാസം
കാശിയിലെ ഒരു ധനിക ബ്രാഹ്മണ കുടുംബത്തിൽ ബോധിസത്വൻ ജനിച്ചു. അവൻ യുവാവായപ്പോൾ മാതാപിതാക്കൾ പറഞ്ഞു - "ഞങ്ങൾക്ക് നിന്റെ വിവാഹം നടന്നു കാണണം"
യുവാവ് നിരസിച്ചു - "എനിക്ക് സന്യസിക്കണമെന്നാണ് ആഗ്രഹം"
പക്ഷേ, മാതാപിതാക്കൾ തുടർച്ചയായി ശല്യം ചെയ്തപ്പോൾ വിവാഹം മുടക്കാനായി അവൻ മനോഹരമായ ഒരു സുവർണ്ണ ശില്പം ഉണ്ടാക്കിയിട്ട് അവരോടു നിർദ്ദേശിച്ചു - "ഇതുപോലൊരു പെൺകുട്ടിയെ കിട്ടിയാൽ എനിക്കു സമ്മതമാണ്"
അത്തരം ഒരാളെ വീട്ടുകാർ കണ്ടെത്തില്ലെന്ന് അവൻ വിശ്വസിച്ചു. ഭൃത്യന്മാർ നാടുനീളെ ആ ശില്പവുമായി അലഞ്ഞ് ഒരു ബ്രാഹ്മണ കുടുംബത്തിലെ അതുപോലത്തെ യുവതിയെ കണ്ടെത്തി. പക്ഷേ, അവൾ സന്യസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മാതാപിതാക്കളെ അറിയിച്ചെങ്കിലും ഒടുവിൽ, കല്യാണം നടന്നു.
അവർ തുല്യമായി ചിന്തിക്കുന്ന രീതിയാണെന്ന് മനസ്സിലാക്കിയപ്പോൾ യുവാവ് പറഞ്ഞു - "നമുക്ക് ഈ അളവറ്റ പണമൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യണം. എന്നിട്ട് സന്യസിക്കാൻ പോകാം"
അങ്ങനെ, സ്വത്തെല്ലാം ദാനം ചെയ്തു. ഭിക്ഷാടനം നടത്തി ഓരോ ദിക്കിലൂടെയും നടന്നു. ഭിക്ഷയായി കിട്ടിയ പലതും കഴിച്ചപ്പോൾ യുവതിയ്ക്കു വയറുകടി വന്നു. എങ്കിലും, അയാൾ ഭിക്ഷയ്ക്കു പോയി. എന്നാൽ, തിരികെ വന്നപ്പോൾ യുവതി മരിച്ചു പോയിരുന്നു. അന്നേരം ആളുകൾ ഓടിക്കൂടി. പക്ഷേ, അയാൾ അന്നേരം ആഹാരം കഴിക്കാൻ തുടങ്ങി.
അവർ യുവാവിനോടു ചോദിച്ചു - "സ്വന്തം ഭാര്യ മരിച്ചിട്ടും ഭക്ഷണം തിന്നുന്നത് ഉചിതമായ കാര്യമാണോ?"
സന്യാസി തുടർന്നു - "ജീവൻ പോയ ശരീരത്തിൽ യാതൊന്നും അവശേഷിക്കുന്നില്ല. ജീവിച്ചിരുന്ന കാലത്ത് അവൾ എന്റെ ഭാര്യയായിരുന്നു. മരണശേഷം അല്ല. മരണം പ്രകൃതി നിയമമാണ്. അതു ഞാൻ അംഗീകരിക്കുന്നു"
Written by Binoy Thomas, Malayalam eBooks-826- Jataka Stories - 89, PDF -https://drive.google.com/file/d/1XbyvB22tm3VlODsue35gBUkmJVUq-ZYF/view?usp=drivesdk
Comments