(829) സഹോദരന്റെ മൂല്യം
കാശിരാജ്യത്തെ രാജാവിന്റെ അടുക്കൽ പരാതികളുമായി പ്രജകൾ എത്തി - "രാജാവേ, നാട്ടിലെങ്ങും മോഷണം കാരണം ജീവിക്കാൻ പറ്റുന്നില്ല. അങ്ങ് ഒരു പരിഹാരമുണ്ടാക്കണം"
രാജാവ്, ഉടൻതന്നെ ഭടന്മാരെ പല ഭാഗങ്ങളിലേക്കു വിട്ടു. ഏതാനും ഭടന്മാർ കാടിനോടു ചേർന്നുള്ള അതിർത്തിയിൽ വേഷം മാറി നടന്നപ്പോൾ മൂന്നുപേർ പാടത്ത് കിളച്ചു കൊണ്ടിരിക്കുന്നതു കണ്ടു. അതിനടുത്തായി ഒരു സ്ത്രീയും.
ഉടൻ, ഭടന്മാർക്കു സംശയം തോന്നിയതിനാൽ മൂന്ന് ആണുങ്ങളെയും കൊട്ടാരത്തിലെത്തിച്ചു. പക്ഷേ, ആ സ്ത്രീ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് രാജാവിനോടു പറഞ്ഞു - "അങ്ങ്, ദയവായി എന്റെ ഭർത്താവിനെയും മകനെയും ആങ്ങളയെയും വെറുതെ വിടണം. കാരണം, അവർ നിരപരാധികളാണ്. എനിക്ക് ആരും തുണയില്ലാതെ വരും"
അന്നേരം, രാജാവ് നിഷേധിച്ചു - " മൂവരെയും വിടാൻ പറ്റില്ല. നീ പറയുന്ന ഒരാളെ വിടാം"
പെട്ടെന്ന്, സ്ത്രീ പറഞ്ഞു - "എങ്കിൽ, എന്റെ സഹോദരനെ വിട്ടാലും"
രാജാവിന് ആശ്ചര്യമായി - "എന്തുകൊണ്ടാണ് ഭർത്താവിനെയും മകനെയും പരിഗണിക്കാഞ്ഞത്?"
സ്ത്രീ ഒട്ടും കൂസാതെ പറഞ്ഞു - "ഇനി ഞാൻ ഒരു കല്യാണം കഴിച്ചാൽ ഭർത്താവും പിന്നെ മകനും ഉണ്ടാകും. എന്നാൽ, സഹോദരനെ ഒരിക്കലും കിട്ടില്ല"
അവളുടെ ബുദ്ധിശക്തിയിൽ മതിപ്പു തോന്നിയ രാജാവ് എല്ലാവരെയും വെറുതെ വിട്ടു. കാരണം, ഇത്രയും മൂല്യബോധമുള്ളവൾ വീട്ടുകാരെ മോഷ്ടിക്കാൻ വിടില്ലെന്ന് രാജാവിന് മനസ്സിലായി.
Written by Binoy Thomas, Malayalam eBooks-829- Jataka tales - 91, PDF -https://drive.google.com/file/d/1gEbvsZV9wdTAH2yhn_B4VgKTFysxXBsh/view?usp=drivesdk
Comments