Posts

Showing posts from 2024

(1024) ഹോജ കടം ചോദിച്ചപ്പോൾ?

  ഹോജ മുല്ല വല്ലാതെ ദാരിദ്ര്യം അനുഭവിക്കുന്ന സമയമായിരുന്നു അത്. പരിചയമുള്ളവരോട് എല്ലാം കടം ഇതിനോടകം മേടിച്ചിരുന്നു. അതിനാൽ, ഒരുപാട് ആളുകൾ വരുന്ന ചന്തയിലേക്ക് അയാൾ നടന്നു. വ്യാപാരിയായ ഒരു അപരിചിതനോട് ഹോജ ചോദിച്ചു- "എനിക്ക് 50 നാണയം കടമായി തരാമോ?" അയാൾ ഹോജയെ തുറിച്ചു നോക്കി. പക്ഷേ, അപ്പോഴും ഹോജ യാതൊരു കുലുക്കവുമില്ലാതെ നിന്നു. അന്നേരം, വ്യാപാരി ചോദിച്ചു - "എനിക്ക് നിന്നെ അറിയില്ല. യാതൊരു മുൻപരിചയവുമില്ലാത്ത എന്നോട് കടം ചോദിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?" ഹോജ പുഞ്ചിരിയോടെ പറഞ്ഞു -"മുൻപരിചയമുള്ളവർ ആരും എനിക്ക് ഇനി കടം തരില്ല. കാരണം, ആർക്കും ഞാൻ തിരിച്ചു കൊടുത്തിട്ടില്ല. അതു കൊണ്ടാണ് ഇനി മുൻപരിചയം ഇല്ലാത്തവരോട് ചോദിക്കാം എന്നു വച്ചത്!" Written by Binoy Thomas, Malayalam eBooks- 1024- Hoja story series -22, PDF- https://drive.google.com/file/d/152hRaW2qN-6-eevsiy3EaWq2et5wxe3i/view?usp=drivesdk

(1023) കള്ളന്മാരെ ഓടിച്ച ഹോജ!

  ഹോജ മുല്ല പല അവസരങ്ങളിലും പേടിച്ച് ഓടിയിട്ടുണ്ടെന്ന് നാട്ടുകാർക്കു വിവരം കിട്ടി. ഒരിക്കൽ, അവർ ഹോജയെ കളിയാക്കി ചുറ്റിനും കൂടി. "ഹോജ നിൻ്റെ വീട്ടിൽ കള്ളൻ കയറിയപ്പോൾ നീ കട്ടിലിൻ്റെ അടിയിൽ ഒളിച്ചിരുന്നു എന്നത് നേരു തന്നെയോ?" ഹോജ ഒട്ടും ചമ്മലില്ലാതെ പറഞ്ഞു - "ഹേയ്! അതു ശരിയല്ല. ഒരു തവണ നാലു കള്ളന്മാരെ ഒരുമിച്ച് ഞാൻ ഓടിച്ചതാണ്. പിന്നെയാണോ ഒരു കള്ളൻ?" അവരെല്ലാം കൂടി വീണ്ടും ഹോജയെ പരിഹസിച്ചു - "നീ വെറുതെ പൊങ്ങച്ചം പറയാതെ വായടയ്ക്ക്. നാലു കള്ളന്മാരെ എങ്ങനെ ഓടിച്ചെന്നാണ് നീ പറയുന്നത്?"  ഹോജ നിസ്സാര ഭാവത്തിൽ തുടർന്നു- "ഒരിക്കൽ ഒരു തുണിസഞ്ചിയുമായി ഞാൻ വിജനമായ വഴിയിലൂടെ നടന്നു വന്നപ്പോൾ നാലു കള്ളന്മാർ എന്നെ വളഞ്ഞു. തുണിസഞ്ചിയിൽ വിലപിടിപ്പുള്ളത് ഉണ്ടെന്ന് വിചാരിച്ചു. ഞാൻ മിന്നൽ പോലെ ഓടി. അവർ നാലു പേരും എൻ്റെ പിറകേ ഓടി!" Malayalam eBooks- 1023- Hoja stories - 21, PDF - https://drive.google.com/file/d/1EspPFFsB52GCdXcYL_5iZxlOsLXgcuH0/view?usp=drivesdk

(1022) ഹോജയുടെ കുപ്പായം!

  ഒരിക്കൽ, ഹോജയും സുഹൃത്തും കൂടി ദൂരെ ഒരിടത്തേക്ക് നടന്നു പോകുകയായിരുന്നു. അന്നേരം, പ്രഭാതമായിരുന്നതിനാൽ നല്ല തണുപ്പുണ്ടായിരുന്നു. അതിനാൽ സുഹൃത്ത്, ഹോജയുടെ മേൽക്കുപ്പായം വാങ്ങി ധരിച്ചു. കുറെ ദൂരം കഴിഞ്ഞപ്പോൾ മറ്റൊരു ചങ്ങാതി എതിരെ വന്നപ്പോൾ ഹോജ പറഞ്ഞു -"ഞങ്ങൾ അക്സെഹിർ പട്ടണത്തിലേക്ക് പോകുകയാണ്. പക്ഷേ, ഇയാളുടെ ഭംഗിയുള്ള മേൽക്കുപ്പായം എൻ്റെയാണ്" വഴിപോക്കൻ പോയപ്പോൾ ചങ്ങാതി ദേഷ്യപ്പെട്ടു - "ഹോജയുടെ കുപ്പായമെന്ന് പറഞ്ഞ് എന്നെ താങ്കൾ നാണം കെടുത്തിയല്ലോ" കുറെ കഴിഞ്ഞ് മറ്റാരു ചങ്ങാതി അതുവഴി വന്നപ്പോൾ ഹോജ വീണ്ടും പരിചയപ്പെടുത്തി - "ഇതെൻ്റെ അയൽവാസിയാണ്. ഇവൻ ഇട്ടിരിക്കുന്നത് എൻ്റെ കുപ്പായമല്ല" അന്നേരം, സുഹൃത്ത് വീണ്ടും ദേഷ്യപ്പെട്ടു - "ഹോജാ, താൻ പറയുന്നതു കേട്ടാൽ കുപ്പായം എൻ്റെയല്ല എന്ന് എല്ലാവർക്കും മനസ്സിലാകും" മൂന്നാമത്തെ ചങ്ങാതിയെ കണ്ടപ്പോൾ ഹോജ പരിചയപ്പെടുത്തി - "ഈ ചങ്ങാതി എൻ്റെ അയൽക്കാരനാണ്. ഇവൻ്റെ കുപ്പായം, എൻ്റെ... അല്ല...ഓ. അവൻ ഒന്നും പറയരുത് എന്നു പറഞ്ഞിട്ടുണ്ട്" ഉടൻ, ചങ്ങാതി ആ കുപ്പായം ഊരി വലിച്ചെറിഞ്ഞു തിരികെ നടന്നു! Written by Binoy Tho...

(1021) ഹോജയുടെ പലിശ!

  ഹോജയുടെ കയ്യിൽ ഒരു നാണയം പോലും ഇല്ലാത്ത കഷ്ടകാലമായിരുന്നു അത്. അയാൾ അള്ളാഹുവിനോടു പ്രാർഥിച്ചു. ഒടുവിൽ ചോദിച്ചത് ഇങ്ങനെയായിരുന്നു - "എനിക്ക് നൂറ് നാണയം വളരെ അത്യാവശ്യമായി വേണം. വെറുതെ വേണ്ട, കടമായി തന്നാൽ മതി. ഞാൻ പലിശ സഹിതം തിരികെ തന്നോളാം" ഉടൻ, വാതിലിൽ ഒരു മുട്ടു കേട്ടു. ഹോജ വാതിൽ തുറന്നു. അത് പള്ളിയിലെ മുസലിയാർ ആയിരുന്നു. പള്ളിയുടെ പുനർ നിർമ്മാണത്തിന് ആവശ്യമായ പണം പിരിക്കാൻ വീടുതോറും കയറിയിറങ്ങുകയായിരുന്നു അദ്ദേഹം. "ഹോജാ, താങ്കൾ 10 നാണയം പള്ളി പണിയാനുള്ള പിരിവായി തരണം" ഹോജ അന്ധാളിച്ചു - "അള്ളാഹു എന്താണ് ഇങ്ങനെ എന്നോടു പെരുമാറുന്നത്? പണം കൈമാറുന്നതിനു മുൻപ് പലിശ വാങ്ങാൻ ആളിനെ വിട്ടല്ലോ? ഇതെന്തു ന്യായം? ഇല്ലാത്ത പണത്തിന് വല്ലാത്ത പലിശ!" Written by Binoy Thomas, Malayalam eBooks- 1021- Hoja Stories - 19, PDF- https://drive.google.com/file/d/1pcuS8s7V1cQCK2a-u0mkR2sg9wE7rYfp/view?usp=drivesdk

(1020) ഹോജയുടെ ആഗ്രഹം!

  തുർക്കിയിലെ രാജാവ് ഹോജയുമായി സൗഹൃദത്തിലായി. ഹോജയുടെ പലതരം വേറിട്ട തലത്തിലുള്ള ചിന്തകളും മണ്ടത്തരങ്ങളും തർക്കുത്തരങ്ങളുമെല്ലാം രാജാവിനെ രസിപ്പിച്ചിരുന്നു. ഒരു ദിവസം രാജാവ് ചില തത്വചിന്തകൾ ഹോജയുമായി പങ്കുവയ്ക്കുകയായിരുന്നു. രാജാവ് പറഞ്ഞു -"ഏതൊരാൾക്കും സ്ഥിരമായ പരിശ്രമത്തിലൂടെ അയാളുടെ ആഗ്രഹം സാധിക്കാവുന്നതാണ്. പക്ഷേ, ആ വിജയത്തിനുള്ള ആഗ്രഹം അത്രമേൽ ശക്തമായിരിക്കണം" ഹോജ അതെല്ലാം മൂളിക്കേട്ടു. തുടർന്ന്, രാജാവ് ഹോജയോടു ചോദിച്ചു - "ഹോജ എന്താണ് നിങ്ങളുടെ ആഗ്രഹം?" ഹോജ പറഞ്ഞു -"ഈ രാജ്യത്തെ രാജാവ് ആകാനാണ് എൻ്റെ ആഗ്രഹം" ഉടൻ, രാജാവ് പൊട്ടിച്ചിരിച്ചു - "എന്താണ് ഹോജാ, രാജാവ് ആകണമെന്നോ? തനിക്കെന്താ ഭ്രാന്തുണ്ടോ?" ഹോജ യാതൊരു കൂസലുമില്ലാതെ പറഞ്ഞു -"ഭ്രാന്തുള്ളവർക്കു മാത്രമേ രാജാവാകാൻ പറ്റൂ എന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്" രാജാവ് ലജ്ജിച്ച് തലതാഴ്ത്തി. അന്നത്തെ സംസാരം അവിടെ തീർന്നു! Written by Binoy Thomas. Malayalam eBooks- 1020- Hoja Stories - 18, PDF- https://drive.google.com/file/d/1Rcq_gtDCgRq4mKtCdSeCso577GrfMPxQ/view?usp=drivesdk

(1019) ഹോജയും രാജാവും

  ഒരിക്കൽ, തുർക്കിയിലെ രാജാവിന് ഒരാഗ്രഹം തോന്നി. ഹോജയെ കാണാൻ ആളെ അയച്ചു. ഹോജയെ കാണുമ്പോൾ അയാളെ കുഴയ്ക്കുന്ന എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാനായി രാജാവ് പലതും മനസ്സിൽ കുറിച്ചു വച്ചു. ഹോജ കൊട്ടാരത്തിലെത്തി. അന്നേരം, രാജാവ് ഹോജയോടു ചോദിച്ചു -"ഹോജാ, നമ്മുടെ മുന്നിൽ ഇപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടുവെന്ന് കരുതുക. എന്നിട്ട് ദൈവത്തിൻ്റെ ഇടതു കയ്യിൽ നിറയെ സമ്പത്തും വലതു കയ്യിൽ നിറയെ നന്മയും നമുക്കു നേരെ നീട്ടുന്നു എന്നു വിചാരിക്കണം. അങ്ങനെയെങ്കിൽ അതിൽ ഏതായിരിക്കും താങ്കൾ സ്വീകരിക്കുക?" ഉടൻ, ഹോജ മറുപടി പറഞ്ഞു -"എനിക്ക് ഒരു സംശയവുമില്ല. ഞാൻ ഇടതു കയ്യിലെ സമ്പത്തു വാങ്ങും" രാജാവ് അമ്പരന്നു! അദ്ദേഹം പറഞ്ഞു -" ഹോജാ, താൻ ഇത്രയും വലിയ അത്യാഗ്രഹിയെന്ന് ഞാൻ ഇതു വരെയും അറിഞ്ഞിരുന്നില്ല. ഈ കാര്യത്തിൽ ഞാൻ ആയിരുന്നെങ്കിൽ നന്മയുടെ കൈ സ്വീകരിക്കുമായിരുന്നു!" ഹോജയുടെ പ്രതികരണം ഇങ്ങനെയായിരുന്നു - "എനിക്ക് നന്മ ഏറെയുണ്ട്. എന്നാൽ സമ്പത്ത് ഒട്ടുമില്ല. അതിനാൽ ഞാൻ ആവശ്യമുള്ളത് എടുത്തു. രാജാവിന് സമ്പത്ത് ഏറെയുണ്ട്. നന്മ ആവശ്യത്തിന് ഇല്ലാത്തതുകൊണ്ട് അതെടുത്തു. അതു തികച്ചും ന്യായമായ കാര്യമ...

(1018) പുഴ കടന്ന ഹോജ!

  ഒരിക്കൽ ഹോജ പുഴയോരത്ത് ഇരിക്കുകയായിരുന്നു. അന്നേരം, നാല് അന്ധന്മാർ പുഴക്കരയിലെത്തിയത് പുഴയുടെ അക്കരെ കടക്കാനായിരുന്നു. നാലു പേരും കൈകൾ കോർത്തു പിടിച്ചുണ്ടായിരുന്നു. എങ്കിലും പുഴയിൽ എത്ര ആഴമുണ്ടെന്ന് അവർക്കറിയില്ല. അവർ പേടിച്ചു നിൽക്കുന്നതു കണ്ട് ഹോജ ചോദിച്ചു - "നിങ്ങളെ ഓരോ ആളിനെയും പുഴയുടെ അക്കരയിലേക്ക് ഞാൻ എത്തിക്കാം. പക്ഷേ, ഓരോ ആളും രണ്ട് വെള്ളിനാണയങ്ങൾ എനിക്കു കൂലിയായി തരണം" അവർ നാൽവരും അതു സമ്മതിച്ചു. അനന്തരം, ഓരോ ആളിനെയും കൈപിടിച്ച് വെള്ളത്തിലൂടെ നടത്തി അക്കരെ എത്തിച്ചു. എന്നാൽ നാലാമൻ അക്കരെ എത്താറായപ്പോൾ കാൽ തെന്നി ഹോജയുടെ പിടിവിട്ട് വെള്ളത്തിൽ ഒഴുകിപ്പോയി. അന്നേരം, മറ്റുള്ള അന്ധന്മാർ ചോദിച്ചു - "എന്താണ് ഒരു ശബ്ദം കേട്ടത്?" ഹോജ പറഞ്ഞു -"എൻ്റെ രണ്ടു നാണയങ്ങൾ വെള്ളത്തിൽ പോയ ശബ്ദമാണു നിങ്ങൾ കേട്ടത്. സാരമില്ല എനിക്ക് 6 നാണയം കിട്ടിയല്ലോ!" Written by Binoy Thomas, Malayalam eBooks-1018- Hoja stories - 16, PDF- https://drive.google.com/file/d/11NvTMQwT3hMJ7QiVYZYS714RK7jFRqGT/view?usp=drivesdk

(1017) ഹോജയുടെ പശു!

  ഹോജ മുല്ല തൻ്റെ വീടിൻ്റെ മട്ടുപ്പാവിലൂടെ ഉലാത്തുന്ന സമയം. അന്നേരം, ഒരാൾ ഓടിക്കിതച്ച് വീടിനു താഴെയെത്തി. അയൽവാസിയായിരുന്നു അത്. അയാൾ വിളിച്ചു കൂവി - "ഹോജാ, പെട്ടെന്ന് താഴെയിറങ്ങി വരൂ. എനിക്ക് നിങ്ങളോട് ഒരു അത്യാവശ്യകാര്യം പറയാനുണ്ട്" ഹോജ ധൃതിയിൽ കോവണിപ്പടികൾ ഇറങ്ങി അവൻ്റെ മുന്നിലെത്തി. അന്നേരം അയാൾ ചോദിച്ചു - "തൻ്റെ പശു എൻ്റെ തോട്ടത്തിലെ കൃഷി നശിപ്പിച്ചു. അതിൻ്റെ നഷ്ടപരിഹാരം എനിക്കു കിട്ടണം" ഹോജ പറഞ്ഞു -"എന്താണ് പശുവിൻ്റെ നിറം?" അയാൾ വെള്ളയും കറുപ്പും നിറമാണെന്ന് പറഞ്ഞു. അപ്പോൾ ഹോജ മറ്റൊരു നിർദ്ദേശം വച്ചു - "വരൂ. മുകളിലത്തെ മട്ടുപ്പാവിലേക്ക് നമുക്കു പോകാം. എന്നിട്ട് ഞാൻ ബാക്കി പറയാം" രണ്ടു പേരും കൂടി മട്ടുപ്പാവിലെത്തി. പശുവിൻ്റെ കാര്യത്തിനു മറുപടിയായി ഹോജ പറഞ്ഞു -"അത് എൻ്റെ പശുവല്ല" അന്നേരം, അപരിചിതൻ ദേഷ്യപ്പെട്ടു -" ഈ കാര്യം പറയാൻ വേണ്ടിയാണോ താൻ ഇവിടെ വരെ എന്നെ കയറ്റിയത്?" പെട്ടെന്ന് യാതൊരു കൂസലും കൂടാതെ ഹോജ തുടർന്നു - "യാതൊരു ആവശ്യവുമില്ലാതെ തൻ്റെ പശുവിൻ്റെ കാര്യം പറയാൻ എന്നെ താഴേക്ക് വരുത്തിയതിനു പകരമായി താനും മുകളിലേ...

(1016) ഹോജയും കള്ളനും!

  ഹോജയുടെ വീട്ടിൽ ദാരിദ്ര്യമുണ്ടായിരുന്ന കാലം. അയാളുടെ കയ്യിൽ പണമോ വിലപിടിപ്പുള്ള എന്തെങ്കിലുമോ ഇല്ലാത്ത അവസ്ഥയായതിനാൽ മിക്കവാറും രാത്രികളിൽ ഉറക്കം വരാറില്ല. അഥവാ ഉറങ്ങിയാലും ചെറിയ മയക്കം മാത്രം. കാരണം, കുടുംബത്തിൻ്റെ പട്ടിണി ഒഴിവാക്കുന്ന കാര്യം അയാൾക്ക് അത്രയും പ്രാധാന്യമുള്ളതായിരുന്നു. ഒരു ദിവസം രാത്രിയിൽ ഹോജ കണ്ണു തുറന്ന് ഓരോന്ന് ആലോചിച്ചുകൊണ്ട് കിടക്കുമ്പോൾ ആ വീടിൻ്റെ ദുർബലമായ കതകു പൊളിച്ച് കള്ളൻ അകത്തു കടന്നു. പക്ഷേ, ഹോജ അതൊന്നും കാര്യമാക്കാതെ കണ്ണു തുറന്ന് കിടന്നു. കള്ളൻ്റെ വാരിവലിച്ചുള്ള നോട്ടവും വെപ്രാളവും കണ്ടിട്ട് ഹോജ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഉടൻ, കള്ളൻ അമ്പരന്ന് ചോദിച്ചു - "സാധാരണയായി ഞാൻ രാത്രി കയറിയിട്ടുള്ള വീടുകളിലെ ആളുകൾ പേടിച്ച് കരയുകയാണ് ചെയ്യാറുള്ളത്. നീ എന്തിനാണ് ചിരിക്കുന്നത്?" ഹോജ ചിരി നിർത്താതെ പറഞ്ഞു -"ഞാൻ പകൽ സമയം മുഴുവനും നോക്കിയിട്ടും ഇവിടെങ്ങും ഒരു നാണയം പോലും കിട്ടിയില്ല. പിന്നെ നിനക്ക് ഈ രാത്രിയിൽ എങ്ങനെ കിട്ടാനാണ്?" ഉടൻ, പുറത്തേക്കു നടക്കുന്ന സമയത്ത് കള്ളൻ പിറുപിറുത്തു - "ഇവൻ ഒരു ദരിദ്രവാസിയാണ്. എൻ്റെ സമയം വെറുതെ കളഞ്ഞു!" Ma...

(1015) ചക്രവർത്തിയെ നേരിട്ട ഹോജ!

  ഒരിക്കൽ, തുർക്കിയിലെ തിമൂർ സുൽത്താൻ, ഹോജയുടെ നാടായ അക്സെഹിർ ആക്രമിക്കാൻ വരുന്നുവെന്ന് ആ നാട്ടിൽ സൂചന കിട്ടി. ഉടൻ, ആളുകൾ വീടുവിട്ട് ഒരു സ്ഥലത്ത് തടിച്ചു കൂടി. ഹോജയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പറഞ്ഞതുപോലെ സംഭവിച്ചു - സുൽത്താൻ തൻ്റെ സൈന്യവുമായി അവിടെയെത്തി! ജനങ്ങളെല്ലാം പരിഭ്രാന്തരായി. എന്നാൽ, ഹോജ യാതൊരു കൂസലും കൂടാതെ സുൽത്താനു മുന്നിൽ ചെന്നു നിന്ന് പറഞ്ഞു -"എത്രയും വേഗം സുൽത്താൻ തിരികെ സ്വന്തം രാജ്യത്തേക്കു പടയുമായി മടങ്ങണം" എല്ലാവരും ഞെട്ടി വിറച്ചു! പൊതുവേ ഭീരുവായ ഹോജ, സുൽത്താനെ വെല്ലുവിളിക്കുകയാാണ്. ഇനി എന്താണു സംഭവിക്കുക? അന്നേരം, തിമൂർസുൽത്താൻ ഹോജയോടു ചോദിച്ചു - "തിരികെ പോകാനല്ല ഞാൻ വന്നിരിക്കുന്നത് " വീണ്ടും ഹോജ തിരിച്ചടിച്ചു - "എങ്കിൽ അതിൻ്റെ പ്രത്യാഘാതം സുൽത്താൻ കാണേണ്ടിവരും!" ഭീഷണി മുഴക്കിയ ഹോജയുടെ നേരെ നോക്കി സുൽത്താൻ അലറി - "ഞാൻ ഇവിടെ കീഴടക്കാൻ ഉറച്ചു കഴിഞ്ഞു. അന്നേരം ഇവിടെ എന്തു സംഭവിക്കുമെന്നാണ് നീ പറയുന്നത്?" അപ്പോൾ ഹോജ ഉച്ചത്തിൽ പറഞ്ഞു -"എന്തു സംഭവിക്കാനാണ്? ഞങ്ങളെല്ലാവരും കൂടി ഇപ്പോൾത്തന്നെ ഈ ദേശം വിട്ടു പോകും. അത്രതന്നെ!...

(1014) ഹോജയുടെ മീൻ!

  ഒരിക്കൽ, ഹോജ മുല്ല ഒരു കിലോ തൂക്കമുള്ള മീനുമായി വീട്ടിലെത്തി. അയാൾ ഭാര്യയോടു പറഞ്ഞു -"എടീ, ഈ മീൻ കറി വച്ചാൽ അതീവ രുചിയുള്ള ഒരെണ്ണമാണ്" ഭാര്യ പറഞ്ഞു - ''ഹും! ശരിയാണ്. ഇത്തരം മീൻ ഒരിക്കൽ ഇവിടെ വാങ്ങിയതാണ്. നല്ലതാണ്" എന്നിട്ട്, ഹോജ അത്യാവശ്യമായി എന്തോ കാര്യത്തിന് പുറത്തേക്കു പോയി. ഭാര്യ നല്ലതുപോലെ സ്വാദേറിയ മീൻകറി വച്ചു. പക്ഷേ, ഹോജ ഭക്ഷണം കഴിക്കാൻ വന്നത് ഏറെ വൈകിയാണ്. എന്നാൽ, ഇതിനിടയിൽ അവൾക്കു കൊതിയടക്കാൻ കഴിഞ്ഞില്ല. "ഒരു കഷണമെടുത്ത് രുചിയൊന്നു നോക്കിയേക്കാം" അത് തിന്നപ്പോൾ പിന്നെയും മനസ്സു മാറി. "എനിക്കു നന്നായി വിശക്കുന്നുണ്ടല്ലോ. ഹോജ വരുന്നതിനു മുൻപ് കുറച്ചു നുറുക്കുകൾ കൂടി തിന്നേക്കാം" അങ്ങനെ കൊതി മൂത്ത് എല്ലാ മീൻ കഷണങ്ങളും അവൾ തിന്നു തീർത്തു! ഹോജ മടങ്ങിയെത്തി കഴിക്കാനിരുന്നു. മീൻ കറിയുടെ ചാറു മാത്രം ഹോജയ്ക്ക് ഒഴിച്ചിട്ടു പറഞ്ഞു -"നമ്മുടെ പൂച്ച മുഴുവൻ മീനും തിന്നിട്ടു പോയി" ഉടൻ, ഹോജ ചാടിയെണീറ്റ് പൂച്ചയെ പിടിച്ച് ത്രാസിൽ തൂക്കി നോക്കിയിട്ട് വെറും ഒരു കിലോ മാത്രം!  അയാൾ അലറി- "ഒന്നെങ്കിൽ ഒരു കിലോ മീൻ തിന്ന പൂച്ചയുടെ തൂക്കം ഇപ്പ...

(1013) ഹോജയുടെ സ്വപ്നം!

  ഒരു ദിവസം, പതിവിലേറെ ക്ഷീണവുമായി ഹോജ ഉറങ്ങാൻ കിടന്നു. അന്നു പകൽ മുഴുവനും കൃഷിയിടത്തെ പണികൾ കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ കിടന്നയുടൻ തന്നെ അയാൾ ഉറങ്ങിപ്പോയി. ഉറക്കത്തിനിടയിൽ ഹോജ ഒരു സ്വപ്നം കണ്ടു - ഒരു അതിഥി തൻ്റെ വീടിൻ്റെ വാതിലിൽ വന്നു മുട്ടി! ഹോജ വാതിൽ തുറന്ന് അയാളോടു ചോദിച്ചു- "ഈ രാത്രിയിൽ താങ്കൾക്ക് എന്താണു കാര്യം?" അപരിചിതൻ പറഞ്ഞു -"എന്നെ ഇന്നു രാത്രി ഈ വീട്ടിൽ അന്തിയുറങ്ങാൻ അനുവദിക്കണം" ഹോജ ഉടൻ അതിനുള്ള വാടക ആവശ്യപ്പെട്ടു. അയാൾ ധനികനായിരുന്നതിനാൽ നിസ്സാര ഭാവത്തിൽ പറഞ്ഞു - "ഞാൻ പത്ത് സ്വർണ്ണ നാണയം നാളെ രാവിലെ തന്നുകൊള്ളാം" അയാളെ അടുത്ത മുറിയിലേക്ക് ഹോജ കൊണ്ടുപോയി. അടുത്ത ദിനം രാവിലെ അയാൾക്കു പോകാൻ സമയമായി. നാണയങ്ങൾ ഹോജയ്ക്കു കൊടുത്തു. ഹോജ ധൃതിയിൽ നാണയം എണ്ണിയപ്പോൾ ഒൻപത് നാണയങ്ങൾ മാത്രമേ ഉള്ളൂ! ഉടൻ ദേഷ്യപ്പെട്ട് ഹോജ അലറി വിളിച്ചു - "ഹും! നിൽക്കവിടെ! ഒരു നാണയം കൂടി തന്നിട്ട് നീ പോയാൽ മതി! ഒൻപത് നാണയം നീ തന്നെ പിടിച്ചോളൂ!" ഹോജ അയാൾക്കു തിരികെ കൊടുത്തു. പക്ഷേ, ഇതു പറഞ്ഞ നേരത്ത് ഹോജയുടെ കിനാവ് മുറിഞ്ഞ് കണ്ണു തുറന്നു പോയി! പെട്ടെന്ന്, ഹോ...

(1012) ഹോജയുടെ എഴുത്ത്!

  ഒരിക്കൽ, ഹോജയുടെ സുഹൃത്ത് ഹോജയെ കാണാനെത്തി. കാരണം അയാൾക്ക് എഴുത്തും വായനയും അറിയില്ല. ഹോജയെ കണ്ട് കത്തെഴുതിക്കാനായിരുന്നു ശ്രമം. "എൻ്റെ ബന്ധുവിന് വളരെ അത്യാവശ്യമായി എഴുത്ത് എഴുതി ഒരു വിവരം അറിയിക്കാനാണ്" അയാൾ പറഞ്ഞു. ഉടൻ, ഹോജ ചോദിച്ചു - "ഈ കത്ത് എങ്ങോട്ടാണ് അയയ്ക്കുന്നത്?" സുഹൃത്ത് പറഞ്ഞു: "ബാഗ്ദാദിലാണ് എൻ്റെ ബന്ധു" ഹോജ പെട്ടെന്ന് ഭാവം മാറ്റി - "ഹേയ്! എനിക്ക് ബാഗ്ദാദ് വരെ പോകാനുള്ള സമയമില്ല" ഇതു കേട്ട് സുഹൃത്ത് അന്ധാളിച്ചു. അയാൾ കാര്യങ്ങൾ വ്യക്തമാക്കി - "ഹോജ, താൻ ബാഗ്ദാദിൽ പോകേണ്ട. ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് എഴുതിത്തന്നാൽ മതി" ഹോജ വീണ്ടും നിരസിച്ചു - "അതു തന്നെയാണു പ്രശ്നം. എൻ്റെ കയ്യക്ഷരം എനിക്കു മാത്രമേ വായിക്കാൻ പറ്റൂ. അത്രയ്ക്കു മോശമാണ്. ഈ എഴുത്ത് ഞാൻ എഴുതി അയച്ചാൽ നിൻ്റെ ബന്ധുവിന് വായിക്കാൻ പറ്റില്ല. പിന്നെ അതിനു വേണ്ടി ഞാൻ ബാഗ്ദാദിലെത്തി വായിച്ചു കൊടുക്കേണ്ടി വരും!" Written by Binoy Thomas, Malayalam eBooks-1012-ഹോജ മുല്ല കഥകൾ പരമ്പര -10, PDF- https://drive.google.com/file/d/1ELdQqGmQefkoKG_BLDAZPDn7Tdy7oZjD/view?usp=...

(1011) ഹോജയുടെ അപകടം!

  ഒരു ദിവസം, ഹോജ മുല്ല വീട്ടിൽ സമാധാനമായി ഇരിക്കുന്ന സമയം. അന്നേരം, രണ്ടു പേർ ഓടിക്കിതച്ച് അങ്ങോട്ടു വന്നു. ഹോജ വിവരം തിരക്കി. അവർ പരിഭ്രമത്തോടെ പറഞ്ഞു -"ഈ വീട്ടിലെ ആളിനെപ്പോലെ ഒരാൾ ആ വഴിയിൽ അപകടത്തിൽപെട്ട് മരിച്ചു കിടപ്പുണ്ട്. അത് അറിയാനായി വന്നതാണ്!" ഉടൻ, ഹോജ ചോദിച്ചു - "തലപ്പാവ് ഉണ്ടായിരുന്നോ?" അവർ പറഞ്ഞു -"ഉവ്വ്, ഉണ്ടായിരുന്നു" ഹോജ തുടർന്നു -"ഇതു പോലെയുള്ള നീണ്ട താടിരോമങ്ങൾ ഉണ്ടായിരുന്നോ?" "ഉണ്ട്" അവർ അനുകൂലിച്ചു. ഹോജ: "അയാൾക്ക് എൻ്റെ ഉയരം ഉണ്ടോ?" "അതെ. ഈ ഉയരമുണ്ട്" വീണ്ടും മറുപടി അനുകൂലമായിരുന്നു. ഹോജ ആകാംക്ഷയോടെ ചോദിച്ചു - "അയാളുടെ കുപ്പായത്തിൻ്റെ നിറം എന്തായിരുന്നു?" രണ്ടു പേരും ഒന്നിച്ചു പറഞ്ഞു -"പിങ്ക് നിറമായിരുന്നു" അന്നേരം, ഹോജ തൻ്റെ കുപ്പായത്തിലേക്കു നോക്കി ആശ്വസിച്ചു - "ഹാവൂ! ഇതു വേറെ നിറമായതു ഭാഗ്യമായി! ഞാൻ രക്ഷപ്പെട്ടു!" Written by Binoy Thomas, Malayalam eBooks-1011-ഹോജ മുല്ല കഥകൾ 9, PDF- https://drive.google.com/file/d/1Iq_sOtLeyRhT-PU751khqCQ6lVmTK5OM/view?usp=drivesdk

(1010) മുല്ലയുടെ കാള!

  ഒരിക്കൽ, ഹോജ മുല്ല നല്ലൊരു കാളയെ വാങ്ങി. അയാൾക്കും ഭാര്യയ്ക്കും അതിനെ വലിയ ഇഷ്ടമായി. ആ കാളയുടെ കൊമ്പുകൾ പ്രത്യേക രീതിയിൽ വളഞ്ഞ് ഒരു സിംഹാസനം പോലെ കാണപ്പെട്ടു. ഒരു ദിവസം, ഹോജയ്ക്ക് ഒരു ആഗ്രഹം ഉദിച്ചു - കാളയുടെ വളഞ്ഞ കൊമ്പുകൾക്കിടയിൽ രാജാവിനെപ്പോലെ ഇരിക്കണം! അതിനായി പല തവണ നോക്കിയെങ്കിലും കാള നിൽക്കുന്ന സമയത്ത് ഒരിക്കലും നടക്കാത്ത കാര്യമെന്ന് ഹോജ മനസ്സിലാക്കി. പിന്നെ എന്താണ് പോംവഴിയെന്ന് ആലോചിച്ചപ്പോൾ കാള ഉറങ്ങുന്ന സമയത്ത് അല്പനേരം പതിയെ ഇരിക്കാമെന്ന് കണക്കു കൂട്ടി. തൻ്റെ ഈ വീരസാഹസം ഭാര്യയെ കാണിച്ചേ മതിയാകൂ എന്നും അയാൾ തീരുമാനിച്ചു. ഭാര്യയെ വിളിച്ച് മുന്നിൽ നിർത്തിയിട്ട് അയാൾ പതിയെ കാളക്കൊമ്പുകൾക്കിടയിൽ കയറി ഇരുന്നു! എന്നാൽ തലയ്ക്കു മുകളിൽ ഭാരം തോന്നിയ നിമിഷം കാള കണ്ണുതുറന്നു. കാള മുക്രയിട്ടു കൊണ്ട് കൊമ്പ് ഒന്നു കുടഞ്ഞു! ഹോജ ഒരു പന്തു പോലെ കുറെ ദൂരെ തെറിച്ചു വീണു! ഭാര്യ കളിയാക്കി ചിരിച്ചപ്പോൾ ഹോജ പറഞ്ഞു -"രാജാക്കന്മാർ സിംഹാസനത്തിൽ നിന്നും തെറിക്കുന്നത് ആദ്യത്തെ സംഭവമല്ല!" Written by Binoy Thomas, Malayalam eBooks-1010 - Hoja story Series - 8, PDF- https://drive.google.com/fil...

(1009) വീടിൻ്റെ ഭക്തി!

  ഹോജ ഒരു വാടക വീട്ടിൽ കഴിഞ്ഞിരുന്ന കാലത്തെ കഥ. ആ വീട് അറുപഴഞ്ചനായിരുന്നു. അതിനാൽത്തന്നെ വാടക തീരെ കുറവായിരുന്നുതാനും. എന്നാൽ, രാത്രി സമയത്ത് പലപ്പോഴും ഉറക്കത്തിനു ശല്യമായി അപശബ്ദങ്ങൾ ഏറെയുണ്ടായിരുന്നു. പുരപ്പുറത്തുകൂടി എലികളും പൂച്ചകളും മറ്റുള്ള ജന്തുക്കളുമെല്ലാം ഓടിനടക്കും. മാത്രമല്ല, ചെറിയ കാറ്റുവന്നാൽ പോലും ജനാലകളും വാതിലുകളുമൊക്കെ പലതരം ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ചിലപ്പോൾ പാട്ടു പോലെയും പിറുപിറുക്കലുകൾ പോലെയും ഒച്ചകൾ കേൾക്കാം. ആ വീട് ഒഴിഞ്ഞു പോകാൻ ഹോജ തീരുമാനിച്ചു. വീട്ടുടമയെ കാര്യങ്ങൾ ധരിപ്പിച്ചു. അയാൾ അതൊക്കെ നിഷേധിച്ചപ്പോൾ ആ രാത്രിയിൽ ഹോജ വിളിച്ചു വീട്ടിൽ വരുത്തി കുഴപ്പങ്ങൾ നേരിട്ടു കേൾപ്പിക്കാമെന്നു തീരുമാനിച്ചു. വികൃതമായ പാട്ടു പോലത്തെ ശബ്ദം കേട്ടപ്പോൾ ഉടമ പറഞ്ഞു -"ഈ ശബ്ദം വീടും വീടിൻ്റെ ഓരോ ഭാഗവും വെവ്വേറെ ദൈവത്തെ സ്തുതിച്ചു പാടുന്നതാണ്!" ഉടൻ, ഹോജ പറഞ്ഞു -"അതു ശരിയാണ്. വീട് ഒട്ടും വൈകാതെ ദൈവത്തെ കുനിഞ്ഞു വണങ്ങാനും സാധ്യതയുണ്ട്!" ഹോജ ഇറങ്ങി നടന്നു. വീട്ടുടമസ്ഥൻ്റെ വേലത്തരം ഹോജയുടെ അടുത്ത് വിലപ്പോയില്ല! Written by Binoy Thomas, Malayalam eBooks-...

(1008) മുല്ലയും തുന്നൽക്കാരനും!

  ഹോജ മുല്ല താമസിച്ചിരുന്ന തുർക്കിയിലെ ഗ്രാമത്തിൽ നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. അതിനാൽ നല്ല കട്ടിയുള്ള കുപ്പായം ആവശ്യമായിരുന്നു. എന്നാൽ, കൃഷിപ്പണികൾക്കിടയിൽ, വസ്ത്രം കീറി നശിക്കുന്നത് പതിവാണ്. അതിനാൽ, ഒരു ദിവസം കുപ്പായം തുന്നാനുള്ള തുണി ചന്തയിൽ നിന്നും വാങ്ങി അതുമായി തുന്നൽക്കാരൻ്റെ അടുക്കലെത്തി. എന്നിട്ട്, ഹോജ പറഞ്ഞു - "എനിക്കു വേറെ കുപ്പായമില്ല. അതിനാൽ എത്രയും വേഗം തുന്നിത്തരണം" അന്നേരം തുന്നൽക്കാരൻ  പറഞ്ഞു -"ദൈവം നിശ്ചയിച്ചാൽ അടുത്ത ആഴ്ച തയ്ച്ചു തരാം" ഹോജയ്ക്ക് സമാധാനമായി - "ഹാവൂ ഒരാഴ്ചക്കുള്ളിൽ കുപ്പായം കിട്ടുമല്ലോ" ഒരാഴ്ച കഴിഞ്ഞ് ഹോജ തുന്നൽക്കാരൻ്റെ അടുക്കലെത്തി. അന്നേരം അയാൾ പറഞ്ഞു -"ദൈവം നിശ്ചയിച്ചാൽ മൂന്നു ദിവസം കഴിഞ്ഞു തരാം" ഹോജയ്ക്കു ദേഷ്യം വന്നെങ്കിലും മൗനം പാലിച്ചു. മൂന്നു ദിനം കഴിഞ്ഞ് അയാൾ തുന്നൽക്കാരൻ്റെ അടുത്തു ചെന്നു. അപ്പോൾ അവൻ പറഞ്ഞു -"ദൈവം നിശ്ചയിച്ചാൽ നാളെ തരാം" ഉടൻ, ഹോജ മുല്ല പൊട്ടിത്തെറിച്ചു - "ദൈവത്തിൻ്റെ സഹായമില്ലാതെ നിങ്ങൾക്കു തയ്ച്ചു തരാൻ എന്നു പറ്റും എന്നു പറയടോ?" Written By Binoy Thomas, Malay...

(1007) ഹോജയുടെ തൊപ്പി !

  നസറുദ്ദീൻ മുല്ല എന്ന ഹോജ പല കഥകളിലും പലതരം വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. മിക്കവാറും സാധാരണ ജീവിതവും ചിലപ്പോൾ ദാരിദ്ര്യം നിറഞ്ഞ സാഹചര്യങ്ങളും ആ കഥകളിൽ കാണാം. ഒരിക്കൽ പ്രഭാത ഭക്ഷണത്തിനായി പാചകത്തിനു മുതിർന്ന ഹോജ പല പ്രാവശ്യം അടുപ്പ് ഊതിയിട്ടും തീ കത്താൻ കൂട്ടാക്കിയില്ല. കാരണം അതൊരു തണുപ്പുള്ള ദിവസമായിരുന്നു. കൽക്കരിയായിരുന്നു ഇന്ധനം. ഒടുവിൽ, അയാൾ തൻ്റെ ഭാര്യ തന്ന തൊപ്പി എടുക്കാനായി മറ്റൊരു മുറിയിലേക്കു പോയി. എന്നിട്ട്, അത് തലയിൽ വച്ചു കൊണ്ട് വലിയ ഗൗരവത്തിൽ അടുക്കളയിലേക്കു വന്നു. പിന്നെ, ശക്തിയായി അടുപ്പ് ഊതി. അത് ഉടനെ കത്തുകയും ചെയ്തു! ഹോജയ്ക്ക് അതൊരു അത്ഭുതമായി തോന്നി. ഉടൻ, അയാൾ പറഞ്ഞു - "ഹോ! അടുപ്പിനും എൻ്റെ ഭാര്യയെ പേടിയാണല്ലേ?" Written by Binoy Thomas, Malayalam eBooks-1007- Hoja Mulla stories -5, PDF- https://drive.google.com/file/d/1eknhlz_W_XaUVUHBTzMxbmTbQPGGrkcC/view?usp=drivesdk

(1006) പന്നിയുടെ സമയം!

  ഒരിക്കൽ നമ്പറുദ്ദിൻ മുല്ല തൻ്റെ കൃഷിയിടത്തിൽ പണിതു കൊണ്ടിരുന്ന സമയം. അന്നേരം, മറ്റൊരു ദേശത്തുനിന്നും ഒരാൾ ഓടി വരുന്നുണ്ടായിരുന്നു. അയാളുടെ പന്നി അതിൻ്റെ കൂട്ടിൽ നിന്നും ചാടിപ്പോയി. എങ്ങോട്ടാണ് പന്നി ഓടിയതെന്ന് അയാൾക്ക് അറിയില്ലെങ്കിലും ഓടി വന്ന് ഹോജ മുല്ലയോടു ചോദിച്ചു - "ഇതുവഴി ഒരു പന്നി ഓടിപ്പോയത് കണ്ടിരുന്നോ?" "കണ്ടിരുന്നു..." ഹോജ മുഴുവൻ പറയുന്നതിനു മുൻപ് തലയുയർത്തി അയാൾ നന്ദി പറയുമെന്ന് പ്രതീക്ഷിച്ച് നോക്കിയെങ്കിലും അയാൾ ഓടിപ്പോയിരുന്നു. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ തിരികെ അതു വഴി വന്നു. ദേഷ്യത്തോടെ മുല്ലയോടു ചോദിച്ചു - "താൻ എന്നെ പറ്റിക്കുകയായിരുന്നു? ആ വഴി പന്നി പോയിട്ടേയില്ല?" ഹോജ നിസ്സാര ഭാവത്തിൽ പറഞ്ഞു -"ഞാൻ പറഞ്ഞതു ശരിയാണ്. ഇതു വഴി പന്നി പാഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ വർഷമായിരുന്നു എന്നു മാത്രം!" പിന്നെയും അയാൾക്കു ദേഷ്യം വർദ്ധിച്ചു - "എങ്കിൽ ആ വിധത്തിൽ എന്നോടു പറയണമായിരുന്നു" മുല്ല : "മുഴുവൻ കേൾക്കാൻ താൻ നിൽക്കണമായിരുന്നു!" Written by Binoy Thomas, Malayalam eBooks-1006 - Hoja stories - ...

(1005) ഹോജയുടെ കഴുത!

  ഒരിക്കൽ, ഹോജ മുല്ല തൻ്റെ കഴുതയുമായി ചന്തയിൽ പോയി. കഴുതയെ വിൽക്കുകയായിരുന്നു ലക്ഷ്യം. ഒരാൾ വന്ന് 50 നാണയങ്ങൾ നൽകി അതിനെ വാങ്ങി. കുറച്ചു നേരം അലക്ഷ്യമായി ചന്തയിലൂടെ നടന്ന സമയത്ത് കഴുതയെ വാങ്ങിയ ആൾ ലേലം വിളിക്കുന്നത് ഹോജ കേട്ടു! ഉടൻ, ഒരാൾ 70 നാണയം പറഞ്ഞു. അതുകേട്ട് വേറെ ആളുകളും അവിടെ തടിച്ചു കൂടി. മറ്റൊരാൾ 100 നാണയം എന്നു വിളിച്ച് ലേലത്തുക കയറ്റി വച്ചു. എന്നാൽ, 150 എന്ന് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ തുക ഉയർത്തി. അന്നേരം, ഹോജ പിറുപിറുത്തു - "ഞാൻ എന്തൊരു മണ്ടനാണ്? എൻ്റെ കഴുതയ്ക്ക് എന്തോ പ്രത്യേകതയുണ്ട്. അല്ലെങ്കിൽ ഇത്രയും കൂടിയ തുക ലേലം വിളിക്കില്ല" ഹോജ വിളിച്ചു കൂവി - "200 നാണയം!" അന്നേരം, ലേലം ഉറപ്പിച്ച് ഹോജ വളരെ ബഹുമാനത്തോടെ സ്വന്തം കഴുതയെ തലോടിക്കൊണ്ട് വീട്ടിലേക്കു നടന്നു.  Written by Binoy Thomas, Malayalam eBooks-1005- Hoja stories - 3, PDF- https://drive.google.com/file/d/1TJGY0J8RB3Ts13TRmX4MWklrl92EfOJx/view?usp=drivesdk

(1004) ഹോജയും വിദ്വാനും

  ഒരിക്കൽ, ഹോജ തൻ്റെ കടത്തുവഞ്ചിയിൽ ഇരിക്കുകയായിരുന്നു. അന്നേരം, ആ ദേശത്തിലെ ഒരു പ്രധാന വിദ്വാൻ അക്കരെയ്ക്കു പോകാനായി അങ്ങോട്ടു വന്നു. അയാൾ ഹോജയുടെ വഞ്ചിയിൽ കയറി. ആ നദിയിലൂടെ കുറച്ചു തുഴഞ്ഞപ്പോൾ വിദ്വാനോട് പലതരം കാര്യങ്ങളേക്കുറിച്ച് ഹോജ സംസാരിച്ചെങ്കിലും വിദ്വാനു പുച്ഛമാണു തോന്നിയത്. അയാൾ ചോദിച്ചു - "തൻ്റെ സംസാരം കേട്ടിട്ട് യാതൊരു വ്യാകരണ ശുദ്ധിയുമില്ലല്ലോ. തൻ്റെ ജീവിതം പകുതി പോയെന്ന് ചുരുക്കം!" ഉടനെ, തോണി ആഴമുള്ള പുഴയുടെ നടുക്ക് എത്തിയിരുന്നു. അന്നേരം ഹോജ വിദ്വാനോടു ചോദിച്ചു - "വിദ്വാന് നീന്തൽ അറിയാമോ?" "അറിയില്ല" ഉടൻ, ഹോജ യാതൊരു കൂസലും ഇല്ലാതെ പറഞ്ഞു -"എങ്കിൽ താങ്കളുടെ ജീവിതം പകുതിയല്ല മുഴുവനും പോയി. കാരണം, ഈ വള്ളത്തിൽ വെള്ളം കയറാൻ തുടങ്ങി. ഇതു മുങ്ങാൻ തുടങ്ങുകയാണ്!" പെട്ടെന്ന്, വിദ്വാൻ യാതൊരു വ്യാകരണശുദ്ധിയുമില്ലാതെ അലറി നിലവിളിച്ചു! Written by Binoy Thomas, Malayalam eBooks-1004- Hoja stories - 2, PDF- https://drive.google.com/file/d/1bds7H3zKp_ANXS3wWivsRrbVnxm0qfRs/view?usp=drivesdk

(1003) വഴിയിലെ കല്ല്!

  സിൽബാരിപുരം ദേശം ഭരിച്ചിരുന്നത് വീരവർമ്മൻ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന് നീതിയും ന്യായവും സത്യവുമെല്ലാം രാജ്യത്ത് നടക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ, കൊട്ടാരത്തിൽ ധാന്യപ്പുരയുടെ കാര്യങ്ങൾ നോക്കാനായി ഒരാളെ ജോലിക്ക് എടുക്കാനായി രാജാവ് തീരുമാനിച്ചു. സാധാരണയായി ധാന്യശേഖരം യഥാസമയം ബുദ്ധിപൂർവ്വം മുൻഗണന നോക്കി കൊടുക്കാതിരുന്നതിനാൽ ധാന്യങ്ങൾ പൂപ്പൽ പിടിച്ചും ചെള്ളു കയറിയും പോകാറുണ്ട്. അതിനാൽ പാവങ്ങളോട് ആത്മാർഥത ഉള്ളവനു മാത്രമേ ഈ ജോലി കാര്യക്ഷമമായി ചെയ്യാനാവൂ. അതിനായി രാജാവ് ഒരു സൂത്രം കണ്ടുപിടിച്ചു. അടുത്ത ദിവസം, അതിരാവിലെ വലിയൊരു കല്ല് പ്രധാന പാതയുടെ നടുക്ക് വയ്ക്കാൻ ഏതാനും ഭടന്മാരോട് രാജാവ് രഹസ്യമായി കൽപ്പിച്ചു. എന്നിട്ട്, രാജാവ് കാൽനടക്കാരെ രഹസ്യമായി നിരീക്ഷിച്ചു. ചിലർ കാണാത്ത മട്ടിൽ മാറി നടന്നു. വേറെ ചിലർ കല്ലിനെ ശപിച്ചിട്ടു പോയി. മറ്റുള്ളവർ കൊട്ടാര ജോലിക്കാരെ പഴിച്ചു. കരുത്തരായ യുവാക്കൾ കല്ലിനു മീതെ ചാടി ചിരിച്ചു കൊണ്ടു പോയി. ഒരുവൻ കല്ലിനു മുകളിൽ നിന്ന് പാട്ടുപാടി. അങ്ങനെ, ഏതാനും മണിക്കൂറുകൾ കടന്നുപോയി. ഒരു യുവാവ് അതുവഴി വന്നപ്പോൾ അവൻ്റെ ചുമട് താഴെ വച്ചതിനു ശേഷം, ഭാരമ...

(1002) ബുദ്ധിമാനായ ജ്യോൽസ്യൻ!

  സിൽബാരിപുരത്തെ വിക്രമൻ രാജാവിന് ഒരു ദുശ്ശീലമുണ്ടായിരുന്നു. ആരെങ്കിലും ഏഷണി പറഞ്ഞാൽ അത് അപ്പാടെ വിശ്വസിക്കും. അങ്ങനെ പല ശിങ്കിടികളും കഴിവുള്ളവരെ ഇല്ലാതാക്കുകയോ കൊട്ടാരത്തിൽ നിന്നും ഓടിക്കുകയോ ചെയ്തു പോന്നു. ഒരിക്കൽ, ആ ദേശത്തെ മിടുക്കനായ ഒരു ജ്യോൽസ്യനായിരുന്ന ശൂരമണിയായി അവരുടെ ഇര. കാരണം, അദ്ദേഹം ചില കള്ളന്മാരുടെ ഒളിസങ്കേതം മഷിയിട്ടു നോക്കി പറഞ്ഞത്രേ! അങ്ങനെ, ശൂരമണി വ്യാജനായ ജ്യോൽസ്യനാണെന്നും രാജ്യദ്രോഹിയായ അയാളെ രാജാവ് വിളിച്ചു വരുത്തി കൊല്ലണമെന്നും ആവശ്യപ്പെടുന്ന കുറ്റങ്ങൾ അയാളിൽ ചുമത്തി. രാജാവ് ശൂരമണിയെ കൊട്ടാരത്തിൽ വരുത്തി. ആ പെരുമാറ്റം കണ്ടപ്പോൾ രാജാവ് ശിക്ഷിക്കാനുള്ള എന്തെങ്കിലും വേലത്തരം ഒപ്പിക്കുമെന്ന് ജ്യോൽസ്യനു പിടികിട്ടി. രാജാവ് ചോദിച്ചു- "നീ എന്നാണു മരിക്കുന്നതെന്ന് നിനക്കു പറയാമോ?" ശൂരമണി ഒരു നിമിഷം ആലോചിച്ചു. ഏതെങ്കിലും വർഷമോ തീയതിയോ നീട്ടി പറഞ്ഞാൽ പ്രവചനം തെറ്റിയെന്നും പറഞ്ഞ് ഉടനെ രാജാവ് കൊല്ലും! അതല്ല, ഉടൻ മരിക്കുമെന്നു പറഞ്ഞാൽ രാജാവ് വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ താമസിപ്പിച്ചിട്ട് നിൻ്റെ പ്രവചനം തെറ്റിയെന്നു പറഞ്ഞ് അന്നേരം കൊല്ലും! അയാൾ പറഞ്ഞു -"അതെനിക്ക് ...

(1001) എണ്ണച്ചക്ക്!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ചക്കിലാട്ടിയ എണ്ണ വിൽക്കുന്ന വാണിയാനും ഭാര്യ വാണിയാത്തിയും ഉണ്ടായിരുന്നു. ധാരാളം തെങ്ങുകൾ ഉണ്ടായിരുന്ന പ്രദേശമാകയാൽ കൊപ്രയുമായി ആളുകൾ ചക്കിലാട്ടി വെളിച്ചെണ്ണയുമായി പോകാൻ കാത്തു നിൽക്കും. എന്നാൽ, ഭാര്യയും ഭർത്താവും കൂടി ചക്ക് കറക്കുന്ന സമയത്ത് വാണിയാൻ ദേഷ്യപ്പെട്ട് അലറും- "എടീ ഇങ്ങനെയാണോ ചക്ക് തിരിക്കുന്നത്?" അന്നേരം, വാണിയാത്തി തിരികെ ദേഷ്യപ്പെടും - "എങ്കിൽ നിങ്ങളു തന്നെ പണിതോളൂ" അവൾ ദേഷ്യപ്പെട്ട് വീടിനകത്തേക്ക് കയറിപ്പോകും. ഉടൻ, അയാൾ അലറിക്കൊണ്ട് തോർത്ത് വീശി അടിക്കാനായി ഓടും. പിന്നെ അവൾ കരഞ്ഞു കൊണ്ട് തിരികെ വന്ന് യാതൊന്നും മിണ്ടാതെ ചക്കിലാട്ടുന്നത് തുടരും. ഒരു ദിവസം ബുദ്ധിമാനായ ഒരാൾ അന്യദേശത്തു നിന്നും കൊട്ടാരത്തിലേക്കു പോകുന്നതിനായി അതുവഴി നടന്നു പോകുകയായിരുന്നു. അന്നേരം, വാണിയാൻ്റെ ഈ അലർച്ച കേട്ട് എണ്ണയാട്ടുന്ന അവിടേക്ക് അയാൾ കയറി എന്താണു കാര്യമെന്നു തിരക്കി. "ഇവരുടെ വഴക്ക് എല്ലാ ദിവസവും പതിവാണ് " അവിടെ കൊപ്രയുമായി വന്ന ഒരാൾ പറഞ്ഞു. പരദേശി ഒന്നും മിണ്ടാതെ കൊട്ടാരത്തിലേക്കു പോയി. എന്നാൽ, തിരികെ വന്നപ്പോൾ വൈകുന്നേരമായി. ...

(1000) ഈ വെബ്സൈറ്റ് അനുഭവ കഥ!

ഇപ്പോൾ 1000 ഇ-ബുക്കുകൾ എൻ്റെ ഈ സൈറ്റിൽ ആയ സന്തോഷം വായനക്കാരുമായി പങ്കുവയ്ക്കട്ടെ! ഇത്തവണ ഒരു അനുഭവ കഥയാണ് വേണമെങ്കിൽ പ്രചോദന കഥയെന്നും പറയാം. 2015-ൽ ഈ വെബ്സൈറ്റ് തുടങ്ങിയപ്പോൾ ആദ്യം ഞാൻ തീരുമാനിച്ചിരുന്നത് വലിയ ഡിജിറ്റൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനായിരുന്നു. നൂറു പേജിനു മുകളിൽ വരുന്നവ. അങ്ങനെ, ആറുമാസങ്ങൾ കൊണ്ട് അത്തരം ഒരെണ്ണം ('മനം നിറയെ സന്തോഷം') ആദ്യത്തെ ഇ-ബുക്കായി 2015 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചു. പുസ്തക വില 100 രൂപ എന്നാണെങ്കിലും സൗജന്യമായി മുഴുവൻ വായിച്ചിട്ട് ഓൺലൈനായി വില തരാനും തരാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വായനക്കാർക്കുണ്ടായിരുന്നു. ഒരു ദിവസം MBBS, MD ഉള്ള ഒരു ഡോക്ടറിൻ്റെ ഇ-മെയിൽ എനിക്കു വന്നു. അദ്ദേഹത്തിന് ആനന്ദം എന്ന വിഷയത്തിൽ ഒരു ദുർഘടമായ സംശയം. എനിക്ക് വളരെ അഭിമാനം തോന്നിയ കാര്യമെങ്കിലും ഒരു പ്രശ്നമുണ്ടായിരുന്നു - ആ സമയത്ത് BSNL internet കിട്ടിയിരുന്നത് Landline Cable വഴിയായിരുന്നു. 1 GB data എന്നാൽ സ്വർണ്ണവിലയുള്ള സമയം. മാസം ആയിരം രൂപ ബില്ലടച്ചാലും നന്നായി refer ചെയ്യാനുള്ള internet കിട്ടുന്നില്ലായിരുന്നു. അതുകാരണം, online work, സംശയങ്ങൾ, വിവിധ ഡിജിറ്റൽ സഹായ...

(999) ഒന്നും പ്രതീക്ഷിക്കാത്ത സത്കർമ്മങ്ങൾ!

  സിൽബാരിപുരം ദേശത്ത് ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം സൂര്യനുദിക്കുന്നതിനു മുൻപ് നദിക്കരയിലെത്തി ധ്യാനിക്കും. പ്രകൃതിരമണീയമായ സ്ഥലമായിരുന്നു അത്. ഒരു ദിവസം ധ്യാനം കഴിഞ്ഞപ്പോൾ അന്നത്തെ പ്രഭാഷണത്തിന് എന്തൊക്കെ വിഷയങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആലോചിക്കാൻ തുടങ്ങി. അന്നേരം, യാന്ത്രികമായി അദ്ദേഹം അവിടെ കിടന്ന തഴപ്പായ കൊണ്ട് ഒരു കുട്ട നെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മനോഹരമായ കുട്ട ഉണ്ടാക്കിക്കഴിഞ്ഞു. അന്നേരം, അദ്ദേഹം പോകാനായി എണീറ്റു. ഒരു കൗതുകത്തിന് ആ കുട്ട നദിയിലെ വെള്ളത്തിലേക്ക് ഒഴുക്കി വിട്ടു. കുറെ മാസങ്ങൾ അദ്ദേഹത്തിൻ്റെ പ്രഭാഷണ പരമ്പര നീണ്ടുപോയി. അപ്പോഴെല്ലാം ഓരോ ദിനവും ഓരോ കുട്ടയും വെള്ളത്തിൽ ഒഴുക്കി വിട്ടിരുന്നു. എന്നാൽ, പിന്നീട് ആരോഗ്യപ്രശ്നങ്ങളാൽ അയൽ ദേശങ്ങളിൽ പ്രഭാഷണങ്ങൾക്കു പോകുന്നതു നിർത്തി. കുട്ട നെയ്യുന്നതും നിർത്തി. പക്ഷേ, നദിക്കരയിലെ ധ്യാനത്തിന് മുടക്കം വരുത്തിയില്ല. അടുത്ത ദിവസം, സന്യാസി നടക്കുന്ന വഴിയിൽ ഒരു വൃദ്ധ കരയുന്നതു കണ്ടു. കാര്യം തിരക്കിയപ്പോൾ പറഞ്ഞു -"എനിക്ക് ഈ നദിയിലൂടെ എന്നും രാവിലെ ഒരു കുട്ട വെള്ളത്തിലൂടെ ഒഴുകിവരുമായിരുന്നു. അത് പൂക്കടയിൽ വിൽക്കുമ്പോൾ അര...

(998) കരടി പറഞ്ഞ സത്യം!

  സിൽബാരിപുരം ദേശത്തുള്ള രണ്ടു ചങ്ങാതിമാർ ചന്തയിലേക്കു പോകുകയായിരുന്നു. അങ്ങോട്ടു ദൂരം കൂടുതൽ ഉള്ളതിനാൽ കാട്ടിലൂടെ നടന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ അവിടെ എത്താമെന്ന് അവർ തീരുമാനിച്ചു. പക്ഷേ, വന്യമൃഗങ്ങളുടെ ശല്യം ചിലപ്പോൾ ഉണ്ടാകാറുണ്ട്. അവർ കാട്ടിലൂടെ നടക്കുന്ന സമയത്ത് ഇടതു വശത്ത് നടക്കുന്ന ആൾ ഒരു കരടി വരുന്നതു കണ്ടിട്ട് ചാടി മരത്തിൽ കയറി. പക്ഷേ, അവൻ കൂട്ടുകാരനോടു പറയാതെയാണ് മരത്തിൽ കയറിയത്. അതിനൊരു കാരണമുണ്ടായിരുന്നു. കരടി മരത്തിൽ കയറും. എന്നാൽ താഴെ കൂട്ടുകാരനെ കണ്ടാൽ താൻ രക്ഷപ്പെടുമല്ലോ! എങ്കിലും നിമിഷങ്ങൾക്കുള്ളിൽ രണ്ടാമനും കരടിയെ കണ്ടു. ഉടൻ, അവൻ ചത്തതുപോലെ കിടന്നു. കരടി വന്ന് അവൻ്റെ മൂക്കിൽ മണം പിടിച്ചു നോക്കി! അവൻ ശ്വാസം പിടിച്ചു കിടന്നു. കരടി ചത്തതിനെ തിന്നാത്തതിനാൽ അവൻ രക്ഷപ്പെട്ടു. കരടി അവിടെ നിന്നും പോയി. കൂട്ടുകാരൻ ഈ അത്ഭുതം കണ്ടിട്ട് ചാടിയിറങ്ങി വന്ന് ചോദിച്ചു - "ആ കരടി നിന്നോട് എന്താണു പറഞ്ഞത്?" രണ്ടാമൻ പറഞ്ഞു - "ആപത്തിൽ ചതിക്കുന്നവൻ യഥാർഥ സുഹൃത്തല്ല എന്നാണു പറഞ്ഞത് !" അവർ രണ്ടു പേരും ഓരോ വഴിക്കു പിരിഞ്ഞു പോയി. ആശയം - ചങ്ങാതിമാരെ പോലെ തോന്നിക്കുന്ന സൗഹൃദങ്ങൾ...

(997) അതിഥിയെ തിന്ന സിംഹം!

  സിൽബാരിപുരം കാട്ടിൽ ഒരു സിംഹം രാജാവായി കഴിയുകയാണ്. സിംഹത്തെ വേട്ടയാടാൻ സഹായിക്കുന്ന ചെറിയ ജോലികൾ ചെയ്യുന്നത് കടുവയും കാക്കയും ഒരു കുറുക്കനും ചേർന്നായിരുന്നു. അവർ മടിയന്മാരായിരുന്നു. ചുളുവിൽ സിംഹം മിച്ചം വയ്ക്കുന്ന മാംസമെല്ലാം തിന്ന് സുഖമായി കഴിഞ്ഞു. ഒരിക്കൽ, എവിടെ നിന്നോ ഒരു ഒട്ടകം അലഞ്ഞു തിരിഞ്ഞ് സിംഹത്തിൻ്റെ ഗുഹയുടെ മുന്നിലെത്തി. സിംഹം ചാടി വീഴാൻ ശിങ്കിടികൾ പറഞ്ഞെങ്കിലും സിംഹം പറഞ്ഞു -"മരുഭൂമിയിലെ അവന് ഇവിടം പരിചയമില്ല. എൻ്റെ അതിഥിയായി പരിഗണിച്ച് എൻ്റെ കൂടെ ഗുഹയിൽ കഴിയട്ടെ" മറ്റുള്ള മൂവരും ഒട്ടകത്തിൻ്റെ ഇറച്ചി ഇതുവരെ തിന്നിട്ടില്ലായിരുന്നു. അതുകൊണ്ട് ഒട്ടകത്തിനെ സിംഹം കൊല്ലുന്ന അവസരത്തിനായി അവർ കാത്തിരുന്നു. ഒരു ദിവസം, ആനയുടെ ചവിട്ടേറ്റ് സിംഹത്തിനു പരിക്കേറ്റു. അവരോട് മാംസം കൊണ്ടുവരാൻ പറഞ്ഞെങ്കിലും കുറെ വർഷങ്ങളായി വേട്ടയാടാൻ പോകാത്തതിനാൽ കടുവയും കുറുക്കനും കാക്കയും കാട്ടിലൂടെ കറങ്ങിയിട്ടും ഒന്നും കിട്ടിയില്ല. അന്നേരം, സൂത്രക്കാരനായ കുറുക്കൻ ഒരു പദ്ധതി ആസൂത്രണം ചെയ്തു. അതിൻപ്രകാരം, കടുവ സിംഹത്തോടു പറഞ്ഞു - "രാജാവേ എന്നെ അങ്ങ് തിന്നുകൊള്ളുക" ഉടൻ, കുറുക്കൻ പറഞ്ഞു -...

(996) അതിഥി സൽക്കാരം!

  സിൽബാരിപുരം ദേശത്തെ രാജകൊട്ടാരം. കൊട്ടാരത്തിലെ രാജാവ് കിടക്കുന്ന മെത്തയിൽ ഒരു വെള്ളപ്പേൻ ജീവിച്ചിരുന്നു. അത്യാർത്തി കാട്ടാതെ രാത്രിയിൽ ഓരോ ദിവസവും രാജാവിൻ്റെ രക്തം അല്പം വീതം കുടിച്ച് സുഖമായി ജീവിച്ചു വരികയായിരുന്നു. ഒരു ദിവസം, അങ്ങോട്ട് ഒരു കട്ടിൽമൂട്ട കടന്നു വന്നു. ഉടൻ, പേൻ ദേഷ്യപ്പെട്ടു - "നീ വേഗം ഇവിടെ നിന്നും പോകണം. കാരണം നീ അത്യാർത്തിക്കാരനാണ്. രാജാവിനെ കടിച്ച് പ്രശ്നമാകും" അന്നേരം, മൂട്ട പറഞ്ഞു -"നീ ദയവായി അങ്ങനെ പറയരുത്. ഞാൻ നിൻ്റെ അതിഥിയാണ്. രുചികരമായ ആഹാരം കഴിച്ചു വളരുന്ന രാജാവിൻ്റെ രക്തം രുചിക്കുക എന്നുള്ളത് എൻ്റെ ജീവിതാഭിലാഷമാണ്. ഒരേ ഒരു തവണ മാത്രം. അതു കഴിഞ്ഞ് വേറെ മുറിയിൽ ഞാൻ പൊയ്ക്കോളാം'' ഒടുവിൽ പേൻ സമ്മതിച്ചു. പക്ഷേ, രാജാവ് രാത്രിയിൽ ഉറങ്ങാൻ കിടന്ന ഉടനെ മൂട്ട കൊതിയോടെ രാജാവിനെ ആഞ്ഞു കടിച്ചു! രാജാവ് അലറി എണീറ്റ് ഭൃത്യന്മാരെ വിളിച്ച് മെത്ത അരിച്ചു പെറുക്കി മൂട്ടയെ മാത്രമല്ല, വെള്ളപ്പേനിനെയും ചവിട്ടിയരച്ചു! ഗുണപാഠം - അതിഥികളെ അളന്നു നോക്കിയിട്ടു മാത്രമേ ആതിഥ്യം നൽകാവൂ! Written by Binoy Thomas, Malayalam eBooks - 996- Panchatantra stories - 38, PDF-...

(995) നീലക്കുറുക്കൻ

  സിൽബാരിപുരം കാട്ടിലൂടെ കുറുക്കൻ ഇരതേടി നടന്നിട്ടും യാതൊന്നും കിട്ടിയില്ല. കുറെ ദൂരം അലഞ്ഞപ്പോൾ ചെന്നായ്ക്കളുടെ ആരവം കേട്ടു. കുറുക്കൻ ജീവനും കൊണ്ട് പാഞ്ഞു! ഓട്ടത്തിനിടയിൽ കാടിനോടു ചേർന്ന നാട്ടിൻപുറമായതും അവൻ അറിഞ്ഞില്ല. അവൻ ചാടിയത് ഒരു അലക്കുകാരൻ വച്ചിരുന്ന നീലച്ചായത്തിലേക്കായിരുന്നു! മുങ്ങി നിവർന്നതു കണ്ടപ്പോൾ കുറുക്കൻ സ്വയം ഞെട്ടി! ശരീരം മുഴുവൻ നീലനിറം. അപ്പോഴാണ് മനുഷ്യരുടെ വീട്ടിലാണ് താനെന്ന് ബോധം വന്നത്. ഉടൻ, തിരിഞ്ഞോടി കാട്ടിലെത്തി. അവിടെയുള്ള മൃഗങ്ങൾ പേടിച്ചു വിറച്ചു. ഇത്തരം ഒരു ജീവിയെ മുൻപ് ആരും കണ്ടിട്ടില്ലായിരുന്നു. ഉടൻ, കുറുക്കൻ ഒരു ബുദ്ധി പ്രയോഗിച്ചു - "ഞാൻ ദൈവത്തിൻ്റെ പ്രത്യേക ദൂതനാണ്. എന്നെ എല്ലാവരും രാജപദവിയോടെ ബഹുമാനിക്കുകയും ആഹാരം എൻ്റെ ഗുഹയിൽ എത്തിക്കുകയും വേണം" അന്നു മുതൽ സുഖമായി കുറുക്കൻ ജീവിക്കാൻ തുടങ്ങി. ഒരു ദിവസം കുറുക്കൻ ഉറങ്ങിക്കിടന്നപ്പോൾ ദൂരെ നിന്നും മറ്റൊരു കുറുക്കൻ ഓരിയിട്ടു. പെട്ടെന്ന്, തൻ്റെ പദവി ഓർക്കാതെ ഞെട്ടിയുണർന്ന് നീലക്കുറുക്കനും ഓരിയിട്ടു! അതുകേട്ട് മൃഗങ്ങൾ ഓടിക്കൂടി. "ഇവൻ വേഷം മാറിയ കള്ളക്കുറുക്കനാണ്! അവനെ വെറുതെ വിടരുത്!" മറ്റ...

(994) മുയൽ രാജാവ്!

  സിൽബാരിപുരം കാട്ടിലെ രാജാവായ സിംഹം ക്രൂരനായ ഒരുവനായിരുന്നു. എല്ലാ ദിവസവും ഓരോ മൃഗത്തെ കൊന്നിട്ട് ഒരു നേരം മാത്രം ആ മാംസം കഴിക്കും. പിന്നെ വേറെ മൃഗത്തെ പിടിക്കും. കാട്ടിലെ മൃഗങ്ങളെല്ലാം വല്ലാതെ വിഷമിച്ചു. അവരെല്ലാം ഒത്തുകൂടി ആലോചിച്ചപ്പോൾ ഒടുവിൽ ഒരു തീരുമാനത്തിലെത്തി. ഓരോ മൃഗവും ഓരോ ദിവസവും സിംഹത്തിൻ്റെ മടയിൽ ചെന്ന് ആഹാരമായിത്തീരുക! അങ്ങനെയെങ്കിൽ ഒന്നിലധികം മൃഗങ്ങളുടെ ജീവൻ ഒരു ദിവസം തന്നെ നഷ്ടപ്പെടില്ലല്ലോ. അവരെല്ലാം കൂടി സിംഹത്തിൻ്റെ ഗുഹയുടെ മുന്നിലെത്തി കാര്യം പറഞ്ഞു. സിംഹത്തിന് വലിയ സന്തോഷമായി. കാരണം ഇര തേടി നടക്കേണ്ടതില്ല! മൃഗങ്ങൾ ഓരോ ദിവസവും ഇങ്ങനെ ചെന്നു കൊണ്ടിരുന്നു. ഒടുവിൽ ഒരു മുയലിൻ്റെ ഊഴമായി. അവൻ ചെറുതെങ്കിലും ബുദ്ധിമാനായിരുന്നു. സിംഹത്തിൻ്റെ അടുക്കലേക്കു പോകുമ്പോൾ എങ്ങനെ ഇതിൽ നിന്നും രക്ഷപെടാമെന്നായിരുന്നു അവൻ്റെ ചിന്ത. മുയൽ കുറച്ചു താമസിച്ച് പതിയെ ഗുഹയിലേക്കു നടന്നു. അന്നേരം സിംഹം അലറി - ''മറ്റുള്ള മൃഗങ്ങളെല്ലാം നേരത്തേ ഇവിടെ വരും. പക്ഷേ, നീ എന്താണു വൈകിയത്?" മുയൽ പറഞ്ഞു -"രാജാവേ, ഞാൻ നേരത്തേ ഇങ്ങോട്ടു പോന്നതാണ്. എന്നാൽ ഭൂമിക്കടിയിലെ ഗുഹയിൽ താമസിക്കുന്ന സ...

(993) കാക്കയും പാമ്പും

  സിൽബാരിപുരത്തെ ഒരു നാട്ടിൻപുറത്ത് മരത്തിൽ കൂടുകൂട്ടി താമസിച്ചു വരികയായിരുന്നു കാക്കയുടെ കുടുംബം. എന്നാൽ, എപ്പോൾ കാക്ക മുട്ടയിട്ടാലും മരത്തിൻ്റെ കീഴെ മാളത്തിലെ പാമ്പ് മുട്ട തിന്നുന്നതു പതിവായി. കാക്കകൾക്ക് ഒരു കുഞ്ഞു പോലും അതിനാൽ പിറന്നില്ല. കാക്കയുടെ ബുദ്ധിയിൽ പാമ്പിനോടു പ്രതികാരം ചെയ്യാനുള്ള യാതൊന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ കാക്കകൾ, സമീപത്തു കൂടി നടന്നു പോയ കുറുക്കനോട് കാര്യം അവതരിപ്പിച്ചു. സൂത്രശാലിയായ കുറുക്കൻ ഒരു പോംവഴി നിർദ്ദേശിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ രാജകുമാരിയും തോഴിമാരും നീരാടാനായി അടുത്തുള്ള പുഴയോരത്ത് എത്തിയ നേരത്ത് കാക്ക അവിടെ പതുങ്ങിയിരുന്നു. ഭടന്മാരും സുരക്ഷയ്ക്കായി പുഴയുടെ പരിസരത്ത് കാവലുണ്ടായിരുന്നു. കുമാരിയുടെ രത്നമാല ഊരി വച്ച് വെള്ളത്തിലിറങ്ങിയ നേരത്ത് കാക്ക മാല കൊത്തിയെടുത്തു. എന്നിട്ട് അവരുടെ ശ്രദ്ധ ആകർഷിച്ചു. ഉടൻ, ഭടന്മാർ കയ്യിലെ കുന്തം എറിയാൻ നോക്കി. കാക്ക നേരേ പറന്നത് മരച്ചുവട്ടിലെ പാമ്പിൻ്റെ പൊത്തിലേക്കാണ്. ഭടന്മാർ നോക്കുമ്പോൾ കാക്കയാകട്ടെ മാല പാമ്പിൻ്റെ മാളത്തിൻ്റെ ഉള്ളിലേക്ക് കടത്തി വച്ചിട്ട് പോന്നു. അവർ ഓടി വന്ന് മാളത്തിൻ്റെ കല്ലുകൾ മാറ്റി...

(992) വികൃതിക്കുരങ്ങൻ !

  പണ്ടു കാലത്തു നടന്ന സിൽബാരിപുരം ദേശത്തെ ഒരു കഥ. അക്കാലത്ത് നാടും കാടും ഇടകലർന്ന് ആ ദേശം കാണപ്പെട്ടു. അവിടെ തടി മുറിച്ചു ആശാരിപ്പണികൾക്കായി കൊടുക്കുന്ന ഒരു സ്ഥലമുണ്ട്. നാട്ടിൽ നിന്ന് ദിവസവും ആളുകൾ അതിരാവിലെ മരം വെട്ടാനായി കാട്ടിലേക്ക് പോകും. ഉച്ചയ്ക്കു മുൻപ് പണിശാലയിൽ കൊണ്ടുവന്ന് അറത്തു മുറിക്കാൻ തുടങ്ങുകയും ചെയ്യുകയാണു പതിവ്. എന്നാൽ, തലേ ദിവസം വലിയ ഒരു മരത്തടി കിട്ടിയെങ്കിലും അത് മുഴുവനായി അറത്തു മുറിക്കാനായില്ല. പക്ഷേ, അറത്തത് അനുസരിച്ച് ഒരു തടിക്കഷണം പൂളായി ഇടയിൽ വച്ചിട്ട് അവർ ഊണു കഴിക്കാനായി അടുത്തുള്ള വീട്ടിലേക്ക് പോയി. ആ സമയത്ത് കുറെ കുരങ്ങന്മാർ ആ അറക്കശാലയിലേക്ക് ചാടിക്കയറി. അന്നേരം വൃദ്ധനായ കുരങ്ങൻ താക്കീത് കൊടുത്തു -" ഇത് മനുഷ്യരുടെ പണിശാലയാണ്. നമ്മൾ ഇവിടെ ചാടിക്കളിക്കുന്നത് അപകടമാണ് " പക്ഷേ, ദുർബലനായ ആ കുരങ്ങനെ ആരും കേട്ടതില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വികൃതിക്കുരങ്ങൻ പാതി അറത്ത തടികൾക്കിടയിൽ മരപ്പൂള് വച്ചിരിക്കുന്നത് കണ്ടപ്പോൾ അതിൽ പിടിച്ച് ഇളക്കാൻ തുടങ്ങി. "ടപ്പോ" എന്ന ശബ്ദത്തോടെ പൂള് മാറി ശക്തിയായി രണ്ടു പാളികളും ഒന്നിച്ചു! ഇടയിൽ പെട്ട് അവൻ്റെ കാലൊടിഞ്ഞ...

(991) കൊറ്റിയുടെ സൂത്രം!

  സിൽബാരിപുരം ദേശത്തുള്ള ഒരു കുളം. അവിടെ വലിയൊരു മരത്തിൽ ദൂരെ ദിക്കിൽ നിന്നും ഒരു കൊറ്റി പറന്നു വന്ന് ഇരിപ്പായി. പ്രായമേറിയതിനാൽ കാഴ്ച കുറഞ്ഞു. മാത്രമല്ല, അതിവേഗം മീനെയും ഞണ്ടിനെയും കൊത്തിയെടുക്കാനുള്ള കഴിവും പോയിരിക്കുന്നു. അതിനാൽ ആ കുളത്തിലെ മീനുകളെയും ഞണ്ടുകളെയും കണ്ട് വിഷമിച്ചിരിക്കാനേ കൊറ്റിക്ക് കഴിഞ്ഞുള്ളൂ. അന്നേരം ആ പക്ഷിക്ക് ഒരു സൂത്രം തോന്നി. അത് കുളക്കരയിൽ ചെന്നിരുന്ന് കണ്ണടച്ച് കരഞ്ഞു കൊണ്ടിരുന്നു. അതു കണ്ടിട്ട് ഒരു ഞണ്ട് വിവരം തിരക്കി. കൊറ്റി പറഞ്ഞു: "എന്നോട് കുറുക്കൻ ജ്യോൽസ്യൻ പറഞ്ഞു അടുത്ത അഞ്ചു വർഷം ഇവിടെ മഴ പെയ്യില്ലെന്ന്. അന്നേരം ഈ കുളം വറ്റി വരണ്ടു പോകും. നിങ്ങളെല്ലാം നശിക്കും. ഒരുപാട് മീനുകളെയും ഞണ്ടുകളുമൊക്കെ തിന്നിട്ടുണ്ട്. ആ പാപത്തിന് ശാപമോക്ഷം കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ് " അവരെല്ലാം കുളത്തിലെ ജലപ്പരപ്പിൽ വന്നു. ഇതിനുള്ള പ്രതിവിധി എന്തെന്ന് കൊറ്റിയോടു ചോദിച്ചു. ഒടുവിൽ അവൻ പറഞ്ഞു -"ഒരിക്കലും വറ്റാത്ത ആമ്പൽക്കുളം കിഴക്കു ദിക്കിലെ പാറക്കെട്ടുകൾക്ക് അടിയിൽ ഉണ്ട്. അങ്ങോട്ട് നിങ്ങളെ ഓരോരുത്തരെയായി ഞാൻ കൊണ്ടു പോകാം. അങ്ങനെ എൻ്റെ പാപങ്ങൾക്ക് ഒരു പരിഹാര...

(990) ചെട്ടിയാരുടെ സ്വർണ്ണക്കട്ടി!

  പണ്ടൊരിക്കൽ, സിൽബാരിപുരം ദേശത്ത് ഒരു വ്യാപാരിയായ ചെട്ടിയാർ ജീവിച്ചിരുന്നു. അയാൾ നല്ലവണ്ണം കച്ചവടം നടത്തി മാന്യമായി ജീവിച്ചു പോന്നു. എന്നാൽ, കുറെ കാലം മുന്നോട്ടു പോയപ്പോൾ കച്ചവടമെല്ലാം പൊളിഞ്ഞു. അയാൾ ദാരിദ്ര്യത്തിലായി. എങ്കിലും പ്രാർഥനകളും ഈശ്വരപൂജയും ഒന്നും മുടക്കിയില്ല.  ഒരു ദിവസം ഉറക്കത്തിനിടയിൽ ചെട്ടിയാർ സ്വപ്നം കണ്ടു. ഒരു സന്യാസി അയാൾക്കു പ്രത്യക്ഷപ്പെട്ടിട്ട് ഇങ്ങനെ പറഞ്ഞു -"ദാരിദ്ര്യത്തിനിടയിലും നിൻ്റെ കൃത്യനിഷ്ഠയും ദൈവ വിശ്വാസവും എനിക്കു വളരെ ഇഷ്ടമായിരിക്കുന്നു. നാളെ ഒരു സന്യാസി നിൻ്റെ വീട്ടിൽ വരും. അയാളെ തലയ്ക്കടിച്ചാൽ തുല്യ അളവിലുള്ള സ്വർണ്ണക്കട്ടിയായി മാറും" അടുത്ത ദിവസം, ചെട്ടിയാരുടെ താടിയും മുടിയും വെട്ടിയൊതുക്കാനായി ക്ഷുരകൻ അങ്ങോട്ടു വന്നു. എന്നാൽ, അതിനു പിറകേ സന്യാസിയും കയറി വന്നു. ക്ഷുരകൻ വന്ന കാര്യം ഒന്നും ഓർക്കാതെ കയ്യിലുള്ള ഉലക്കയെടുത്ത് സന്യാസിയുടെ തലയിൽ അടിച്ചു. അയാൾ സ്വർണ്ണ കട്ടിയായി മാറിയ കാഴ്ച കണ്ട് ക്ഷുരകനും അത്ഭുതമായി! സ്വർണക്കട്ടി ചെട്ടിയാർ വീടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചു. ക്ഷുരകന് കുറെ പണം കൊടുത്ത് ഈ വിവരം ആരോടും പറയരുത് എന്നുറപ്പാക്കി. എന്നാൽ, ക...

(989) ആനയെ തിന്ന കുറുക്കൻ!

  സിൽബാരിപുരം രാജ്യമാകെ കൊടുംകാടായി കിടന്ന കാലം. പതിവുപോലെ കുറുക്കൻ ആഹാരം തേടിയിറങ്ങി. അതിൻ്റെ വഴിയിൽ ഒരു ആന ചത്തു കിടക്കുന്നതു കണ്ടു. പക്ഷേ, കുറുക്കൻ പറഞ്ഞു -" ശരിക്കും ഒരു സദ്യയാണിത്. എന്നാൽ ഇതിൻ്റെ കട്ടിയേറിയ തൊലി കടിച്ചു മുറിക്കാൻ എനിക്കു പറ്റില്ലല്ലോ" അവൻ ശങ്കിച്ചു നിന്നപ്പോൾ ഒരു സിംഹം അതുവഴി വന്നു. കുറെ ദൂരം മാറി നിന്നിട്ട് സിംഹത്തോടു പറഞ്ഞു -"ഈ ആനയെ മറ്റാരും തിന്നാതെ ഞാൻ കാവൽ നിൽക്കുകയായിരുന്നു. അങ്ങ് ദയവായി ഇതു കഴിച്ചാലും" ഉടൻ, സിംഹം അലറി - "ഞാൻ മറ്റാരും പിടിച്ച ഇരയെ തിന്നാറില്ല. എനിക്കു വേട്ടയാടി പിടിക്കുന്ന മാംസം മാത്രം മതി '' സിംഹം അതിൻ്റെ വഴിക്കു പോയി. ഉടൻ, അവൻ അടവൊന്നു മാറ്റി. ഒരു പുലി അതുവഴി പോയപ്പോൾ ഈ കാര്യം പറഞ്ഞു -"വരൂ. സുഹൃത്തേ, സിംഹം പിടിച്ച ആനയാണിത്. സിംഹം കുളിക്കാൻ പോയതാണ്. വേണ്ട മാംസം തിന്നോളൂ" പുലി മുരണ്ടു - "സിംഹം കണ്ടാൽ എൻ്റെ കഥ കഴിക്കും" പുലി ഓടിപ്പോയി. പിന്നെ വന്നത് ഒരു കഴുതപ്പുലിയാണ്. സിംഹത്തെ പേടിയാണ് എന്നു പറഞ്ഞപ്പോൾ കുറുക്കൻ പറഞ്ഞു - "സിംഹം വരുമ്പോൾ ഞാൻ അപായ സൂചന തരാം" കഴുതപ്പുലി ആനത്തൊലി കടിച...

(988) പുലിയായ കഴുത!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശത്ത് സാധുവായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾക്ക് ആകെ സമ്പാദ്യമായി ഉണ്ടായിരുന്നത് ഒരു കഴുതയാണ്. രാവിലെ ചന്തയിൽ പോയി കച്ചവടക്കാരുടെ ചാക്കുകൾ കഴുത ചുമന്ന് പലയിടങ്ങളിൽ എത്തിക്കും. അതിനുള്ള കൂലിയും കിട്ടും. ഒരിക്കൽ മറ്റൊരു നാട്ടിൽ നിന്നും തിരികെ കഴുതയുമായി നടന്നത് ദൂരം കുറഞ്ഞ എളുപ്പവഴിയായ കാട്ടിലൂടെയായിരുന്നു. അവിടെ ഒരു പുലി ചത്തുകിടക്കുന്നതു കണ്ടപ്പോൾ അയാൾക്ക് ഒരു സൂത്രം തോന്നി. പുലിയുടെ തോലുരിഞ്ഞ് വീട്ടിലെത്തി അത് വെയിലത്ത് ഉണക്കി. എന്നിട്ട് പുലിത്തോൽ ഭംഗിയായി കഴുതയെ ധരിപ്പിച്ചു. രാത്രിയിൽ ധാന്യങ്ങൾ തിന്നുവാനായി കൃഷിയിടങ്ങളിൽ ഇറക്കിവിട്ടു. കാരണം കൂടുതൽ തീറ്റി തിന്നാൽ നന്നായി കഴുത പണിയുമല്ലോ. ഒന്നാമത്തെ ദിവസം തന്നെ, ഒരാൾ അകലെ നിന്നും ഈ പുലിയെ കണ്ട് ഓടുകയും ചെയ്തു. രാത്രിയിൽ പുലിയിറങ്ങുന്നതിനാൽ ആളുകൾ പേടിച്ച് വീടിനു വെളിയിൽ ഇറങ്ങാതെ സന്ധ്യക്കു മുൻപേ, വീട്ടിൽ കയറുന്നതു പതിവായി. അങ്ങനെ, കഴുത തടിച്ചു കൊഴുത്തു. ഒരു ദിവസം, കഴുത കരിമ്പു തിന്നു കൊണ്ടിരുന്നപ്പോൾ അലഞ്ഞു തിരിഞ്ഞു വന്ന പെൺകഴുതയുടെ ശബ്ദം കേട്ട് പുലിവേഷം കെട്ടിയ കഴുത അമറി - "ബ്രേ...ബ്രേ..." ആ ശബ്ദം...

(987) നിധി തേടിയ സഹോദരങ്ങൾ!

  സിൽബാരിപുരം ദേശത്ത് ഒരു ദരിദ്ര കുടുംബത്തിലെ നാലു സഹോദരങ്ങൾ നാടു വിടാനുള്ള കാര്യത്തേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അങ്ങു ദൂരെ, കിഴക്കു ദിക്കിലെ മലയടിവാരത്തിൽ ദിവ്യന്മാർ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അവർക്ക് നിരവധി മന്ത്രങ്ങളും അത്ഭുത വിദ്യകളും അറിയാമത്രെ! അവർ അങ്ങോട്ടു യാത്രയായി. കുറെ ദിവസങ്ങൾ നടന്നപ്പോൾ ഒരു ഗുഹയിലെ സന്യാസിയുടെ അടുക്കൽ അഭയം തേടി. തങ്ങളുടെ ലക്ഷ്യം അവർ പറഞ്ഞു. ആദ്യമൊന്നും സന്യാസി യാതൊന്നും പറഞ്ഞു കൊടുക്കാതെ ഒഴിവാക്കാൻ നോക്കി. എങ്കിലും ഈ കാടുമുഴുവനും നിധി കിട്ടാനായി അലഞ്ഞുനടക്കുമെന്ന് അവർ പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സലിഞ്ഞു. "ഞാൻ നിങ്ങൾക്ക് നാലു പേർക്കും ഓരോ തിരി തെളിച്ചു തരാം. കാട്ടിലൂടെ നടക്കുമ്പോൾ എപ്പോൾ തിരി കെട്ടുപോയാലും അവിടെ കുഴിച്ചാൽ നിധി കിട്ടും. പക്ഷേ, അത്യാർത്തി പാടില്ല" അവർ നാലാളും തിരിയുമായി നടന്നുനീങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ഒന്നാമൻ്റെ തിരി കെട്ടു. അവിടെ കുഴിച്ചപ്പോൾ പുരാതനമായ കുറെ ചെമ്പു പാത്രങ്ങൾ കിട്ടി. അവൻ പറഞ്ഞു - "ചേട്ടന്മാരെ നമുക്ക് ഇത് കൊട്ടാരത്തിൽ കൊടുത്താൽ നല്ല പണം കിട്ടും. നമുക്ക് പങ്കിടാം. എൻ്റെ കൂടെ പോരൂ" മറ്റുള്ളവർ പറഞ...

(986) അറിവ് നേടിയ സിംഹം!

  സിൽബാരിപുരം ദേശത്തെ ഒരു കർഷക കുടുംബത്തിൽ നാല് ആൺമക്കൾ ഉണ്ടായിരുന്നു. ആദ്യത്തെ മൂന്നു പേരും പലതരം അറിവുകൾ നേടി വീട്ടിൽ തിരികെ എത്തി. ഏറ്റവും ഇളയ മകന് കൃഷി മാത്രമേ അറിയാമായിരുന്നുള്ളൂ. അതിനാൽ മറ്റുള്ളവർ അവനെ ഗൗനിച്ചില്ല. ഒരു ദിവസം കർഷകൻ അന്തരിച്ചു. കുടുംബം പട്ടിണി ആകുമെന്ന് ഓർത്ത് അടുത്ത ദേശത്തേക്കു പോകാൻ മൂന്നു മക്കളും തീരുമാനമായി. കർഷകനായ നാലാമനെ കൂടെ കൂട്ടാൻ അവർ തയ്യാറായില്ല. ഉടൻ, നാലാമൻ പറഞ്ഞു -"ദയവായി എന്നെയും കൂടി കൊണ്ടുപോകൂ. എനിക്ക് പിന്നെ ഇവിടെ സ്വന്തക്കാരായി ആരും ഇല്ലല്ലോ" അവർ നിരസിച്ചു - "ഞങ്ങൾ വിജ്ഞാനം കൊണ്ട് കൊട്ടാരത്തിലെ ജോലികൾ തരപ്പെടുത്താനാണു ശ്രമം. നിന്നെ കൊണ്ടു പോയാൽ അതൊരു ബാധ്യതയാകും" എങ്കിലും തുടർച്ചയായി അപേക്ഷിച്ചപ്പോൾ അവർ സമ്മതം മൂളി. കാട്ടിലൂടെ ഒരുപാടു ദൂരം നടക്കണമായിരുന്നു. പോകുന്ന വഴിയിൽ മുറിവേറ്റ സിംഹം അവശനായി കിടക്കുന്നതു കണ്ടു. ഉടൻ, കുറച്ചു വൈദ്യം വശമുള്ളവൻ പറഞ്ഞു -"സിംഹമായാലും എൻ്റെ മരുന്നുകൾ വഴി അതു രക്ഷപ്പെടട്ടെ" പെട്ടെന്ന്, കർഷകൻ പറഞ്ഞു -"ആവശ്യമില്ലാതെ എന്തിന് അറിവ് പ്രയോഗിക്കുന്നു?" പക്ഷേ, പ്രയോജനമില്ലെന്നു തോന്നിയ...

(985) വിവേകമില്ലാത്ത മീനുകൾ!

  സിൽബാരിപുരം ദേശത്ത് ഒരു കുളത്തിൽ കുറെ തവളകളും മീനുകളും ചങ്ങാതിമാരായി കഴിഞ്ഞിരുന്നു. ഒരിക്കൽ, അതുവഴി രണ്ടു മുക്കുവന്മാർ നടന്നു പോയി. മീനുകളും തവളകളും വെള്ളത്തിൽ കളിക്കുന്നതു കണ്ടപ്പോൾ ഒരാൾ പറഞ്ഞു -"ഈ വെള്ളം കുറച്ചു താഴട്ടെ. എല്ലാ മീനെയും പിടിക്കണം" രണ്ടാമൻ പറഞ്ഞു -"അതുമാത്രമോ? നല്ലയിനം പച്ചത്തവളകളും ഇവിടെയുണ്ട്" അവർ നടന്നുനീങ്ങി. അവർ പറയുന്നതു കേട്ട് തവളക്കുട്ടൻ പറഞ്ഞു- "കൂട്ടുകാരെ, മീനുകൾ ഇവിടെ നിൽക്കുന്നത് അപകടമാണ്. കാരണം, ഇപ്പോൾ കുളത്തിലെ വെള്ളം താഴേക്ക് ഒഴുകുന്നുണ്ട്. കുറെ ദിവസങ്ങൾ കഴിയുമ്പോൾ അതു വറ്റിയാൽ പിന്നെ എങ്ങും പോകാൻ നിങ്ങൾക്കു പറ്റില്ല" അന്നേരം, ഒരു മീൻ പറഞ്ഞു -" തവളകൾക്ക് ചാടി ഓടാമല്ലോ. ഞങ്ങൾ താഴേക്കു പോകുകയാണ് " എന്നാൽ, വലിയ രണ്ടു ചേറുമീനുകൾ പറഞ്ഞു -"ഏതു വലയിലും കുടുങ്ങാതെ രക്ഷപെടാൻ ഞങ്ങൾക്ക് അറിയാം. ഭീരുക്കൾക്കു പോകാം" മീനുകൾ ഒഴുകുന്നതു കണ്ട് തവളകൾ പറഞ്ഞു - "നമ്മുടെ കൂട്ടുകാർക്കൊപ്പം പോകാം" അങ്ങനെ മീനുകളും തവളകളും താഴേക്കു പോയി. വലിയ രണ്ടു മീനുകൾ ശക്തിയിൽ കുളത്തിൽ നീന്തിത്തുടിച്ചു. അടുത്ത ആഴ്ചയിൽ മുക്കുവർ വല വ...

(984) വിശ്വസ്തനായ കീരി!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നാട്ടിൻപുറത്തെ ഒരു വീട്ടിൽ ഭാര്യയും ഭർത്താവും കഴിഞ്ഞു വന്ന സമയം. അവർക്കൊരു ഉണ്ണി പിറന്നു. ഏതാണ്ട്, അതേസമയത്ത് ആ വീട്ടുമുറ്റത്ത് ഒരു കീരിക്കുഞ്ഞും വന്നുചേർന്നു. ആ വീട്ടുകാരുമായി കീരി ചങ്ങാത്തമായി. ക്രമേണ സദാസമയവും വീടിനുള്ളിലായി അതിൻ്റെ ജീവിതം. മാത്രമല്ല, കുഞ്ഞിനൊപ്പം കളിച്ചു തുടങ്ങി. ഒരു ദിവസം, ഗൃഹനാഥൻ ചന്തയിൽ പോയിരിക്കുന്ന സമയം. കുഞ്ഞ് നിലത്തുള്ള പുൽപായയിൽ ഉറങ്ങുകയായിരുന്നു. അന്നേരം, വീട്ടമ്മ പറമ്പിൽ നിന്നും വിറക് എടുക്കാൻ പോയപ്പോൾ കുഞ്ഞിൻ്റെ മുറിയിലേക്ക് ഒരു മൂർഖൻ പാമ്പ് ഇഴഞ്ഞു വന്നു! എന്നാൽ, അതിവേഗം കീരി പാമ്പിനെ കടിച്ചു കുടഞ്ഞു! അങ്ങനെ പാമ്പ് ചത്ത സന്തോഷത്തിൽ കുഞ്ഞിനെ രക്ഷിച്ച വിവരം അമ്മയെ അറിയിക്കാൻ കീരി വരാന്തയിലേക്കു ചെന്ന നേരത്ത് ആ സ്ത്രീ തിരികെ വരുന്നുണ്ടായിരുന്നു. കീരിയുടെ മുഖം മുഴുവനും രക്തം പുരണ്ടതു കണ്ട് അമ്മ നിലവിളിച്ചു - "എൻ്റെ കുഞ്ഞിനെ...നിന്നെ ഞാൻ..." കയ്യിൽ കിട്ടിയ വിറക് വച്ചു കീരിയെ അടിച്ചു കൊന്നു! അതിനു ശേഷം, മുറിയിലേക്ക് ഓടിയ അവർ പാമ്പിനെ കടിച്ചു മുറിച്ചതു കണ്ട് ഞെട്ടിത്തരിച്ചു! വീട്ടമ്മ മാറത്തലച്ച് കീരിയുടെ അടുത്ത് കുത്ത...

(983) ഹൃദയമില്ലാത്ത കഴുത!

  സിൽബാരിപുരം ദേശത്തെ കാട്ടിൽ സിംഹത്തിൻ്റെ ആശ്രിതനായി കഴിയുകയായിരുന്നു കുറുക്കൻ. പല ഇരകളെയും അവൻ ചതിയിൽ പെടുത്തി കാട്ടിക്കൊടുക്കുമ്പോൾ സിംഹം ഒളിച്ചിരുന്ന് അവറ്റകളുടെ മേൽ ചാടി വീഴും. മിച്ചം വരുന്ന മാംസമെല്ലാം കുറുക്കൻ തിന്നുകയും ചെയ്യും. എന്നാൽ, ഒരു ദിവസം അപ്രതീക്ഷിതമായ കൊമ്പനാനയുടെ ചവിട്ടേറ്റ് സിംഹം അവശതയിലായി. പഴയതുപോലെ സിംഹത്തിന് ഇര പിടിക്കാനും പറ്റിയില്ല. ഒടുവിൽ, സിംഹം പറഞ്ഞതു കേട്ട് ഗുഹയിലേക്ക് ഏതെങ്കിലും മൃഗത്തെ കൂട്ടിക്കൊണ്ടു വരാനായി കുറുക്കൻ ശ്രമം തുടങ്ങി. ഒടുവിൽ, നാട്ടിലെ യജമാനനുമായി പിണങ്ങി കാട്ടിലെത്തിയ കഴുതയെ കണ്ടു. അതിനെയുമായി സൂത്രത്തിൽ ഗുഹയിലെത്തി. സിംഹം ചാടി വീണെങ്കിലും കഴുത വഴുതി ഓടിപ്പോയി. വീണ്ടും കുറുക്കൻ കഴുതയുടെ പിറകെ ചെന്നു. കഴുത ദേഷ്യത്തോടെ അമറി - "എടാ കള്ളക്കുറുക്കാ നീ എന്നെ ചതിക്കുകയായിരുന്നു?" കുറുക്കൻ: "അയ്യോ! ഒരിക്കലും അതല്ല. സിംഹത്തിൻ്റെ ആശ്രിതനാണു ഞാൻ. നിന്നെയും കൂടി അവിടെ അംഗമാക്കാനാണു ഞാൻ കൊണ്ടുപോയത്. സിംഹം നിന്നെ ആലിംഗനം ചെയ്യാൻ വന്നപ്പോൾ നീ വല്ലാതെ തെറ്റിദ്ധരിച്ചു. ഞാൻ എത്രയോ വർഷമായി അദ്ദേഹത്തിൻ്റെ ആശ്രിതനായി തുടരുന്നു! എങ്കിൽ, എന്നെ പണ്ട...

(982) തവളയുടെ പ്രതികാരം!

  സിൽബാരിപുരം ദേശത്ത് ഒരു വലിയ കിണറ്റിൽ കുറെ തവളകൾ പാർത്തിരുന്നു. അവരുടെ നേതാവ് ഒരു കാര്യപ്രാപ്തിയും ഇല്ലാത്തവനായിരുന്നു. എന്നാൽ, അവനെ നേതാവാക്കി കഴിഞ്ഞിട്ടായിരുന്നു അവർക്ക് മണ്ടത്തരമെല്ലാം പിടികിട്ടിയത്. ഒരു ദിവസം, നേതാവ് ഉറങ്ങുന്ന സമയത്ത് മറ്റുള്ളവരെല്ലാം യോഗം ചേർന്ന് തീരുമാനിച്ചു - "ഈ കഴിവുകെട്ട നേതാവിനെ ഏതാനും ദിവസത്തിനുള്ളിൽ പതിയെ മാറ്റി പുതിയ ആൾ വന്നേ മതിയാകൂ" എന്നാൽ, തക്കസമയത്ത് നേതാവ് ഉണർന്നതിനാൽ ഇതു കേട്ട് ഞെട്ടി!  "നന്ദിയില്ലാത്ത വർഗ്ഗം. ഇവിടെ നിന്നും കരയ്ക്കു കയറി രക്ഷപ്പെട്ടിട്ട് എല്ലാത്തിനോടും പ്രതികാരം ചെയ്യണം" അടുത്ത ദിവസം, വെള്ളം കോരാനായി ഒരാൾ തൊട്ടി താഴേക്കു വെള്ളത്തിൽ മുക്കിയപ്പോൾ അതിൽ ചാടിക്കയറി കരയിൽ എത്തി അവൻ രക്ഷപ്പെട്ടു. പിന്നെ, തവള നേതാവ് ചേരയുടെ മാളത്തിനു മുന്നിലെത്തി പറഞ്ഞു -"എന്നെ വേണമെങ്കിൽ അങ്ങ് തിന്നുകൊള്ളുക. എന്നാൽ, ഒരുപാടു നാളുകൾ വിശപ്പടക്കാൻ പറ്റിയ ഞങ്ങളുടെ സങ്കേതം ഞാൻ കാട്ടിത്തരാം. എന്നെ പുറത്താക്കിയ ദുഷ്ടന്മാരോട് പ്രതികാരം ചെയ്യണം എന്നുള്ളതാണ് എൻ്റെ ജീവിത ലക്ഷ്യം" പാമ്പ് തവളയുമായി കിണറ്റിലെത്തി. പാമ്പ് തവളകളെ ഓരോ ദിവസവും ...

(981) കുരങ്ങൻ്റെ ഹൃദയം!

സിൽബാരിപുരം രാജ്യത്തിലെ ഒരു തടാകത്തിൽ ഒരു മുതലക്കുടുംബം താമസിച്ചിരുന്നു. തടാകത്തിൻ്റെ കിഴക്കുവശത്തു ചേർന്ന് വലിയൊരു അത്തിമരം നിൽപ്പുണ്ട്. അതിൽ ചാടി മറിഞ്ഞ് ഒരു കുരങ്ങനും ഉണ്ടായിരുന്നു. ഒരു ദിവസം മുതല നീന്തി പോകുന്നതു കണ്ടപ്പോൾ അത്തിപ്പഴം പറിച്ച് കുരങ്ങൻ മുതലയ്ക്ക് ഇട്ടു കൊടുത്തു. അന്നുമുതൽ അവർ ചങ്ങാതികളായി. അതിനിടയിൽ മുതലച്ചിക്കുള്ള അത്തിപ്പഴങ്ങളും കുരങ്ങൻ അത്തിമരം കുലുക്കി കൊടുക്കുമായിരുന്നു. അതെല്ലാം മുതലമടയിൽ ഇരുന്ന് തിന്നുമ്പോൾ മുതലച്ചിക്ക് ഒരാഗ്രഹം ഉദിച്ചു - "കുരങ്ങിൻ്റെ ഇറച്ചി ഞാൻ ഇതുവരെ തിന്നിട്ടില്ല. ഏറെ സ്വാദാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അവനെ സൂത്രത്തിൽ വിളിച്ചു കൊണ്ടുവന്നാൽ അവൻ്റെ ഹൃദയം തിന്നാൻ എനിക്കു കൊതിയായി " ഉടൻ, മുതലച്ചൻ പറഞ്ഞു -"എന്തു പറഞ്ഞാണു ഇവിടെ കൊണ്ടുവരിക?" മുതലച്ചി : "ഞാൻ രോഗിയാണ്. ചങ്ങാതിയായ കുരങ്ങനെ കാണണം എന്നു പറഞ്ഞാൽ മതി" അതിൻപ്രകാരം കുരങ്ങൻ്റെ പക്കൽ മുതല എത്തിച്ചേർന്നു. തടാകത്തിൻ്റെ  തെക്കു വശത്തുള്ള മുതലമടയിലേക്ക് മുതലച്ചൻ്റെ പുറത്തിരുന്ന് കുരങ്ങൻ തടാകത്തിലൂടെ യാത്ര തുടങ്ങി. തടാകത്തിൻ്റെ നടുവിലായ സമയത്ത് മുതലച്ചൻ പറഞ്ഞു -...

(980) നാഗമാണിക്യം!

  സിൽബാരിപുരം ദേശത്ത് ഒരു കർഷകനുണ്ടായിരുന്നു. അയാൾ കഠിനാധ്വാനിയായിരുന്നു. എങ്കിലും തീരെ തുച്ഛമായ കൂലി മാത്രമാണു ലഭിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം കാട്ടുപ്രദേശത്തു കൂടി അയാൾ പണി കഴിഞ്ഞ് പോന്നപ്പോൾ ക്ഷീണം തോന്നി അവിടെ കണ്ട ഒരു മരത്തണലിൽ കിടന്നു വിശ്രമിച്ചു. ക്രമേണ ഉറങ്ങിപ്പോയി. പിന്നീട്, ഒരു ചീറ്റൽ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്. തൊട്ടു മുന്നിൽ ഒരു വിഷസർപ്പം പത്തി വിടർത്തി നിൽക്കുകയാണ്. അയാൾ പേടിച്ചു മരവിച്ചു! എന്നാൽ സർപ്പം ഒന്നും ചെയ്യാതെ പകരമായി ഒരു നാഗമാണിക്യം വായിൽ നിന്നും അയാളുടെ മുന്നിലേക്കിട്ടു! അയാൾ ഈ കാര്യം സ്വന്തം വീട്ടിൽ പോലും പറഞ്ഞില്ല. പകരം, നാഗരാജാവിനെ പ്രീതിപ്പെടുത്താനായി പാലുമായി പോകാനായി അയാൾ ഒരുങ്ങി. പക്ഷേ, അയാളുടെ ലക്ഷ്യം വീണ്ടും നാഗമാണിക്യം കിട്ടുക എന്നതായിരുന്നു. അയാൾ പാമ്പിനു പാൽ ഓരോ ദിവസവും പാത്രത്തിൽ നിറയെ കൊടുക്കും. കുടിച്ചു കഴിഞ്ഞ് പാമ്പ് ഒരു മാണിക്യം പുറത്തിടുകയും ചെയ്യും. ക്രമേണ അയാൾ രഹസ്യമായി നാഗമാണിക്യങ്ങൾ അയൽദേശമായ കോസലപുരത്തു വിറ്റ് സമ്പന്നനായി തീർന്നു. ഒരു ദിവസം അയാൾക്ക് അത്യാവശ്യ കാര്യത്തിന് ദൂരെ പോകണമായിരുന്നു. പക്ഷേ, ഒരു ദിവസം താൻ പാൽ മുടക്കിയാ...

(979) പകൽ കിനാവ്!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു യാചകൻ ഉണ്ടായിരുന്നു. അവിടെ അനേകം ധാന്യങ്ങൾ കിട്ടുന്ന വയലുകൾ ഉണ്ടായിരുന്നു. അയാൾ വളരെ വേഗത്തിൽ ഓടി നടന്ന് ദാനമായി കിട്ടിയ ധാന്യമെല്ലാം അയാൾ കിടന്നുറങ്ങുന്ന പഴയ വീട്ടിൽ സൂക്ഷിച്ചു. ആ വീട് ആരോ ഉപേക്ഷിച്ചു പോയതിനാൽ ജനവാസമില്ലാത്ത ഒന്നായിരുന്നു. ഉപയോഗത്തിനു ശേഷമുള്ളത് വലിയ കലത്തിൽ ശേഖരിച്ചു വയ്ക്കും. ഒരു ദിവസം അയാൾക്ക് ഒരു ഉപായം തോന്നി. ഇതെല്ലാം ചന്തയിൽ കൊടുത്ത് നല്ല വില വാങ്ങണം. അങ്ങനെ വിചാരിച്ച് വലിയ കലത്തിൽ തലച്ചുമടായി നടക്കാൻ തുടങ്ങി. അതിനിടയിൽ, പകൽക്കിനാവ് കാണാൻ തുടങ്ങി. ഈ ധാന്യം കൊടുത്തിട്ട് ചെറിയ ആട്ടിൻകുട്ടിയെ വാങ്ങണം. അതു വലുതാകുമ്പോൾ അതിന് കുട്ടികൾ ഉണ്ടാവും അതിനെയല്ലാം വിറ്റിട്ട് ഒരു പശുക്കുട്ടിയെ മേടിക്കണം. അതും പ്രസവിച്ചു കഴിയുമ്പോൾ അതിൻ്റെ കുട്ടികളെ വലുതാക്കി വിറ്റിട്ട് ഒരു പെൺകുതിരയെ മേടിക്കണം. അതിനും കുട്ടികൾ ഉണ്ടാകുമ്പോൾ വളർത്തി വലുതാക്കി വിറ്റിട്ട് ഒരു വീട് സ്വന്തമായി വാങ്ങണം. പിന്നീട്, സുന്ദരിയായ യുവതിയെ കല്യാണം കഴിക്കണം. ഞങ്ങൾക്ക് ഒരു ഉണ്ണി പിറക്കും! ഇങ്ങനെ ചിന്തിച്ചു കൊണ്ട് അയാൾ ഒരു തോട് മുറിച്ചു കടക്കുകയായിരുന്നു. അരയ്ക്കു മുകളി...

(978) സ്വന്തം തീരുമാനമില്ലാത്തവൻ!

  സിൽബാരിപുരം ദേശത്ത് ഒരു നെയ്ത്തുകാരനുണ്ടായിരുന്നു. അയാളും കുടുംബവും സാമാന്യം സുഖമായി ജീവിച്ചു വരികയായിരുന്നു. ഒരു ദിവസം, നെയ്ത്തിനുള്ള പരുത്തി ശേഖരിക്കാനായി കാട്ടിലൂടെ നടക്കുകയാണ്. അന്നേരം, അയാളുടെ കഠിനാധ്വാനത്തിൽ മനസ്സലിഞ്ഞ് വനദേവത അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. "നിനക്ക് ഇഷ്ടമുള്ള വരം നൽകാൻ ഞാൻ ഒരുക്കമാണ്. ചോദിച്ചുകൊള്ളുക" അയാൾ പറഞ്ഞു -"എനിക്ക് സ്വന്തമായി പെട്ടെന്ന് തീരുമാനിക്കാൻ പറ്റുന്നില്ല. അതിനാൽ, എൻ്റെ ഭാര്യയോടും ചങ്ങാതിയോടും ചോദിച്ചിട്ടു നാളെ ഇവിടെ വരാം" അയാൾ വേഗത്തിൽ തിരികെ നടന്ന് സുഹൃത്തിൻ്റെ പക്കലെത്തി കാര്യങ്ങൾ വിശദീകരിച്ചു. അന്നേരം ചങ്ങാതി പറഞ്ഞു -" ഈ രാജ്യത്തിൻ്റെ രാജാവാകണം എന്നു പറയണം. അന്നേരം എനിക്കു പിന്നെ മന്ത്രിയുമാകാം" എന്നാൽ, നെയ്ത്തുകാരൻ പറഞ്ഞു -"എനിക്ക് ഭാര്യയോടും ഒന്നു ചോദിക്കണം" പക്ഷേ, ചങ്ങാതി നീരസപ്പെട്ടു - "പെൺ ബുദ്ധി പിൻബുദ്ധിയാണ് " എങ്കിലും അയാൾ തീരുമാനം മാറ്റാതെ ഭാര്യയോടു ചോദിച്ചപ്പോൾ അവളുടെ മറുപടി മറ്റൊരു വിധത്തിലായിരുന്നു. "ഒരു തലയും രണ്ടു കയ്യും ഉള്ളപ്പോൾത്തന്നെ നമുക്ക് സുഖമായി ജീവിക്കാൻ പറ്റുന്നു...

(977) കൊതിയൻ കുറുക്കൻ്റെ അന്ത്യം!

  സിൽബാരിപുരം കാട്ടിലൂടെ രണ്ടു കൂറ്റൻ മുട്ടനാടുകൾ മേഞ്ഞു നടക്കുകയായിരുന്നു. അവർ കുറെ വർഷങ്ങളായി ചങ്ങാതിമാരാണ്. ഒരു ദിവസം, അവർ പുല്ലു തിന്നുകൊണ്ടിരിക്കുമ്പോൾ അവിചാരിതമായി ഒരു കുറുക്കൻ മരത്തിനു മറവിൽ നിന്നുകൊണ്ട് പിറുപിറുത്തു - "ഹൊ! ഇവന്മാരുടെ ചോരയ്ക്കും മാംസത്തിനും എന്തു രുചിയായിരിക്കും! പക്ഷേ, അവരോട് എതിർക്കാനുള്ള ശക്തി തനിക്കില്ലല്ലോ" അങ്ങനെ കുറച്ചു നേരം ആലോചിച്ചപ്പോൾ അവന് ഒരു സൂത്രം തോന്നി. നേരെ അവരുടെ സമീപത്ത് ചെന്നു പറഞ്ഞു -"എന്തൊരു അത്ഭുതമായിരിക്കുന്നു. ഇത്രയും കാണാൻ ചന്തമുള്ള ആടുകളെ ഞാൻ ഈ കാട്ടിൽ കണ്ടിട്ടില്ല" പക്ഷേ, കുറുക്കൻ്റെ സാമീപ്യം അവർക്ക് ഇഷ്ടമായില്ല. ഒരുവൻ പറഞ്ഞു -"എടാ, കള്ളക്കുറുക്കാ നിൻ്റെ വാചകമൊന്നും ഞങ്ങളുടെ അടുത്തു വേണ്ടാ. വേഗം സ്ഥലം വിട്ടോളൂ" ആ മുഖസ്തുതിയിൽ ആടുകൾ മയങ്ങിയില്ലെന്നു കണ്ടപ്പോൾ കുറുക്കൻ അടവൊന്നു മാറ്റി പയറ്റി. "ഞാൻ പോയേക്കാം. പക്ഷേ, നിങ്ങളുടെ സൗന്ദര്യം ഒരുപോലെ ആണെങ്കിലും ശക്തിക്ക് വളരെ വ്യത്യാസമുണ്ട്. നിങ്ങളിൽ ആരാണു ശക്തൻ എന്നു നിങ്ങൾക്കു ബോധമുണ്ടോ?" ഉടൻ, ഒന്നാമത്തെ ആട് പറഞ്ഞു- "സംശയിക്കാനില്ല. അത് ഞാനാണ് ...

(976) പ്രഭുവിൻ്റെ മകൾ!

  പണ്ടു പണ്ട്, സിൽബാരിപുരം രാജ്യത്ത് ഒരു പ്രഭു ജീവിച്ചിരുന്നു. അയാൾക്ക് സുന്ദരിയായ മകൾ ഉണ്ടായിരുന്നു. ഒരിക്കൽ, പ്രഭുവിൻ്റെ മകളെ ഒരു രാക്ഷസൻ കണ്ടു. പിന്നീട്, കുമാരിയെ തട്ടിക്കൊണ്ടു പോകണമെന്ന് രാക്ഷസൻ ഉറപ്പിച്ച് അതിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. പക്ഷേ, പകൽ സമയത്ത് രാക്ഷസൻ്റെ രൂപം കണ്ട് എല്ലാവരും പേടിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു. അപ്പോഴാണ് അവിടത്തെ കുതിരലായത്തിലെ ഒരു കുതിരയായി രാക്ഷസൻ വേഷം മാറിയത്. അന്നു രാത്രിയിൽ, കുതിരലായത്തിൽ ഒരു കള്ളനെത്തിയത് രാക്ഷസൻ കണ്ടില്ല. എന്നാൽ, ലക്ഷണമൊത്ത കുതിരയെ മോഷ്ടിക്കാനായിരുന്നു കള്ളൻ ആലോചിച്ചത്. അവൻ അതിനായി രാക്ഷസക്കുതിരയുടെ മുന്നിലെത്തി! പ്രഭുവിനെ ഇതുവരെയും കണ്ടിട്ടില്ലാത്ത രാക്ഷസൻ കരുതിയത് അത് പ്രഭുവാണെന്നാണ്. അതിനാൽ, ആ കുതിര അനങ്ങാതെ നിന്നു. ഉടൻ, കള്ളൻ ആ കുതിരയെ വെളിയിലേക്കു നടത്തിയ ശേഷം കുതിരപ്പുറത്ത് ചാടിക്കയറി! അന്നേരം, രാക്ഷസൻ പിറുപിറുത്തു - "എൻ്റെ മിന്നൽവേഗം ഈ പ്രഭു അറിയുമ്പോൾ മകളെ എനിക്കുതന്നെ വിവാഹം ചെയ്തു തരും! അതിനായി ഈ ലോകം മുഴുവനും ഒന്നു ചുറ്റിവരാം!" രാക്ഷസക്കുതിരയ്ക്ക് അപാരമായ വേഗമായിരുന്നു. അതു കണ്ടപ്പോൾ കള്ളന് എന്തോ...

(975) കുരുവിയുടെ പ്രതികാരം!

  സിൽബാരിപുരം വനത്തിൽ മനോഹരമായ പൂക്കൾ ഉള്ള ഒരു മരത്തിലായിരുന്നു കുരുവിയുടെ കുടുംബം കഴിഞ്ഞത്. ആ മരത്തിനു സമീപമായി ഒരു മരംകൊത്തിയും ഈച്ചകളും പിന്നെ ഒരു തവളയും ഉണ്ടായിരുന്നു. അവരെല്ലാം നല്ല ചങ്ങാതിമാരായിരുന്നു. ഒരിക്കൽ, കുരുവികൾക്ക് കൂട്ടിൽ മുട്ടകളായി. വിരിയുന്നതും കാത്ത് അവർ ഇരിക്കുന്ന സമയം. ഒരു ദിവസം കൊമ്പനാന ആ മരത്തിനു കീഴെ വന്നു. ആനയുടെ ചൊറിച്ചിൽ മാറ്റാനായി അവൻ കുരുവിക്കൂടുള്ള മരത്തിൽ ഉരയ്ക്കാൻ തുടങ്ങി. അന്നേരം മുട്ടകൾ താഴെ വീണ് പൊട്ടുമെന്ന് പേടിച്ച് കുരുവികൾ പറഞ്ഞു -"ഞങ്ങളുടെ കൂട്ടിൽ മുട്ടകൾ വിരിയാറായി. വേറെ മരത്തിൽ പോയി ദേഹം ചൊറിയാമല്ലോ" അതുകേട്ട് ആനയ്ക്ക് ദേഷ്യം ഇരച്ചുകയറി. അവൻ മരത്തിൽ ശക്തിയായി കൊമ്പു കൊണ്ട് കുത്തിയപ്പോൾ മുട്ടകളെല്ലാം താഴെ വീണു നശിച്ചു! കുരുവികൾ വേദനയോടെ അതു കണ്ടു നിന്നു. കാട്ടാനയുടെ ദുഷ്ട പ്രവൃത്തിയേക്കുറിച്ച് കൂട്ടുകാരായ ഈച്ചകളോടും മരംകൊത്തിയോടും തവളയോടും ചർച്ച ചെയ്തു. ഒടുവിൽ അവർ ഒരു പദ്ധതി രൂപീകരിച്ചു. ആന ഉറങ്ങുന്ന സമയത്ത് മരംകൊത്തി കണ്ണുകൾ രണ്ടും കൊക്കു കൊണ്ട് ആഞ്ഞു കൊത്തി. ആനയുടെ മുറിഞ്ഞ കണ്ണുകളിൽ ഈച്ചകൾ മുട്ടയിട്ടപ്പോൾ കണ്ണുകൾ വൃണമായി മാറി. തുടർന്ന...