(870) മലർപ്പൊടിക്കാരന്റെ സ്വപ്നം
ഇത്തവണ, മികച്ച മലയാളം ശൈലീകഥകൾക്ക് ഉദാഹരണമായി ഒരു കഥയാവട്ടെ. മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന ശൈലി നിത്യ സംസാരത്തിൽ കൊണ്ടുവരുന്ന ഒന്നാണ്. തുളു ബ്രാഹ്മണരുടെ ഇടയിലാണ് ആദ്യമായി പ്രചരിച്ചത് എന്നു കരുതപ്പെടുന്നു. തുളു ദേശം എന്നറിയപ്പെടുന്നത് കർണ്ണാടകത്തിലെ ഉഡുപ്പിയാണ്. ആ ദേശത്ത്, ജീവിച്ചിരുന്ന ഒരു ബ്രാഹ്മണൻ ശ്രാദ്ധത്തിനു പോയപ്പോൾ ഒരു വലിയ കലം നിറയെ മലർപ്പൊടി കിട്ടി. അയാൾ അതുമായി തലയിൽ ചുമന്നുകൊണ്ട് വരികയായിരുന്നു. ചന്തയിൽ കൊണ്ടുപോയി മലർപ്പൊടി വിൽക്കാനായിരുന്നു അയാളുടെ ലക്ഷ്യം. പക്ഷേ, ചന്തയിലേക്കുള്ള ചെറിയ വഴിയിലൂടെ നടക്കുമ്പോൾ നടക്കാനുള്ള എളുപ്പത്തിനും മൃഗശല്യങ്ങൾ ഒഴിവാക്കാനും വേണ്ടി നല്ലൊരു വടി നിലത്തു കിടന്നത് അയാൾ കയ്യിൽ കരുതുകയും ചെയ്തു. പൊതുവേ, ദാരിദ്ര്യമായിരുന്ന അയാളുടെ ജീവിതത്തിൽ അനേകം സ്വപ്നങ്ങളുണ്ടായിരുന്നു. അങ്ങനെ, നടക്കുന്ന വേളയിൽ അയാൾ ദിവാസ്വപ്നത്തിലേക്കു കയറി പിറുപിറുത്തു- "ഞാൻ ഈ മലർപ്പൊടി ചന്തയിൽ കൊണ്ടുപോയി നല്ല വിലയ്ക്കു വിൽക്കും. എന്നിട്ട്, ഒരു ആടിനെ വാങ്ങും. അതിനെ വളർത്തി വലുതാക്കിയ ശേഷം ചന്തയിൽ വിറ്റ് ഒരു കറവയുള്ള പശുവിനെ വാങ്ങും. അതിന്റെ പാലും ചാണകവും വിറ്റ് കാശു സമ...